uukmanews
പി.ആര്‍.ഒ. യുക്മ  യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അർദ്ധ കാലാവധിയിലെ ജനറൽ ബോഡി യോഗം 2018 ഫെബ്രുവരി 24 ന് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളിൽ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവർക്ക് ജനറൽ ബോഡി യോഗത്തിൽ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷൻ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറൽ ബോഡി യോഗത്തിൽ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു. യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സെക്രട്ടറി റോജിമോൻ വറുഗീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതും, ട്രഷറർ അലക്സ് വർഗീസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്. യുക്മ നാഷണൽ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ചുമതല ഉണ്ടായിരുന്നവക്ക് പോയ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും, വരും വർഷത്തെ പരിപാടികൾ എപ്രകാരം വിഭാവനം ചെയ്തിരിക്കുന്നു എന്ന് വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും. ഓരോ റീജിയന്റെയും പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണൽ പ്രസിഡന്റ് (അല്ലെങ്കിൽ സെക്രട്ടറി) എന്നിവർക്കും അവസരം നൽകുന്നതാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ യുക്മയെ വളർത്തുന്നതിനോടൊപ്പം, യു കെ മലയാളികൾക്കും മറ്റുള്ളവർക്കും പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം യുക്മയുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രാവശ്യത്തെ ജെനറൽ ബോഡി സംവിധാനം ചെയ്തിരിക്കുന്നത്. തുടർന്ന് ചോദ്യോത്തര വേളയും ആവശ്യമായ കാര്യങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കും. യുക്മ ജനറൽ ബോഡിയിൽ ചർച്ചക്കെടുക്കേണ്ട പ്രധാന കാര്യങ്ങൾ ഉണ്ട് എങ്കിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി റോജിമോനെ ഫെബ്രുവരി 17 ന് മുമ്പായി [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ അറിയിക്കേണ്ടതാണ്. രാവിലെ കൃത്യം 10 മണിക്ക് യുക്മ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നതും തുടർന്ന് യുക്മ നാഷണൽ ജനറൽ ബോഡി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്. 2 മണിക്ക് ഉച്ചഭക്ഷണത്തിനു പിരിയുന്ന യോഗം 2 .45 വീണ്ടും ചേരുന്നതും, 6 മണിയോടെ അവസാനിപ്പിക്കുന്നതിനുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ യുക്മ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്ത് നമ്മുടെ കൂട്ടായ്മയെ ഉന്നതിയുടെ പുതിയ മേഖലകളിലേക്ക് എത്തിക്കുവാൻ നിസ്വാർത്ഥമായി സഹകരിക്കണമെന്ന് യുക്മ നാഷണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു യോഗം നടക്കുന്ന വേദിയുടെ വിലാസം The Royal Hotel Walsall, Ablewell Street, WS1 2EL.
സജീഷ് ടോം ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ “ഇഷ്ടഗാന” റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 – 1980 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്. മത്സരാർത്ഥികളായ പതിനഞ്ച് ഗായകരിൽ മൂന്നുപേർ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാർസിംഗറിൽനിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവന്മരണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളിൽ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ പാടാനെത്തുന്നത് കടൽകടന്ന് മത്സരിക്കാനെത്തിയ ജാസ്മിൻ പ്രമോദ് (ഡബ്ലിൻ), സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ്, കെൻറ്റിൽനിന്നുള്ള അനു ജോസ് എന്നിവരാണ്. “ചിലമ്പ്” എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ‘പുടമുറി കല്യാണം ദേവി എനിക്കിന്ന് മാങ്കല്യം’ എന്ന ഗാനമാണ് ജാസ്മിൻ നമുക്കായി ആലപിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ നിരവധി വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനുഗ്രഹീത ഗായികയായ ജാസ്മിന്റെ ആലാപനം, പാട്ടുകേട്ട് കഴിഞ്ഞും നാമറിയാതെ വീണ്ടും മൂളിപ്പാട്ടായി ചുണ്ടിൽ വിരിയും വിധം അതീവ ഹൃദ്യമായ ഒന്നാണെന്നതിൽ സംശയമില്ല. പ്രതിഭാധനനായ സിനിമാ സംവിധായകൻ ഭരതൻ തന്നെയാണ് ഗാനത്തിന്റെ ഈരടികളും രചിച്ചിരിക്കുന്നത്. മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലത്തെ പണ്ഡിതരായ മഹാരഥന്മാരായിരുന്നു ശ്രീകുമാരൻതമ്പിസാറും ദക്ഷിണാമൂർത്തി സ്വാമികളും. അവരുടെ കൂട്ടുകെട്ടിൽ പിറന്ന നിരവധി ഗാനങ്ങൾ ആ കാലഘട്ടത്തിന്റെ കയ്യൊപ്പു പതിഞ്ഞവയായിരുന്നു. ശ്രീകുമാരൻതമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ഈണം ചിട്ടപ്പെടുത്തിയ “ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം” എന്ന ഭാവ തീവ്രമായ ഗാനവുമായാണ് അടുത്ത മത്സരാർത്ഥിയായ ആൻ്റണി തോമസ് എത്തുന്നത്. തന്റെ ശബ്ദത്തിന് യോജിക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുക്കാനുള്ള പാടവം ഇഷ്ടഗാന റൗണ്ടിലും ആൻ്റണി തെളിയിച്ചതാണ്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം ഭാവത്തിലും ആലാപനത്തിലും മികവുറ്റതാക്കാൻ ആൻ്റണി ശ്രമിക്കുന്നുണ്ട്. ഇഷ്ടഗാന റൗണ്ടിലെ “സ്വരകന്യകമാർ വീണ മീട്ടുകയായ്” എന്ന ഗാനം ആലപിച്ച അനുവിനെ ആരും മറന്നിട്ടുണ്ടാകില്ല. ലളിതവും മധുരവുമായി പാടുന്ന കെൻറ്റിൽനിന്നുള്ള അനു ജോസ് രണ്ടാമത്തെ റൗണ്ടിൽ എത്തുന്നത് “ഓളങ്ങൾ” എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന നിത്യ ഹരിത സൂപ്പർ ഹിറ്റ് ഗാനവുമായാണ്. ഒ എൻ വി കുറുപ്പ് – ഇളയരാജ ടീമിന്റെ എക്കാലവും ഓർമ്മയിൽ ഈണമാകുന്ന ഈ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്. അനുവിന്റെ സ്റ്റാർസിംഗറിലെ മറ്റൊരു മിന്നുന്ന പ്രകടനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ ഗാനം. താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ പുതിയ എപ്പിസോഡ് കാണുക
ന്യൂസ് ഡെസ്ക് ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയിൽതന്നെ പൂർണ്ണമായി വികസിപ്പിച്ചെടുത്ത 55 അടി നീളമുള്ള അഗ്നി 5 എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. 5,000 കിലോമീറ്ററുകൾ ഇതിന് ആക്രമണ പരിധിയുണ്ട്. ചൈനയും ഏഷ്യ മുഴുവനും  യൂറോപ്പിന്റെ ഭാഗങ്ങളും ആഫ്രിക്കയും  മിസൈലിന്റെ പരിധിയിൽ വരും. ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് ഒറീസയിലെ അബ്ദുൾ കലാം ഐലൻഡിൽ നിന്നാണ്. ഇന്നലെ രാവിലെ 9.53 നായിരുന്നു വിക്ഷേപണം നടന്നത്. 1500 കിലോഗ്രാം ഭാരം മിസൈലിന് വഹിക്കാനാകും. പ്രകോപനമുണ്ടായാൽ ചൈനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഉടൻ തന്നെ പ്രഹരിക്കാൻ ശേഷി ഉള്ള പോർമുനയാണ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന അവസരത്തിൽ നടന്ന പരീക്ഷണം ചൈന ഗൗരവമായാണ് കാണുന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിലേക്ക് ഈ വർഷം തന്നെ ഈ മിസൈൽ ചേർക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. അതോടെ ഇന്റർ കോണ്ടിനെന്റെൽ ബാലിസ്റ്റിക് മിസൈലുകൾ ഉള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബിൽ ഇന്ത്യയും അംഗമാകും. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ നിലവിൽ ഈ ക്ലബിൽ ഉണ്ട്.
