visa
നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര തുടര്‍ന്നും അനുവദിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍. 90 ദിവസത്തേക്കാണ് വിസയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് യാത്ര അനുവദിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശത്തില്‍ ജിബ്രാള്‍ട്ടറിനെ ഒരു കോളനിയായി കണക്കാക്കുന്നത് യുകെ ഒഫീഷ്യലുകളുമായി തര്‍ക്കത്തിനും കാരണമായി. ബ്രെക്‌സിറ്റ് നടപ്പാകുന്ന മാര്‍ച്ച് 29ന് ശേഷം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ ചെറിയ കാലയളവില്‍ യുകെയില്‍ തങ്ങാന്‍ കഴിയുമെന്ന് ബ്രിട്ടന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഷെങ്കന്‍ മേഖലയില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ അനുവാദം നല്‍കിയതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ നിര്‍ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ അംബാസഡര്‍മാര്‍ കൗണ്‍സില്‍ പ്രസിഡന്‍സിയെ ചുമതലപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ അനുസരിച്ച് വിസ ഇളവുകള്‍ അനുവദിക്കുന്നത് പരസ്പരമായിരിക്കണം. യുകെ ഗവണ്‍മെന്റ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കുന്നതിനാല്‍ യൂറോപ്യന്‍ യൂണിയനും അത് അനുവദിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ല. ഭാവിയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് യുകെ വിസ നിര്‍ബന്ധമാക്കിയാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെല്ലാം ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഇളവ് ഇല്ലാതാകുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. അതേസമയം ബ്രിട്ടനിലും ബ്രിട്ടീഷ് പ്രവിശ്യയായ ജിബ്രാള്‍ട്ടറിലുമുള്ളവര്‍ക്ക് വ്യത്യസ്ത നയങ്ങളാണ് പുതിയ റെഗുലേഷന്‍ നിര്‍ദേശിക്കുന്നത്. ജിബ്രാള്‍ട്ടര്‍ നിലവില്‍ യൂറോപ്യന്‍ യൂണിയനിലാണ് ഉള്ളത്. ബ്രിട്ടന്റെ കോളനിയാണ് ജിബ്രാള്‍ട്ടര്‍ എന്ന് റെഗുലേഷന്റെ ഫുട്ട്‌നോട്ടില്‍ സൂചിപ്പിച്ചത് അല്‍പനേരം തര്‍ക്കങ്ങള്‍ക്ക് കാരണമായി. ജിബ്രാള്‍ട്ടറിന്‍മേലുള്ള അധികാരം സംബന്ധിച്ച് യുകെയും സ്‌പെയിനും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. റെഗുലേഷനില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് സംബന്ധിച്ച് അംബാസഡര്‍മാരുടെ യോഗത്തില്‍ ബ്രിട്ടീഷ് പ്രതിനിധി എതിര്‍പ്പ് അറിയിച്ചുവെന്നാണ് വിവരം.
ലണ്ടന്‍: ന്യൂസിലാന്റ് സ്വദേശിയായ യുവാവിന് ഹോം ഓഫീസ് അധികൃതരുടെ പിഴവ് മൂലം വിസ നിഷേധിക്കപ്പെട്ടതായി പരാതി. 29 കാരനായ ലൂക്ക് തോമസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധികൃതര്‍ വിസ നിഷേധിച്ചത് മൂലം തന്റെ അഞ്ച് മാസം പ്രായമായ മകനെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലൂക്ക് തോമസ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തോമസും പാര്‍ട്ണറും ന്യൂസിലാന്റിലാണ് താമസം. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലേക്ക് താമസം മാറാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിസയ്ക്ക് ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തു. തോമസിന്റെ കേസില്‍ വിസ നിഷേധിക്കേണ്ടതായ യാതൊരു നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടമായതാണ് ഈ ഉരുണ്ടുകളിക്ക് കാരണമെന്ന് ദമ്പതികളുടെ സോളിസിറ്റര്‍ പറയുന്നു. ഏപ്രില്‍ മാസത്തിലാണ് 573 പൗണ്ട് നല്‍കി പ്രീമിയം സര്‍വ്വീസ് ഉപയോഗിച്ച് അണ്‍മാരീഡ് പാര്‍ട്ണര്‍ വിസയ്ക്ക് തോമസ് അപേക്ഷ നല്‍കിയത്. ഹോം ഓഫീസ് അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ഏതാണ്ട് 5 മാസത്തോളം തോമസിന്റെ യു.