uukma
യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കലാമേള ഒക്ടോബർ 26 ശനിയാഴ്ച ക്രോയ്ഡോണിൽ വച്ചു നടക്കും. ക്രോയ്ഡോണ് സമീപം സട്ടനിലെ വാലിങ്ടൺ ഗേൾസ് ഹൈ സ്കൂൾ ആണ് കലാമേളയുടെ വേദിയായി റീജിയണൽ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബർ രണ്ടാം തിയതി നടക്കുന്ന നാഷണൽ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണൽ മേള യുക്മയുടെ ഏറ്റവും വലിയ റീജിയണൽ കലാമേളയായിരിക്കും. യുക്മയുടെ ജനകീയ സ്വീകാര്യതയെ ഊട്ടി ഉറപ്പിക്കുന്നതിനും വിവിധ അംഗ സംഘടനകളിലെ അംഗങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനും അംഗങ്ങളുടെ കാലാഭിരുചികൾ വളർത്തിയെടുക്കുന്നതിനും പ്രധാനവേദിയായിരുന്നത് യുക്മ കലാമേളവേദികളാണ്. ഇത്തരത്തിൽ പ്രശസ്തിയാർജ്ജിച്ച യുക്മ കാലമേളകളുടെ ശ്രേണിയിലെ പത്താമത് കലാമേളയാണ് ഈ വർഷം ക്രോയ്ഡോണിൽ അരങ്ങേറുന്നത്. യുക്മയുടെ റീജിയണൽ കലാമേളകൾക്ക് തുടക്കമിട്ട യുക്മയുടെ പ്രഥമ റീജിയൻ ആയ സൗത്ത് ഈസ്റ്റ് റീജിയന്റെ ഏറ്റവും തിളക്കമാർന്ന പരിപാടിയായിരിക്കും റീജിയണൽ കലാമേള. കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. മത്സര വിഭാഗങ്ങളും, മത്സര ഇനങ്ങളും നാഷണൽ കമ്മറ്റിയുടെ അറിയിപ്പിൻ പ്രകാരം നടത്തുമെന്ന് റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും കലാമേളയിൽ താല്പര്യപൂർവം പങ്കെടുക്കണമെന്നും പരമാവധി മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കലാമേള വിജയപ്രദമാക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. അസോസിയേഷനിൽ നിന്നുള്ള മത്സരാർത്ഥികളുടെ പേര് വിവരങ്ങൾ, മത്സര ഇനം, പ്രായം എന്നിവ അസോസിയേഷൻ ഭാരവാഹികൾ മുഖേന റീജിയണൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്. കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് റീജിയണൽ ഭാരവാഹികളായ ജോമോൻ ചെറിയാൻ (പ്രസിഡന്റ് - 07588429567), ജിജോ അരയത്ത് (സെക്രട്ടറി - 07403158044), ജോഷി ആനിത്തോട്ടത്തിൽ (ട്രഷറർ - 07944067570 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. കലാമേള നടക്കുന്ന വേദിയുടെ വിലാസം. Wallington High School for Girls Woodcote Rd Wallington SM6 0PH
ന്യൂസ് ഡെസ്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌ യുകെയിലെ മലയാളി അസോസിയേഷനുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മയുടെ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള ഇലക്ഷൻ നാളെ നടക്കും. പ്രവാസി മലയാളികളുടെ ഇടയിൽ കലാ സംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന യുക്മ, രൂപീകരണത്തിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സംഘടനയുടെ നാഷണൽ കമ്മിറ്റിയിലെ എട്ട് സ്ഥാനങ്ങൾക്കായി 16 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. നിലവിലെ യുക്മ ജനറൽ സെക്രട്ടറിയായ റോജിമോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പാനലും ഡോർസെറ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായ മനോജ് പിള്ളയുടെ നേതൃത്വത്തിലുള്ള പാനലും എല്ലാ സ്ഥാനങ്ങളിലേയ്ക്കും സ്ഥാനാർത്ഥികളുമായി ശക്തമായ മത്സരത്തിന് തയ്യാറെടുത്തു കഴിഞ്ഞു. ശനിയാഴ്ച ബിർമ്മിങ്ങാമിലെ സെന്റ് എഡ്മണ്ട് കാമ്പ്യൻ കാത്തലിക് സ്കൂളിൽ വച്ച് നടക്കുന്ന യുക്മ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ നാഷണൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. യുക്മയിൽ അംഗത്വമുള്ള യുകെയിലെമ്പാടുമുള്ള നൂറിലേറെ അസോസിയേഷനുകളിൽ നിന്നുള്ള മുന്നൂറിലേറെ പ്രതിനിധികൾ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള സാരഥികളെ തെരഞ്ഞെടുക്കും. മനോജ് പിള്ള നേതൃത്വം നല്കുന്ന പാനലിൽ അലക്സ് വർഗീസ്, എബി സെബാസ്റ്റ്യൻ, സാജൻ സത്യൻ, ജയകുമാർ നായർ, ലിറ്റി ജിജോ, സെലിനാ സജീവ്, ടിറ്റോ തോമസ് എന്നിവരാണ് മത്സരിക്കുന്നത്.  