Varicose Vain
വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ, കൂര്‍ക്കംവലി നിയന്ത്രണം, സ്തനവലിപ്പം കുറയ്ക്കല്‍ തുടങ്ങിയവയ്ക്കായുള്ള ശസ്ത്രക്രിയകള്‍ എന്നിവ എന്‍എച്ച്എസില്‍ ഇനി മുതല്‍ ലഭ്യമാകില്ല. ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ ചികിത്സകള്‍ നിര്‍ത്തലാക്കാന്‍ എന്‍എച്ച്എസ് നേതൃത്വം തീരുമാനിച്ചു. ഇത്തരം ഒരു ലക്ഷത്തോളം അനാവശ്യ പ്രൊസീജ്യറുകളാണ് ഓരോ വര്‍ഷവും ആശുപത്രികളില്‍ നടക്കുന്നത്. ഇവ നിര്‍ത്തലാക്കുന്നതിലൂടെ ലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കാനാകുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വിലയിരുത്തുന്നു. കാര്‍പല്‍ ടണല്‍, ഹെമറോയ്ഡ്, വേരിക്കോസ് വെയിന്‍ തുടങ്ങിയവയ്ക്ക് വളരെ അത്യാവശ്യമായ ഘട്ടങ്ങളില്‍ മാത്രമേ എന്‍എച്ച്എസ് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുകയുള്ളു. പല രോഗികളിലും കുത്തിവെയ്പ്പുകളും ആഹാരനിയന്ത്രണവും ഫിസിയോതെറാപ്പിയുമൊക്കെ മതിയാകും ഇവയുടെ ചികിത്സക്കെന്നാണ് വിലയിരുത്തല്‍. അനാവശ്യമായതും റിസ്‌കുള്ളതുമായ പ്രൊസീജ്യറുകള്‍ കുറയ്ക്കുന്നതിലൂടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും മറ്റ് അത്യാവശ്യ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്ന് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊ.സ്റ്റീഫന്‍ പോവിസ് പറഞ്ഞു. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിനു ശേഷം കണ്‍സള്‍ട്ടേഷനു വിടും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന്റെ പരിഗണനയ്ക്കും വിഷയം വിടും. നൈസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു.
RECENT POSTS
Copyright © . All rights reserved