കെ സന്ദര്‍ശനം മുടങ്ങി. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഹോം ഓഫീസ് അധികൃതര്‍ തയ്യാറായില്ലെന്ന് തോമസിന്റെ പാര്‍ട്ണര്‍ പറയുന്നു. പിന്നീടാണ് തോമസിന്റെ പാസ്‌പോര്‍ട്ട് കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ആദ്യം പാസ്‌പോര്‍ട്ട് ഹോം ഓഫീസില്‍ കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു വിവരം ലഭിച്ചത്. എന്നാല്‍ ഡെലിവറി രേഖകള്‍ പ്രകാരം പാസ്‌പോര്‍ട്ട് ഹോം ഓഫീസിലെത്തിയതായി വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വിസ നിഷേധിച്ചതായി വ്യക്തമാക്കികൊണ്ട് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. എന്നാല്‍ അത് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷം തോമസിന് സെപ്റ്റംബര്‍ അവസാനത്തോടെ വിസയും പാസ്‌പോര്‍ട്ടും ലഭിച്ചു. എന്നാല്‍ പതിപ്പിച്ചിരുന്ന എന്‍ട്രി സ്റ്റാമ്പ് കാലാവധി കഴിഞ്ഞതായിരുന്നു. എനിക്ക് 4 മാസത്തിലധികം പ്രായമായ ഒരു മകനുണ്ട്, അധികൃതരുടെ അനാസ്ഥമൂലം എനിക്ക് അവനെ ഒരു നോക്ക് കാണാനുള്ള അവസരമാണ് അനന്തമായ നീളുന്നതെന്ന് തോമസ് പറയുന്നു. തോമസിന്റെ മൂന്ന് മക്കളും നിലവില്‍ മാതാവിനൊപ്പം യു.കെയിലാണ് താമസിക്കുന്നത്. തോമസിന്റെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പാട്ണറായ സിമോണ്‍ ബ്രൂക്ക്‌സ് പറഞ്ഞു. മൂന്ന് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നത് വിഷാദരോഗമുണ്ടാക്കുന്നതായും ബ്രൂക്ക്‌സ് പറയുന്നു.
തമിഴ് വംശജനായ സതീഷ് ഗൗണ്ടറെ ഡീപോര്‍ട്ട് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍മാറി. ഡോവറില്‍ ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ വിസ പുതുക്കുന്നതിലുണ്ടായ സാങ്കേതികപ്രശനമാണ് ഡീപോര്‍ട്ടേഷനിലേക്ക് നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഡോവറില്‍ നടന്ന കമ്യൂണിറ്റി ക്യാംപെയിന്‍ പ്രവാസി ചരിത്രത്തില്‍ ഇടംപിടിക്കുന്ന സംഭവമായി മാറി. സണ്‍ഡേ പീപ്പിളിനാണ് ഗൗണ്ടറുടെ ഡീപോര്‍ട്ടേഷന്‍ തടഞ്ഞതിനുള്ള എല്ലാ ക്രെഡിറ്റും നല്‍കേണ്ടതെന്ന് ലോക്കല്‍ എംപിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചാര്‍ലീ എല്‍ഫിക്ക് പറഞ്ഞു. രണ്ടു വര്‍ഷമായി ഡോവറില്‍ ഫിസിയോതെറാപ്പി സ്ഥാപനം നടത്തി വരികയാണ് 65കാരനായ സതീഷ് ഗൗണ്ടര്‍. ഒരു അസിസ്റ്റന്‍ ഫിസിയോയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സതീഷിന് സ്ഥാപനം അടക്കേണ്ടി വന്നു. സതീഷിന് വര്‍ക്ക് വിസ പുതുക്കണമെങ്കില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരുന്നു. 50,000 പൗണ്ട് മുടക്കി ആരംഭിച്ച സ്ഥാപനം അടച്ചു പൂട്ടിയതോടെ തെരുവിലിറങ്ങേണ്ട അവസ്ഥയില്‍ പോലും സതീഷ് എത്തി. ഇതിനിടയിലും ഒരു ബ്രിട്ടീഷ് സൈനികന്റെ ശരീരം പകുതി തളര്‍ന്ന ഭാര്യക്ക് ഇദ്ദേഹം ചികിത്സ നല്‍കുന്നുണ്ടായിരുന്നു. എംപിയായ എല്‍ഫിക്ക് ഹോം സെക്രട്ടറി സാജിദ് ജാവിദിന് സതീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കത്തയച്ചു. ഡോവറിലെ ഏക ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ കാര്യം പുനരവലോകനം ചെയ്യാമെന്ന് ഹോം സെക്രട്ടറി ഉറപ്പു നല്‍കുകയും ചെയ്തു. പുതിയ അപേക്ഷ നല്‍കാനുള്ള അവസരമാണ് ഇതിലൂടെ സതീഷിന് തുറന്നു കിട്ടിയത്. എങ്കിലും എംപിയുടെ കത്തില്‍ ഹോം സെക്രട്ടറി ആഴ്ചകളോളം നടപടിയെടുത്തില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബ്രിട്ടനില്‍ എന്‍എച്ച്എസിലും സ്വകാര്യ മേഖലയിലുമായി 5000 ഫിസിയോതെറാപ്പിസ്റ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. ഈ മേഖലയിലുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് സതീഷിനെ ഡീപോര്‍ട്ട് ചെയ്യാന്‍ ഹോം ഓഫീസ് ശ്രമിച്ചത്.