സജീഷ് ടോം നോർത്താംപ്ടണിൽ നിന്നുള്ള ആനന്ദ് ജോൺ, നോട്ടിംഗ്ഹാമിൽ നിന്നുള്ള രചന കൃഷ്ണൻ, സ്ലവിൽ നിന്നും എത്തിയ ജിജോ മത്തായി എന്നിവരാണ് ഇഷ്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡിൽ പാടാനെത്തുന്നത്. സ്റ്റാർ സിംഗർ സീസൺ ഒന്നിലും രണ്ടിലും മത്സരാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ പാടാൻ തെരഞ്ഞെടുത്ത ഗാനങ്ങൾ, സ്റ്റാർസിംഗർ 3ൽ ആദ്യ റൗണ്ടിൽ തന്നെ തെരഞ്ഞെടുത്തുകൊണ്ട്  ഗായകർ  മത്സരത്തിന്റെ കാഠിന്യവും  നിലവാരവും പ്രതിഫലിപ്പിക്കുന്നു എന്നത് സംഘാടകർക്ക്‌ ഏറെ അഭിമാനത്തിന് വകനൽകുന്നു. ശ്രീനിവാസന്റെ ഏറ്റവും ജനകീയമായ ചിത്രങ്ങളിൽ ഒന്നായ “വടക്കുനോക്കിയന്ത്ര”ത്തിലെ ‘മായാമയൂരം പീലിനീർത്തിയോ” എന്ന് തുടങ്ങുന്ന സരള ഗംഭീരമായ ഗാനവുമായാണ് ആനന്ദ് ജോൺ എത്തുന്നത്. കൈതപ്രം- ജോൺസൻ മാഷ് കൂട്ടുകെട്ടിൽ വിരിഞ്ഞ മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്. ഇംഗ്ലണ്ടിലെ മിഡ്‌ലാൻഡ്‌സിലുള്ള നോർത്താംപ്ടൺ യുക്മ സ്റ്റാർസിംഗർ ചരിതത്തിൽ പ്രാധാന്യമേറിയ ഒരു സ്ഥലനാമമാണ്. സീസൺ 1 ലും സീസൺ 2 ലും നോർത്താംപ്ടണിൽ നിന്നും മൂന്ന് ഗായകർ വീതം പങ്കെടുക്കുകയുണ്ടായി. സീസൺ 2 ൽ മൂന്ന് ഗായകരും സെമിഫൈനലിലും രണ്ടുപേർ ഗ്രാൻഡ് ഫിനാലെയിലും എത്തിയിരുന്നു. ചരിത്രം ആവർത്തിക്കാൻ നോർത്താംപ്ടണിൽ നിന്നും ഇതാ ആനന്ദ് എത്തുന്നു. കെ എസ്  ചിത്രക്ക് ദേശീയ അവാർഡ് വാങ്ങിക്കൊടുത്ത “വൈശാലി”യിലെ ‘ഇന്ദുപ്ഷം ചൂടിനിൽക്കും രാത്രി’ എന്ന ഗാനമാണ് നോട്ടിംഗ്ഹാമിൽ നിന്നുള്ള രചനാ കൃഷ്ണൻ ആലപിക്കുന്നത്. ഒ എൻ വി കുറുപ്പിന്റെ രചനയിൽ ബോംബെ രവി ചിട്ടപ്പെടുത്തിയ മനോഹരമായ ഈ ഗാനം രചനയുടെ കയ്യിൽ സുരക്ഷിതമാകുന്നു. ഇഷ്ടഗാന റൗണ്ടിലെ അവസാന ഗാനവുമായെത്തുന്നത് ജിജോ മത്തായിയാണ്. “ചെങ്കോൽ” എന്ന ചിത്രത്തിലെ ‘മധുരം ജീവാമൃത ബിന്ദു’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജിജോ സ്റ്റാർസിംഗർ 3 യിൽ തന്റെ ഭാഗ്യപരീക്ഷണം നടത്തുന്നത്. കൈതപ്രം- ജോൺസൺമാഷ് കൂട്ടുകെട്ടിൽ പിറന്ന അതീവ ഹൃദ്യമായ മറ്റൊരുഗാനം. ഇതോടെ സവിശേഷമായ ഒരു റിക്കോർഡ് കൂടി സ്ഥാപിക്കപ്പെടുന്നുണ്ട്. ഇഷ്ടഗാന റൗണ്ടിൽ പാടിയ പതിനഞ്ച് ഗാനങ്ങളിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് രചന നിർവഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് ഈണം പകർന്നത് ജോൺസൺ മാഷും ആവുകയാണ്. അതോടൊപ്പം അവിചാരിതമായെങ്കിലും, കൈതപ്രം- ജോൺസൺമാഷ് കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളാണ് കൂടുതൽ ഗായകരും ഇഷ്ടഗാന റൗണ്ടിൽ ആലപിച്ചതെന്നതും മലയാള സിനിമാഗാനരംഗത്തെ ഈ മഹാരഥന്മാർക്ക് യുക്മ സ്റ്റാർ സിംഗറിലെ ഗായകരുടെ പ്രണാമമായി മാറുന്നു. ഈ എപ്പിസോഡോടുകൂടി ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ ആദ്യ സ്റ്റേജിലെ ആദ്യറൗണ്ടായ ഇഷ്ടഗാന റൗണ്ട് സമാപിക്കുകയാണ്. പുതിയൊരു റൗണ്ടുമായി അടുത്ത ആഴ്ച ഗായകർ തിരികെയെത്തുന്നതാണ്. നമ്മുടെ ഈ പ്രവാസിലോകത്തിലെ ഗായക പ്രതിഭകളെ ലോകമലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന സ്റ്റാർസിംഗർ സംഗീത പരിപാടിയെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂർവം ഓർമപ്പെടുത്തട്ടെ. ഇഷ്ട്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡ് കാണുവാൻ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് സന്ദർശിക്കുക.
ന്യൂസ് ഡെസ്ക് ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശത്തിനെതിരെ കനത്ത വിമർശനമുയരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്തവർക്ക് നിലവിലുള്ള നീല പാസ്പോർട്ട് തന്നെ തുടരും. വിദേശ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവരെ തൊഴിൽ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് പ്രത്യേക നിറമുള്ള പാസ്പോർട്ട് നല്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് പ്രവാസികളടക്കമുള്ളവർ പറയുന്നു. ഓറഞ്ച് പാസ്പോർട്ട് ഉള്ളവർ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർ, ആണെന്നതിന്റെ പരസ്യപ്പെടുത്തലാണെന്നും അതിനാൽ തന്നെ അങ്ങനെയുള്ളവർ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിവേചനത്തിന് ഇരയാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഓറഞ്ച് പാസ്പോർട്ടിൽ അവസാന പേജിൽ യാതൊരു വിവരങ്ങളും രേഖപ്പെടുത്തില്ല എന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഓറഞ്ച് പാസ്പോർട്ടിൽ അഡ്രസും ഇമിഗ്രേഷൻ സ്റ്റാറ്റസും ഉണ്ടാവില്ല. 18 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്. ഇനി മുതൽ ഇമിഗ്രേഷൻ ക്ലിയറൻസ് സ്റ്റാമ്പ് ചെയ്യുന്നതിനു പകരം ആ കാറ്റഗറിയിൽ വരുന്നവർക്ക് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക. നിലവിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ബ്ളു പാസ്പോർട്ട് ഹോൾഡേഴ്സിന് അത് കാലാവധി കഴിഞ്ഞ് പുതുക്കുന്ന സമയത്ത് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ വിദേശങ്ങളിൽ ജോലി ചെയ്യുന്നത്. 69 ബില്യൺ ഡോളറാണ് 2015ലെ കണക്കനുസരിച്ച് വിദേശ ഇന്ത്യൻ തൊഴിലാളികൾ മാതൃരാജ്യത്തേയ്ക്ക് അയച്ചത്. മൈഗ്രൻറ് വർക്കേഴ്സിൽ 20 ൽ ഒരാൾ ഇന്ത്യാക്കാരനാണ്. വിദേശത്ത് നടക്കുന്നതിനേക്കാൾ ഏറെ തൊഴിൽ ചൂഷണം രാജ്യത്ത് തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്നാണ് കടുത്ത വിമർശനം ഉയരുന്നത്. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്. ഈ പരിഷ്കാരം പിൻവലിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനം കൈകാര്യം ചെയ്യുന്നതെന്ന് ഓക്സ്ഫാം ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഈയിടെ പ്രസ്താവിച്ചിരുന്നു. പുതിയ പാസ്പോർട്ട് പരിഷ്കാര നിർദ്ദേശം സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂട്ടാനും വിവേചനം വർദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയുന്നു. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പറ്റാത്ത ഭരണകൂടം വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ഇന്ത്യാക്കാരനിൽ ഓറഞ്ച് പാസ്പോർട്ട് അടിച്ചേൽപ്പിക്കുന്നതിന്റെ ധാർമ്മികത മനസിലാകുന്നില്ലെന്ന് ഇവർ പറയുന്നു. രാജ്യത്തെ ജനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഭക്ഷണവും താമസ സൗകര്യങ്ങും നല്കാനാവാത്ത ഗവൺമെന്റിന് പൗരന്മാരെ അതിന്റെ പേരിൽ തന്നെ വേർതിരിക്കാൻ എന്തവകാശമാണ് ഉള്ളതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.  നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് പുതിയ പാസ്പോർട്ട് പ്രിൻറ് തയ്യാറാക്കുന്നത്.
RECENT POSTS
Copyright © . All rights reserved