റോജിമോൻ വറുഗീസ് നയിക്കുന്ന പാനലിൽ ലോറൻസ് പെല്ലിശ്ശേരി, ഡോ. ശീതൾ ജോർജ്, ഓസ്റ്റിൻ അഗസ്റ്റിൻ, കിരൺ സോളമൻ, രശ്മി മനോജ്, അനീഷ് ജോൺ, അജിത് വെൺമണി എന്നിവരാണ് മത്സര രംഗത്തുള്ളത്. 1. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1. റോജിമോൻ വറുഗീസ് യുക്മയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് കഴിഞ്ഞ രണ്ടു വർഷക്കാലം റോജിമോൻ വറുഗീസ് നടത്തിയത്. യുകെയിലെ മലയാളികളെ കോർത്തിണക്കിക്കൊണ്ട് യുക്മ നടത്തിയ വിവിധ ഇവന്റുകളെ വിജയത്തിൽ റോജിമോന്റെ സംഘടനാ പാടവവും അക്ഷീണ പരിശ്രമവും നിർണ്ണായക പങ്ക്  വഹിച്ചു. ഏറ്റെടുക്കുന്ന കർത്തവ്യങ്ങൾ പരിപൂർണ്ണതയിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് റോജിമോൻ കാഴ്ചവച്ചത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലും റോജിമോൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹോർഷാം റിഥം മലയാളി അസോസിയേഷൻ അംഗമാണ്. നഴ്സിംഗ് പ്രഫഷനിലെ തന്റെ പരിചയസമ്പത്തും സാമൂഹിക സേവന മനോഭാവവും സംഘടനാ പ്രവർത്തന രംഗത്ത് ലക്ഷ്യബോധത്തോടെ മുന്നേറാൻ റോജിമോന് പ്രചോദനമാണ്. നിമിഷാ റോജിയാണ് ഭാര്യ. രണ്ടു മക്കൾ ആഷ് വിൻ, ആർച്ചി. 2.മനോജ് പിള്ള സംഘടനാ പ്രവർത്തന രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്തുമായാണ് മനോജ് പിള്ള യുക്മയുടെ നാഷണൽ കമ്മിറ്റിയിലേക്ക് തന്റെ പാനലിനെ നയിക്കുന്നത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ ആദ്യ സെക്രട്ടറിയായിരുന്നു മനോജ്. ഇപ്പോൾ യുക്മ സാംസ്കാരിക വേദിയുടെ കൺവീനറാണ്. നിലവിൽ ഡോർസെറ്റ് കേരള  കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സ്ഥാനവും മനോജ് പിള്ള വഹിക്കുന്നുണ്ട്. സാമൂഹിക കലാ സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും വിവിധ കമ്യൂണിറ്റികളെ കോർത്തിണക്കിക്കൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾക്ക് മനോജ് പിള്ള നേതൃത്വം നല്കിയിട്ടുണ്ട്.  ഭാര്യ ജലജ മനോജ്. മക്കൾ ജോഷിക, ആഷിക, ധനുഷ്. 2.വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.എബി സെബാസ്റ്റ്യൻ യുകെ മലയാളികൾക്കിടയിൽ  ചിരപരിചിതനായ എബി സെബാസ്റ്റ്യൻ ഡാർട്ട് ഫോർഡ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന എബി സെബാസ്റ്റ്യൻ കുറവിലങ്ങാട് ദേവമാതാ കോളജിലും  മഹാരാജാസ്  ലോ കോളജിലും യൂണിയൻ മെമ്പറായിരുന്നു.  എം.ജി യൂണിവേഴ്സിറ്റിയുടെ  സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ എബി സെബാസ്റ്റ്യൻ  യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ യുക്മ ബോട്ട് റേസ് ഓൾഗനൈസിംഗ് കമ്മിറ്റിയുടെ ജനറൽ കൺവീനറായിരുന്നു. യുകെയിലെ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ എന്നും സജീവ സാന്നിദ്ധ്യമാണ് എബി സെബാസ്റ്റ്യൻ. ഭാര്യ റിനറ്റ് എബി. 2.ലോറൻസ് പെല്ലിശ്ശേരി ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ മികച്ച സംഘാടകനാണ് ലോറൻസ് പെല്ലിശേരി. നിലവിൽ ജി.എം.എയുടെ ചാരിറ്റി കോർഡിനേറ്റർ ആണ്. സംഘടനയിൽ വിവിധ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.  കേരള ഫ്ളഡ് റിലീഫുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ശേഖരണത്തിൽ വളരെ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വീടുകളുടെ നിർമ്മാണം ഈ ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ പൂർത്തിയായി വരുന്നു. കേരളത്തിലെ ഡിസ്ട്രിക്ട് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ചാരിറ്റി, ഓർഗൻ ഡൊണേഷൻ എന്നിവയും ലോറൻസ് പെല്ലിശ്ശേരിയുടെ പ്രവർത്തന മേഖലകളാണ്. ബിൽജി പെല്ലിശേരിയാണ് ഭാര്യ. മക്കൾ പോൾ, മാത്യു 3.വൈസ് പ്രസിഡന്റ് (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.