വിദേശ ഡോക്ടര്‍മാര്‍ക്കു വേണ്ടി ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്‍എച്ച്എസിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ എത്തിക്കുന്നതില്‍ തടസമായി നിന്നിരുന്ന ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയാനാണ് തീരുമാനം. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവീദ് എന്നിവരുടെ പരിശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളും ഗ്രൂപ്പുകളും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇളവുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. വിദേശ തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഡോക്ടര്‍മാരുടെ കാര്യത്തിലും വിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ നിയന്ത്രണം മൂലം സ്റ്റാഫിംഗ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജിപി ട്രെയിനിംഗിന് യോഗ്യത നേടിയവര്‍ക്കു പോലും ഹോം ഓഫീസ് വിസ നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ഏപ്രിലിനുമിടയില്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ള 2300 ഡോക്ടര്‍മാര്‍ക്കാണ് ഈ വിധത്തില്‍ വിസ നിഷേധിച്ചത്. പ്രതിവര്‍ഷം യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുനിന്നുള്ള 20,700 വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്കു മാത്രമേ ടയര്‍-2 വിസ അനുവദിച്ചിരുന്നുള്ളു. ഹോം ഓഫീസ് ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെറമി ഹണ്ടും സാജിദ് ജാവീദും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു വരികയായിരുന്നു.
എന്‍എച്ച്എസ് അനുഭവിക്കുന്ന രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി കണക്കിലെടുക്കാതെ കടുത്ത നടപടികളുമായി ഹോം ഓഫീസ്. എന്‍എച്ച്എസ് നോണ്‍ യൂറോപ്യന്‍ ഡോക്ടര്‍മാരില്‍ പലരുടെയും വിസ കാലാവധി നീട്ടാന്‍ ഹോം ഓഫീസ് തയ്യാറാകുന്നില്ല. വിസ കാലാവധി അവസാനിച്ചവര്‍ യുകെ വിടണമെന്നാണ് പുതിയ നിര്‍ദേശം. പിജി പഠനം ഉപേക്ഷിച്ച് ജിപി ട്രെയിനിംഗ് കോഴ്‌സില്‍ ചേര്‍ന്ന ഇന്ത്യക്കാരനായ ഡോക്ടര്‍ തനിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നിര്‍ദേശം ലഭിച്ചതായി അറിയിച്ചുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാരുടെ ക്യാപ് എത്തിയതിനാല്‍ സ്‌പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് പേര് വെളിപ്പെടുത്താത്ത ഇദ്ദേഹം അറിയിച്ചത്. സ്റ്റുഡന്റ് വിസ അവസാനിച്ചതിനാല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പഠനത്തിലേക്കും തിരികെ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തന്റെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി ഡോക്ടര്‍മാര്‍ യുകെയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ടയര്‍ 2 വിസ പുതുക്കി ലഭിക്കാത്തതിനാല്‍ അഞ്ചു വര്‍ഷത്തെ ജിപി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ മറ്റൊരു ഡോക്ടറോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹോം ഓഫീസ്. രണ്ടു കുട്ടികളടങ്ങുന്ന കുടുംബവുമായി വേണം ഇദ്ദേഹത്തിന് മടങ്ങാന്‍. വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്ക് നല്‍കുന്ന ഈ വിസ ഓരോ വര്‍ഷവും 20,700 എണ്ണം മാത്രമേ അനുവദിക്കാനാകൂ എന്നാണ് ഗവണ്‍മെന്റ് മാനദണ്ഡം. വിഷയത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ലോബിയിംഗ് ഗ്രൂപ്പ് ഹോം സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നതും ട്രെയിനിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നവരുമായ ഡോക്ടര്‍മാരോടാണ് നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം വിസ ചടങ്ങള്‍ എന്‍എച്ച്എസ് നേരിടുന്ന ഗുരുതരമായ സ്റ്റാഫിംഗ് പ്രതിസന്ധിയെ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദിന് ഡോക്ടര്‍മാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved