Waste
യുകെയിലെ പ്ലാസ്റ്റിക് റീസൈക്കിളിംഗ് ഇന്‍ഡസ്ട്രിക്കെതിരെ അന്വേഷണം. പ്ലാസ്റ്റിക് മാലിന്യം വേണ്ടവിധത്തില്‍ സംസ്‌കരിക്കുന്നില്ലെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് എന്‍വയണ്‍മെന്റ് ഏജന്‍സി ഈ വ്യവസായ മേഖലയില്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. മൂന്ന് റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ ഇഎ നിയോഗിച്ചു. സംഘടിത കുറ്റവാളികളും മാഫിയ സംഘങ്ങളും ഈ വ്യവസായത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുന്‍ പോലീസ് ഉദ്യോസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിത്ത് ആറ് പ്ലാസ്റ്റിക് വെയിസ്റ്റ് കയറ്റുമതിക്കാരുടെ ലൈസന്‍സ് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഒരു സ്ഥാപനത്തിന്റെ 57 കണ്ടെയ്‌നറുകള്‍ മാലിന്യഭീതി മൂലം യുകെ തുറമുഖങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമാണ് ഇതാണ് സ്ഥിതി. പുതുതായി നിയോഗിക്കപ്പെട്ട സമിതിക്കു മുന്നില്‍ ഒട്ടേറെ ആരോപണങ്ങളാണ് അന്വേഷണത്തിനായി എത്തിയിരിക്കുന്നത്. കമ്പനികള്‍ പതിനായിരക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അത്രയും മാലിന്യം വാസ്തവത്തില്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. പ്ലാസ്റ്റിക് മാലിന്യം വേണ്ട വിധത്തില്‍ സംസ്‌കരിക്കാതെ നദികളിലും സമുദ്രത്തിലും ഉപേക്ഷിക്കുകയാണ് കമ്പനികള്‍ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നെതര്‍ലാന്‍ഡ്‌സ് വഴി കിഴക്കന്‍ നാടുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയമവിരുദ്ധമായി കയറ്റി അയക്കുന്നു, അണുബാധയുള്ള പ്ലാസ്റ്റിക് മാലിന്യം കയറ്റുമതി ചെയ്യുന്നത് അനുസ്യൂതം തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളും കമ്പനികള്‍ക്കെതിരെ ഉയരുന്നുണ്ട്. യുകെയിലെ വീടുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയത് 11 മില്യന്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. ഇവയില്‍ 75 ശതമാനം പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യവും കയറ്റുമതി ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 50 മില്യന്‍ പൗണ്ടിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മനുഷ്യ ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ട സംഭവത്തില്‍ ക്ലിനിക്കല്‍ വെയിസ്റ്റ് ഡിസ്‌പോസല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കി. എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്നുള്ള മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരാറെടുത്തിട്ടുള്ള ഹെല്‍ത്ത്‌കെയര്‍ എന്‍വയണ്‍മെന്റല്‍ സര്‍വീസസുമായുള്ള കരാറാണ് റദ്ദാക്കിയത്. ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ബാര്‍ക്ലേയ്‌സ് കോമണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. 15 എന്‍എച്ച്എസ് ട്രസ്റ്റുകളാണ് കമ്പനിക്കെതിരെ ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിയിരുന്നത്. കമ്പനിയുടെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ അതിന്റെ ശേഷിയേക്കാള്‍ അഞ്ചിരട്ടി മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായി ഹെല്‍ത്ത് സര്‍വീസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുറിച്ചു മാറ്റിയ അവയവങ്ങളും ക്യാന്‍സര്‍ ചികിത്സയുടെ അവശിഷ്ടങ്ങളുമടക്കം 350 ടണ്ണോളം മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നതെന്നാണ് എച്ച്എസ്‌ജെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്നും എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും മറ്റു പബ്ലിക് സര്‍വീസുകള്‍ക്കുമായി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും എച്ച്എസ്‌ജെ ആവശ്യപ്പെട്ടിരുന്നു. എന്തായാലും എന്‍എച്ച്എസ് സേവനങ്ങള്‍ സാധാരണ മട്ടില്‍ തുടരുമെന്ന് ഉറപ്പു നല്‍കുന്നതായി ബാര്‍ക്ലേ ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും മാലിന്യം മൂലം ഉണ്ടാകില്ലെന്നും മിനിസ്റ്റര്‍ വ്യക്തമാക്കി. ഹെല്‍ത്ത്‌കെയര്‍ എന്‍വയണ്‍മെന്റല്‍ സര്‍വീസസ് ആശുപത്രികളില്‍ നിന്നും പബ്ലിക് സര്‍വീസുകളില്‍ നിന്നും നടത്തുന്ന മാലിന്യ ശേഖരണം സംബന്ധിച്ച് ജൂലൈ 31ന് എന്‍വയണ്‍മെന്റ് ഏജന്‍സി ആശങ്ക അറിയിച്ചിരുന്നു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ നോര്‍മാന്റണിലെ സൈറ്റിലാണ് മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നത്. കമ്പനി നിയമാനുസൃതവും കരാര്‍ നിബന്ധനകള്‍ അനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കാന്‍ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് 48 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനു സാധിക്കാതെ വന്നതോടെയാണ് കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
RECENT POSTS
Copyright © . All rights reserved