ഡോ. ശീതൾ ജോർജ് അർപ്പണ മനോഭാവത്തോടെ കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റാണ്. യുക്മയുടെ കഴിഞ്ഞ നാഷണൽ കലാമേളയിൽ മിന്നിത്തിളങ്ങിയ കലാകാരന്മാരെയും കലാകാരികളെയും സ്റ്റേജിലെത്തിക്കാൻ പിന്നണിയിൽ അക്ഷീണം പരിശ്രമിച്ച ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ അസോസിയേഷനെ കലാമേളയുടെ നാഷണൽ ചാമ്പ്യൻ പദവിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണം നടത്തുന്ന ജ്വാലയുടെ പ്രവർത്തനങ്ങളിലും കേരള ഫ്ളഡ് റിലീഫിനു വേണ്ടി ചാരിറ്റി ഇവന്റുകൾ സംഘടിപ്പിക്കുന്നതിലും ഡോ. ശീതൾ സജീവമായിരുന്നു.  അസോസിയേഷനെ ആക്ടീവായി നിലനിർത്തുന്നതിൽ ഡോ. ശീതൾ പ്രധാന പങ്കുവഹിക്കുന്നു. യുവതലമുറയ്ക്ക് ആത്മവിശ്വാസം പകരുന്നതും കഴിവുകൾ വളർത്തിയെടുക്കുവാൻ സഹായകരവുമായ നിരവധി കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് ഡോ. ശീതൾ നേതൃത്വം നല്കുന്നുണ്ട്.  ലണ്ടൻ ഇൻവെസ്റ്റ്മെൻറ് കൺസൾട്ടൻസിയുടെ ഡയറക്ടറായും നിലവിൽ പ്രവർത്തിക്കുന്നു.  ജിബി ജോർജാണ് ഭർത്താവ്. മക്കൾ ദിയാ, ആദിത്ത്. 2.ലിറ്റി ജിജോ ബിർമ്മിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകയാണ് ലിറ്റി ജിജോ. കുട്ടികളെ വിവിധ ഇവന്റുകൾക്കായി ഒരുക്കുന്നതിനായി എന്നും അത്യദ്ധ്വാനം ചെയ്യുന്ന വ്യക്തിയാണ് ലിറ്റി. കലാ സംസ്കാരിക രംഗത്തോടൊപ്പം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. നിരവധി സ്റ്റേജുകളിലും ഇവന്റുകളിലും വിവിധ ഡാൻസ് ഇനങ്ങളിൽ ടീമിനെ നയിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പുതു തലമുറയുടെ കഴിവുകൾ വളർത്തിയെടുക്കാൻ എന്നും  മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ് ലിറ്റി ജിജോ. ജിജോ ഉതുപ്പാണ് ഭർത്താവ്. മക്കൾ സേറ, റെബേക്ക. 4.ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.അലക്സ് വർഗീസ് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രസിഡന്റാണ് അലക്സ് വർഗീസ്. യുക്മയുടെ ട്രഷററാണ് നിലവിൽ. യുക്മയുടെ ജോയിന്റ് സെക്രട്ടറി, ജോയിൻറ് ട്രഷറർ, പി ആർഒ പദവികളും വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്ത് അലക്സ് വർഗീസിനുണ്ട്. യുക്മ നടത്തിയ എല്ലാ ഇവന്റുകളുടെയും വിജയത്തിനായി അലക്സ് വർഗീസ് അക്ഷീണം പ്രവർത്തിച്ചിരുന്നു. ഭാര്യ ബെറ്റിമോൾ അലക്സ്. മക്കൾ അനേഘ, അഭിഷേക്, ഏഡ്രിയേൽ. 2.ഓസ്റ്റിൻ അഗസ്റ്റിൻ ബെഡ് ഫോർഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായ ഓസ്റ്റിൻ അഗസ്റ്റിൽ നിലവിൽ യുക്മ നാഷണൽ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയാണ്. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്. യുക്മ കലാമേള, ബോട്ട് റേസ് അടക്കമുള്ള സംഘടിപ്പിക്കുന്നതിൽ യുക്മ ടീമിനോടൊപ്പം പ്രധാന പങ്കുവഹിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ പക്വതയോടെ മികവാർന്ന പ്രകടനം കാഴ്ച വച്ച വ്യക്തിയാണ് ഓസ്റ്റിൻ അഗസ്റ്റിൻ. ദീപ അഗസ്റ്റിനാണ് ഭാര്യ. മക്കൾ ഫെലിക്സ്, ഫെലീസിയ. 5.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.സാജൻ സത്യൻ വെസ്റ്റ് യോർക്ക് ഷയർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സാജൻ സത്യൻ നിലവിൽ പ്രവർത്തിച്ചു വരുന്നു. അസോസിയേഷനെ സജീവമായി മുന്നോട്ട് കൊണ്ടുപോവുന്നതിൽ മുഖ്യ പങ്കാണ് സാജൻ വഹിക്കുന്നത്.  കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. അസോസിയേഷന്റെ യുക്മ പ്രതിനിധിയായി മുൻ വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ മുതൽ  തന്നെ സാജൻ പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു. അനൂപ സാജനാണ് ഭാര്യ. മക്കൾ മിലൻ, മിയാ. 2.കിരൺ സോളമൻ ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് കിരൺ സോളമൻ. അസോസിയേഷനിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള കിരൺ കഴിഞ്ഞ ടേമിൽ യുക്മയുടെ യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയണിന്റെ പ്രസിഡന്റായിരുന്നു. യുക്മയുടെ നാഷണൽ കലാമേളയ്ക്ക് ഷെഫീൽഡിൽ ആതിഥ്യമരുളാനും യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയനെ നാഷണൽ ചാമ്പ്യൻ പട്ടത്തിലേയ്ക്ക് കൈപിടിച്ചുയർത്താനും അക്ഷീണം പരിശ്രമിച്ച ടീമിന്റെ അമരക്കാരനായിരുന്നു കിരൺ സോളമൻ. ഭാര്യ ഷെബാ. മക്കൾ  സഞ്ജയ്, ടാനിയ. 6.ജോയിന്റ് സെക്രട്ടറി (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.സെലീന സജീവ് എഡ്മണ്ടൻ മലയാളി അസോസിയേഷനിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് സെലീന സജീവ്. യുക്മയുടെ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം ബിസിഎം കോളജിലെ ക്രിക്കറ്റ്, വോളിബോൾ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി അസോസിയേഷന്റെ യുക്മ പ്രതിനിധിയാണ്.കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സെലീന സജീവ്. സജീവ് തോമസാണ് ഭർത്താവ്. മക്കൾ ശ്രേയ, ടോണി. 2.രശ്മി മനോജ് ഗോസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമാണ് രശ്മി മനോജ്. അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, ബ്രിട്ടീഷ് റെഡ്ക്രോസ്, സാൽവേഷൻ ആർമി തുടങ്ങിയ ചാരിറ്റികൾക്കു വേണ്ടിയും കേരള ഫ്ളഡ് റിലീഫിനായി ജി.എം.എ സംഘടിപ്പിച്ച ഫണ്ട് റെയിസിങ്ങിനായും അക്ഷീണം പരിശ്രമിച്ച രശ്മി മനോജ് വിവിധ ഇവൻറുകൾ വൻ വിജയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഫാഷൻ ഡ്രസ് ഡിസൈൻ, കോറിയോഗ്രഫി തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. മനോജ് ജേക്കബാണ് ഭർത്താവ്. മക്കൾ സിയൻ, ജേക്കബ്. 7.ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.അനീഷ് ജോൺ മിഡ്‌ ലാന്‍ഡ്സിലെ ഏറ്റവും വലിയ അസോസിയേഷനായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തി ച്ചിട്ടുള്ള അനീഷ് ജോൺ യുക്മ രൂപീകരണ യോഗം മുതൽ യുക്മയുമായി ബന്ധപ്പെട്ട്‌ രംഗത്ത് കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. എൽ.കെ.സി സ്കൂളിന്റെ നടത്തിപ്പിൽ മുഖ്യപങ്കുവഹിച്ച അനീഷ് ഒരു നല്ല ഗായകനും കലാസ്വാദകനുമാണ്. യുക്മയുടെ മിഡ്ലാൻസ് റീജിയന്റെ സ്പോർട്സ് കോർഡിനേറ്ററായും കഴിവു തെളിയിച്ചിട്ടുണ്ട്. ഭാര്യ അനു സാറാ അനിഷ്. മക്കൾ ആൽവിൻ, അനൈഡാ, അലൈനാ. 2.ജയകുമാർ നായർ വെനസ് ഫീൽഡ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് ജയകുമാർ നായർ. യുക്മ മിഡ്ലാൻഡ്സ് റീജിയണിന്റെ പ്രസിഡന്റായും നഴ്സസ് ഫോറത്തിന്റെ ആദ്യത്തെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യുക്മയുടെ ജോയിന്റ് ട്രഷറർ ആണ്. കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ജയകുമാർ നായർ. ഭാര്യ ഷീജ ജയകുമാർ. മക്കൾ ആനന്ദ്, ആദിത്യ. 8.ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.അജിത്ത് വെൺമണി കെന്റ് സഹൃദയയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ അജിത്ത് വെൺമണി പ്രവർത്തിച്ചിട്ടുണ്ട്. യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച് പരിചയമുണ്ട്. കേരളത്തിൽ സ്കൂൾ കോളജ് തലം മുതൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അജിത്ത് വെൺമണി പഞ്ചായത്ത് മെമ്പർ, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ സ്വർണ അജിത്കുമാർ. മക്കൾ അർജുൻ, ആരാധ്യ. 2.ടിറ്റോ തോമസ് ഓക്സ്ഫോർഡ് മലയാളി സമാജത്തിന്റെ മുൻ പ്രസിഡനും നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ടിറ്റോ തോമസ് യുക്മ നാഷണൽ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് ദീർഘകാല പരിചയ സമ്പത്തുള്ള ടിറ്റോ തോമസ് യുക്മയുടെ ടൂറിസം വിഭാഗത്തിന്റെ കോർഡിനേറ്റർ ആണ്.  ഭാര്യ ടെസി ടിറ്റോ. മക്കൾ ജിതിൻ, ജിസ് മരിയ.  
കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ മലയാള മാധ്യമങ്ങളില്‍ യുക്മ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പിരിവ് കൈമാറ്റത്തില്‍ പിരിച്ച തുകയും കൊടുത്ത തുകയും തമ്മില്‍ വലിയ അന്തരം ഉണ്ടായത് ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിന് മറുപടിയുമായി രംഗത്ത് വന്ന യുക്മ പ്രസിഡന്റിന്റെ 'ഞഞ്ഞാ പിഞ്ഞാ' വര്‍ത്തമാനം അണികള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിക്കുന്നു. ഓണ്‍ലൈനില്‍ പിരിഞ്ഞു കിട്ടിയ തുകയില്‍ 6800 പൗണ്ടിന്റെ കുറവ് എങ്ങനെ സംഭവിച്ചു എന്ന വാര്‍ത്തയ്ക്കു യുക്മ കോടികളുടെ ദുരിതാശ്വാസം ഏറ്റെടുക്കും എന്ന മറുപടിയുമായി യുക്മ പ്രസിഡന്റ് രംഗത്ത് വന്നത് രസകരമായ അനുഭവമായി മാറുകയാണ് യുകെ മലയാളികള്‍ക്ക്. ഒരു ഭാഗത്തു സംഘടനയോട് കൂറും വിശ്വാസവും ഉള്ള ഒരു പറ്റം ആളുകള്‍ കൈയിലെ പണവും കളഞ്ഞു ഇല്ലാത്ത സമയം ഉണ്ടാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മറുഭാഗത്തു ദുരിതാശ്വാസത്തില്‍ പോലും കൈയ്യിട്ടു വരാന്‍ നാണം ഇല്ലാത്ത ഏതാനും വ്യക്തികള്‍ ചേര്‍ന്ന് സംഘടനക്ക് ഉണ്ടാകുന്ന ചീത്തപ്പേര് മറച്ചു പിടിക്കാന്‍ രാഷ്ട്രീയം കളിച്ചു വിദഗ്ധനായ പ്രസിഡന്റ് നടത്തുന്ന കളികള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ഇന്നലെ യുക്മ പുറത്തുവിട്ട പത്രക്കുറിപ്പ് . പിരിച്ചെടുത്ത തുകയില്‍ 6800 പൗണ്ട് കാണുന്നില്ല എന്ന ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളെ ഊടുപാട് ചീത്ത വിളിക്കാന്‍ ധൈര്യം കാട്ടുന്ന നേതാവ് മന്ത്രിക്കു നല്‍കിയ ചെക്കില്‍ കാണാതായ പണം എവിടെയെന്നു ഒരിടത്തും വെളിപ്പെടുത്തുന്നുമില്ല. ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന, ഓഡിറ്റും റിപ്പോര്‍ട്ടും കാലാകാലം സമര്‍പ്പിക്കേണ്ട ഒരു സംഘടനാ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും കാണിക്കാതെ എന്ത് തോന്ന്യാസവും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് കടലാസ് സംഘടനകള്‍ പോലും കാണിക്കുന്ന മര്യാദകള്‍ കാട്ടാതെയാണ് ബഹുജന അടിത്തറയുള്ള യുക്മയെ നാണം കെടുത്തുന്നത്. ചാരിറ്റിയുടെ പേരില്‍ പിരിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവിടാന്‍ പാടില്ല എന്ന ചാരിറ്റി കമ്മീഷന്റെ നിബന്ധന പോലും വായിച്ചു നോക്കാതെ പിരിച്ചെടുത്ത തുക ഘട്ടം ഘട്ടമായി തോന്നുന്ന പോലെ വകമാറ്റി ചെലവാക്കാം എന്ന് സ്വകാര്യമായി ശിങ്കിടികളെ ബോധ്യപ്പെടുത്തുന്ന നേതാവ് ചാരിറ്റി കമ്മീഷനില്‍ ഒരു പരാതി എത്തിയാല്‍ വെള്ളം കുടിക്കും എന്ന സത്യം മറച്ചു വെക്കുകയാണ്. മാധ്യമ വിമര്‍ശനം എക്കാലവും തങ്ങളെ തകര്‍ക്കാന്‍ ഉള്ള അടവാണെന്നു പറഞ്ഞു ഫലിപ്പിക്കുന്ന യുക്മ നേതൃത്വം ഇക്കുറിയും പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. സംഘടനയ്ക്ക് സംഭവിച്ച വീഴ്ച കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാറ്റി വച്ച പണം ഉടനെ സര്‍ക്കാരിന് നല്‍കും എന്ന് പറയാതെ ഒരു കോടിയുടെ കണക്കുകമായാണ് നേതാവ് എത്തിയിരിക്കുന്നത്. ഒരു കോടിയല്ല നൂറു കോടി കിട്ടിയാലും കേരളത്തിന് അത്യാവശ്യമാണ് എന്നിരിക്കെ ഒരു കോടിയുടെ സേവന പ്രവൃത്തി ചെയ്യരുത് എന്നാരെങ്കിലും വിലക്കി എന്ന മട്ടിലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയുടെ ഭാഷ നല്‍കാന്‍ ഇപ്പോഴും രാഷ്ട്രീയ കുപ്പായം ഊരാത്ത നേതാവ് ശ്രമിക്കുന്നത്. എന്നും കൈയ്യിട്ടു വാരി ശീലിച്ച തന്ത്രം ഇക്കുറിയും പയറ്റിയപ്പോള്‍ കയ്യോടെ പിടിക്കപ്പെടും എന്നത് ഓര്‍ക്കാതെ പോയതാണ് ഇപ്പോള്‍ വിനയായി മാറിയത്. ചില ഓണ്‍ലൈന്‍ പത്രങ്ങളോട് രഹസ്യമായി ബന്ധം സ്ഥാപിച്ചും പരസ്യമായി എതിര്‍ത്തും രണ്ടു വര്‍ഷം മുന്നോട്ടു പോയപ്പോള്‍ എന്ത് തോന്ന്യാസവും കാട്ടാം, ആരും ചോദ്യം ചെയ്യില്ല എന്ന ചിന്ത കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രങ്ങള്‍ പൊളിച്ചപ്പോള്‍ വീണ്ടും പരസ്യ വെല്ലുവിളി എന്ന തന്ത്രമാണ് രക്ഷയ്ക്ക് വേണ്ടി നേതാവ് പയറ്റുന്നത്. അതിനിടെ ലണ്ടനില്‍ എത്തിയ മന്ത്രിയെ കരുവാക്കി 6800 പൗണ്ട് ഒറ്റയടിക്ക് വെട്ടിമാറ്റിയ യുക്മക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ നിന്നും തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നാട്ടില്‍ വിവരം എത്തിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷം വള്ളംകളി നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ന് എന്ന് മേനി നടിച്ച നേതാവ് എന്ത് തോന്ന്യാസത്തിനും കേരള സര്‍ക്കാര്‍ കൂട്ട് നില്‍ക്കും എന്ന് കരുതിയത് ഇപ്പോള്‍ തിരിച്ചടിയാവുകയാണ്. ഇടക്കാലത്തു സര്‍ക്കാരില്‍ പിടിപാടുള്ള ഇടതു സഹയാത്രികനെ കൂട്ട് കിട്ടിയ നേതാവിന് സഹയാത്രികന്‍ തെറ്റിപ്പിരിഞ്ഞതും ഇപ്പോള്‍ വിനയായി മാറുകയാണ്. കോഴിയും കുറുക്കനും പോലെയുള്ള ചങ്ങാത്തമായിരുന്നു കോണ്‍ഗ്രസുകാരനായ യുക്മ നേതാവും ഇടതു സഹയാത്രികനും തമ്മില്‍ ഉണ്ടായിരുന്നത്. ഏതായാലും മന്ത്രിക്കു കിട്ടിയ ചെക്കും ഓണ്‍ലൈന്‍ പിരിവിന്റെ വിവരങ്ങളും സര്‍ക്കാരില്‍ എത്തിയതോടെ യുക്മയുടെ പേര് ബ്ലാക് ലിസ്റ്റില്‍ എത്തിച്ചതിന്റെ മഹത്വവും ഭരണസമിതിയെ തേടിയെത്തുകയാണ്. കണക്കുകള്‍ എന്നും കടലാസില്‍ എഴുതി വെ്ക്കേണ്ടതാണ് എന്ന ശീലം തെറ്റിക്കുന്ന പാരമ്പര്യമുള്ള യുക്മ വെള്ളപ്പൊക്കത്തിലും അതെ അടവ് കാട്ടിയതു എട്ടിന്റെ പണി കിട്ടിയത് പോലെയായി മാറി. എന്തൊക്കെ നല്ലതു ചെയ്താലും ചെറിയൊരു പിഴവ് പോലും സാമൂഹ്യ രംഗത്ത് കളങ്കമായി മാറും എന്നിരിക്കെ 6800 പൗണ്ട് എന്ന വന്‍തുക സര്‍ക്കാരിന് നല്‍കാതെ മാറ്റിവയ്ക്കാന്‍ യുക്മ കാട്ടിയ പിന്‍ബുദ്ധി ഇനിയെന്ത് ന്യായീകരണം പറഞ്ഞാലും എക്കാലവും ചോദ്യമായി യുക്മയ്ക്കു മുന്നിലെത്തും. ആര്‍ക്കും പരിശോധിക്കാവുന്ന, ഓണ്‍ലൈനില്‍ കാണാവുന്ന വിര്‍ജിന്‍ മണി ലിങ്കിലെ പണത്തില്‍ ഇത്രയും വലിയ തിരിമറി നടന്നെങ്കില്‍ ആരും കാണാത്ത യുക്മയുടെ സ്വന്തം കണക്കില്‍ എത്ര ആയിരം അടിച്ചു മാറ്റി എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനും ഉത്തരമായി തെറിവിളി മാത്രമാകും യുക്മ നേതൃത്വം നല്‍കുക. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഉള്ള കൃത്യമായ ഒത്തുകളി ഇനിയും പിടിക്കപ്പെടാതിരിക്കെ 6800 പൗണ്ട് മാറ്റിവെച്ചതു ആരുടെ ബുദ്ധി എന്നതാണ് ഇനി അറിയേണ്ടത്. പഴി വരുമ്പോള്‍ പ്രസിഡന്റിന്റെ തലയില്‍ എത്തിക്കോളും എന്നതിനാല്‍ കൂടെ നിന്നവന്‍ തന്നെ പണിതത് ആണെന്നും വിവരം കൃത്യമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതാണെന്നും വിവരമുണ്ട്. യുക്മയ്ക്കു ബദലായി രൂപം കൊള്ളുന്ന സംഘടനയുടെ പിറവി ദിനത്തില്‍ തന്നെയാണ് യുക്മയെ നാറ്റിക്കുന്ന ഇടപാട് പുറത്തു വന്നതും. സെക്രട്ടറിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് കയറ്റം പ്രതീക്ഷിക്കുന്ന നേതാവിന് നിലവിലെ പ്രസിണ്ടന്റ് രഹസ്യമായ പിന്തുണ വാഗ്ദാനം ചെയ്തതും തന്റെ വിദേശം കടന്നുള്ള ബിസിനസിന് അല്പം പണം കളഞ്ഞാലും മോശമാകില്ല എന്ന ചിന്തയുള്ള രണ്ടാമനും തമ്മിലുള്ള രഹസ്യ ഫോര്‍മുലയില്‍ നിലവിലെ പ്രസിഡന്റ് ഒരു കാരണവശാലും വീണ്ടും രംഗത്ത് വരാതിരിക്കാന്‍ കൂടുതല്‍ നാറ്റക്കഥകള്‍ നാളുകളില്‍ യുക്മയില്‍ നിന്നുണ്ടാകും എന്നാണ് ഇരുവരുമായി അടുപ്പമുള്ളവരില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍. ഒരു മലയാളി സംഘടനക്ക് ആവശ്യമായ തമ്മില്‍ തല്ലും പാരവയ്പ്പും ധാരാളം ഉള്ള സംഘടനയില്‍ അടുത്തെത്തി നില്‍ക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പ് വരെ ഇനിയും പിരിവിന്റെ പേരില്‍ ഉള്ള കഥകള്‍ എത്തികൊണ്ടിരിക്കും. പ്രാദേശിക മലയാളി സംഘടനകള്‍ പിരിച്ച പണമെടുത്തു ഇതെല്ലം തങ്ങളുടെ നേതൃത്വ മികവാണ് എന്ന് കേരള സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഉള്ള നേതാവിന്റെ നീക്കത്തിന് ആദ്യ തിരിച്ചടിയാവുകയാണ് മന്ത്രിയെ മുന്നില്‍ നിര്‍ത്തി എടുത്ത പതിനായിരം പൗണ്ടിന്റെ ചെക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍. ഇനി ഇത്തരം കുതന്ത്രവുമായി സര്‍ക്കാരിന് മുന്നില്‍ എത്തിയാല്‍ നേതാവിന് ഉള്ളത് കയ്യോടെ കിട്ടും എന്ന സൂചനയും യുകെയില്‍ ഇടതു ചിന്താഗതിക്കാര്‍ പങ്കിടുന്നു. മലയാളം മിഷന് രൂപീകരിച്ചപ്പോള്‍ യുക്മയുടെ ബാനര്‍ മതിയെന്ന് സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഓടി നടന്ന നേതാവിന് മുട്ടന്‍ പാരവന്നതും യുകെയില്‍ നിന്ന് തന്നെയാണ്. അന്ന് രംഗത്ത് വന്നവര്‍ തന്നെയാണ് കേരള സര്‍ക്കാരിന് വേണ്ടി പിരിച്ച 6800 പൗണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ എത്തിക്കാതെ മാറ്റി വച്ച കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത്.
തോമസ്‌കുട്ടി ഫ്രാന്‍സിസ് ലിവര്‍പൂള്‍: നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ വര്‍ണ്ണപീലികള്‍ വിരിയിച്ച ലിംകയുടെ 13-മത് ചില്‍ഡ്രന്‍സ്‌ഫെസ്റ്റ് വര്‍ണ്ണാഭമായി. ഈ വര്‍ഷം ബാലകലോത്സവത്തെ കലാമേളയായി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് മുന്നില്‍ ലിംക അവതരിപ്പിക്കുകയായിരുന്നു. ലിംകയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരു കുടുംബത്തിലെ സഹോരങള്‍ തന്നെ കലാപ്രതിഭയും കലാതിലകവുമായി വിളങ്ങി നിന്ന മത്സര ദിനമായിരുന്നു അന്ന്. പത്ത് വയസുകാരിയായ അമീലിയ മാത്യു ലിംകയുടെ 13-ത് കലാതിലകമായപ്പോള്‍ അമീലിയയുടെ ആറ് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനുജന്‍ പയസ് മാത്യു കലാപ്രതിഭ യുമായി. നിറഞ്ഞ സദസിിന്റെ ഹര്‍ഷാരവങ്ങളാല്‍ വേദിയുടെ പടവുകള്‍ താണ്ടി ആ ആറ് വയസ്സുകാരന്‍ ചേച്ചിയുടെ കൈപിടിച്ചെത്തിയത് ഏവരെയും ആവേശ ഭരിതരാക്കി. മത്സരത്തില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ലിവര്‍പൂളിന്റെ ഈ കൊച്ചു മിടുക്കന്‍ ചരിത്രം കുറിച്ചത്. അമീലിയ ഇതിന് മുമ്പും തന്റെ മികവാര്‍ന്ന പ്രകടനങ്ങള്‍ ലിംകയുടെ കഴിഞ്ഞ കാല ചില്‍ഡ്രന്‍സ് ഫെസ്റ്റുകളിലും ഓണാഘോഷ പരിപാടികളിലും കാഴ്ചവച്ചിട്ടുണ്ട്. അതുപോലെതന്നെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവ മേളകളില്‍ റീജിയണല്‍, നാഷണല്‍ തലങ്ങളിലും അമീലിയ മാത്യു വ്യക്തിഗത ഇനങ്ങളിലും അതുപോലെ ഗ്രൂപ്പ് ഇനങ്ങളിലുമായി തന്റെ മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിരുന്നു. ലിവര്‍പൂളിലെ നോട്ടി ആഷില്‍ താമസിക്കുന്ന ബിജൂമോന്‍ മാത്യുവിന്റെയും പ്രിന്‍സിയുടെയും മക്കളാണ് ഈ കൊച്ചു മിടുക്കരായ അമീലയും പയസും. മുതിര്‍ന്നവര്‍ക്കുള്ള മത്സരത്തില്‍ ലെനി കുര്യന്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ലിംകയുടെ പ്രത്യേക ട്രോഫി കരസ്ഥമാക്കി. ലിവര്‍പൂളിലെ അറിയപ്പെടുന്ന ഗായകരില്‍ ഒരാളാണ് ലെനി. ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ തമ്പി ജോസിന്റെ നേതൃത്വത്തില്‍ ചിട്ടയായി നടത്തപ്പെട്ട ലിംക കലാമേളയുടെ വിജയത്തിന് പിന്നില്‍ ലിംകയുടെ നേതൃത്വകരായ ഫിലിപ്പ് മാത്യു, റെജി തോമസ്, നോബിള്‍ മാത്യു, മനോജ് വടക്കേടത്ത്, തോമസ് ഫിലിപ്പ്, ബിനു മൈലപ്ര, മായാ ബാബു, ഷൈബി സിറിയക്, അനില്‍ ജോര്‍ജ് എന്നിവരും അണിനിരന്നു. മൂന്ന് വേദികളിലായി നൂറ്റിയന്‍പത് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നൈസര്‍ഗികമായ കഴിവുകളെ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് മുന്നില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന മുഹൂര്‍ത്തങ്ങളിലൂടെ സമ്മാനിക്കുകയായിരുന്നു. ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ടണര്‍ കൂടിയായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളാണ് പതിവ് പോലെ ഇക്കുറിയും ഈ വലിയ കലോത്സവത്തിനായി വേദിയൊരുക്കിയത്. വേറിട്ട ആശയങ്ങളിലൂടെ നിറഞ്ഞ ജന പങ്കാളിത്തത്തോടെ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന ലിംകയുടെ നാളിതുവരെയുള്ള കര്‍മ്മ പരിപാടികളില്‍ ഈ കലാമേളയും ഒരു വന്‍ വിജയമാക്കി മാറ്റപ്പെടുവാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിലാണ് ലിംകയുടെ നേതൃത്വകര്‍. ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിനെ ഒരു കലാമേളയായി വിജയതിലകമണിയിച്ച ലിവര്‍പൂള്‍ മലയാളി സമൂഹത്തോടും അതുപോലെ ലിംകയുടെ സജീവ പ്രവര്‍ത്തകരോടും ചെയര്‍പേഴ്‌സണ്‍ ഫിലിപ്പ് മാത്യു, സെക്രട്ടറി റെജി തോമസ് എന്നിവര്‍ നന്ദി അറിയിക്കുകയൂണ്ടായി. സീനിയര്‍ , യൂത്ത് എന്നീ തലങ്ങളിലുള്ള മത്സരാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യം വേദനാജനകം തന്നെയെന്ന് ലിംകയുടെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
റജി നന്തികാട്ട് യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018ലെ കലാമേള ഒക്ടോബര്‍ 6ന് ബാസില്‍ഡണില്‍ വെച്ചു നടത്തപ്പെടും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് വേദിയാകുന്നത് ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളാണ്. വിപുലമായ സൗകര്യങ്ങള്‍ ഉള്ള സ്‌കൂളിന്റെ പല വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. കലാമേള മുന്‍ വര്‍ഷങ്ങളിലെ പോലെ വന്‍ വിജയമാകുന്നതിന് വേണ്ടി റീജിയന്‍ ഭാരവാഹികളോടൊപ്പം ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും പ്രവര്‍ത്തനം തുടങ്ങിയതായി റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അറിയിച്ചു. യുക്മ നാഷണല്‍ കമ്മറ്റി പുറത്തിറക്കിയ പരിഷ്‌കരിച്ച കലാമേള ഇ-മാന്വല്‍ അനുസരിച്ചായിരിക്കും മല്‍സരങ്ങള്‍ നടക്കുക. കലാമേള നിബന്ധനകള്‍ അടങ്ങിയ ഇ-മാന്വല്‍ ഇതിനോടകം എല്ലാ അംഗ അസോസിയേഷനുകള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല എന്നിവയും കലാമേളയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്. കലാമേളയില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കലാമേള ഒരു വന്‍ വിജയമാക്കുവാന്‍ ഓരോ അംഗ അസോസിയേഷനുകളും ശ്രമിക്കണമെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോജോ തെരുവന്‍ (റീജിയന്‍ സെക്രട്ടറി): 07753329563
RECENT POSTS
Copyright © . All rights reserved