weather
രാജ്യത്ത് ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. സൗത്ത് ഈസ്റ്റ് പ്രദേശങ്ങള്‍ മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടേക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വാഹനങ്ങള്‍ വഴിയില്‍ കുരുങ്ങാനും വിമാനങ്ങളും ട്രെയിനുകളും താമസിക്കാനോ സര്‍വീസുകള്‍ തന്നെ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. കനത്ത കാറ്റില്‍ വൈദ്യുതി വിതരണത്തിനും തടസമുണ്ടാകാനിടയുണ്ട്. റോഡുകളിലും നടപ്പാതകളിലും മറ്റും മഞ്ഞിന്റെ പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈക്കിള്‍ യാത്രക്കാര്‍ക്കും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള മഴമേഘങ്ങള്‍ ചൊവ്വാഴ്ച യുകെയില്‍ എത്തും. യുകെയിലെ തണുത്ത കാലാവസ്ഥയുമായി ഇത് ചേരുന്നതോടെ കനത്ത മഞ്ഞുവീഴ്ചയായിരിക്കും ഉണ്ടാകുക. ഉച്ചക്കു ശേഷം മഞ്ഞുവീഴ്ച ആരംഭിക്കും. വൈകുന്നേരത്തോടെ ഇത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും എത്തുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും കുറഞ്ഞത് 1 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയെങ്കിലും ഉണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 5 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെയാകാം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സതേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും ഇതേ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. രാജ്യത്തൊട്ടാകെ പൂജ്യത്തിലും താഴെയായിരിക്കും താപനില. ഇത് സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാമ പ്രദേശങ്ങളില്‍ മൈനസ് 7 വരെ പോകാനിടയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
ജനുവരി പകുതി വരെ സാധാരണ വിന്റര്‍ അനുഭവിച്ച ബ്രിട്ടനെ കാത്തിരിക്കുന്നത് അതി ശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുകയെന്ന് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മഞ്ഞുവീഴ്ചയുണ്ടാകുമോയെന്നും ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ അടുത്ത പതിപ്പ് രാജ്യത്ത് ആഞ്ഞടിക്കുമോ എന്നും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. ഇന്നുകൂടി ശരാശരി 9 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും രേഖപ്പെടുത്തുക. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ജനുവരിയില്‍ രേഖപ്പെടുത്തിയ ശരാശരിയേക്കാള്‍ 3.5 ഡിഗ്രി കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിനു ശേഷം കാലാവസ്ഥയില്‍ കാര്യമായ വ്യത്യാസമുണ്ടായേക്കുമെന്നാണ് വിവരം. ഇന്ന് രാത്രിയോടെ താപനില ഗണ്യമായി കുറയും. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് തണുത്ത കാറ്റ് എത്തും. ഈ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. തിങ്കളാഴ്ചയും തണുത്ത കാലാവസ്ഥ തുടരും. എന്നാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. പിന്നീട് തണുത്ത കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യത. ഇടയ്ക്ക് ചില ദിവസങ്ങളില്‍ തണുപ്പിന് ശമനമുണ്ടായേക്കും. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യം എത്തുമെന്നത് ഉറപ്പാണെങ്കിലും അത് എത്ര ദിവസത്തോളം നീണ്ടു നില്‍ക്കും എന്ന് പറയാന്‍ കഴിയില്ലെന്ന് സ്‌കൈ വെതര്‍ പ്രൊഡ്യൂസര്‍ ജോവാന റോബിന്‍സണ്‍ പറഞ്ഞു. അടുത്ത ആഴ്ചയോടെ തണുത്ത കാലാവസ്ഥ എത്തുമെങ്കിലും അത് ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയതായിരിക്കാന്‍ ഇടയില്ലെന്നാണ് മെറ്റ് ഓഫീസ് വക്താവ് പറയുന്നത്. ജനുവരിയുടെ രണ്ടാം പകുതി തണുത്തതായിരിക്കുമെന്നും മഞ്ഞുവീഴ്ചയുണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ലെന്നും വക്താവ് പറഞ്ഞു. 21-ാം തിയതി ആരംഭിക്കുന്ന ആഴ്ചയില്‍ കടുത്ത ശൈത്യമായിരിക്കും ബ്രിട്ടന്‍ അഭിമുഖീകരിക്കുകയെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം യുകെ അഭിമുഖീകരിക്കാനിരിക്കുന്നത് എട്ടു വര്‍ഷങ്ങള്‍ക്കിടയിടെ ഏറ്റവും കടുത്ത മഞ്ഞുകാലത്തെയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ആര്‍ട്ടിക് കാലാവസ്ഥയായിരിക്കും രാജ്യത്ത് വരുന്ന ആഴ്ചകളിലുണ്ടാകുക. ക്രിസ്മസ് വരെ പലയിടങ്ങളിലും താപനില മൈനസിലേക്ക് താഴുകയും മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്യും. ഇടവിട്ടുണ്ടാകുന്ന മഞ്ഞുവീഴ്ചയായിരിക്കും പ്രധാന പ്രത്യേകത. വൈറ്റ് ക്രിസ്മസായിരിക്കും ഇത്തവണയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഈയാഴ്ച ആദ്യമുണ്ടായ മഞ്ഞുവീഴ്ചയില്‍ രാജ്യത്തിന്റെ മിക്കയിടങ്ങളും മഞ്ഞു പുതച്ചു. ഈ വിന്ററിലെ ആദ്യ മഞ്ഞുവീഴ്ചയായിരുന്നു ഇത്. ഡെര്‍ബിഷയറിലും യോര്‍ക്ക് ഷയറിലും വാഹനങ്ങള്‍ ഓടിച്ചവര്‍ മഞ്ഞുവീഴ്ചയുണ്ടാക്കിയ ദുരിതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ക്രിസ്മസ് അടുക്കുമ്പോള്‍ മാത്രം കാണുന്ന വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായതെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സൈബീരിയയില്‍ നിന്നുള്ള മഞ്ഞുകാറ്റ് രാജ്യത്തേക്ക് എത്തിയതിന്റെ ഫലമായാണ് ഈ മഞ്ഞുവീഴ്ചയുണ്ടായത്. താപനില മൈനസ് പത്ത് വരെ താഴ്ന്നു. ഈ വര്‍ഷം യൂറോപ്പിന്റെ വടക്കന്‍ മേഖലകളില്‍ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുക എന്നാണ് വെതര്‍ കമ്പനിയുടെ പ്രിന്‍സിപ്പല്‍ മെറ്റീരിയോളജിസ്റ്റ് എലനോര്‍ ബെല്‍ പറയുന്നു. ജനുവരിയിലും ഫെബ്രുവരിയിലും കടുത്ത ശൈത്യം തുടരുമെന്നും ബെല്‍ പറഞ്ഞു. വരുന്ന ആഴ്ചകളിലെ ഇടവിട്ടു വരാനിടയുള്ള മഞ്ഞുവീഴ്ച ക്രിസ്മസ് വരെ തുടരാനിടയുണ്ടെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഈയാഴ്ച തണുത്ത കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് മെറ്റ് ഓഫീസിലെ ബെക്കി മിച്ചല്‍ പ്രവചിക്കുന്നത്. വീക്കെന്‍ഡില്‍ സൗത്ത് വെസ്റ്റ് മേഖലയില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഇടിമിന്നലുണ്ടാകില്ലെങ്കിലും മേഘാവൃതമായ കാലാവസ്ഥയും മഴയും ഉണ്ടാകും. 24 മണിക്കൂറിനുള്ളില്‍ 2 ഇഞ്ച് മഴയുണ്ടാകുമെന്നാണ് സൂചന. കടുത്ത കാലാവസ്ഥയില്‍ പവര്‍കട്ടിന് വീടുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനും ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.
ലണ്ടന്‍: ഈസ്റ്ററും മഞ്ഞില്‍ പുതയുമെന്ന മുന്നറിയിപ്പ് സ്ഥിരീകരിച്ച് മെറ്റ് ഓഫീസ്. ഇത്തവണ വൈറ്റ് ഈസ്റ്ററായിരിക്കുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ പ്രഭാവം ഇപ്പോഴും തുടരുകയാണ്. ശീതക്കാറ്റ് രാജ്യത്തേക്ക് വീണ്ടും എത്തും. അതിനാല്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും രാജ്യത്തെമ്പാടുമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ ചൊവ്വാഴ്ച മുതല്‍ തന്നെ മഞ്ഞുവീഴ്ചയക്ക് സാധ്യതയുണ്ട്. ആര്‍ട്ടിക് വായു പ്രവാഹം മൂലം ഈസ്റ്റര്‍ വാരാന്ത്യത്തിലെ താപനില മൈനസ് 10 വരെ താഴ്‌ന്നേക്കാം. ചിലയിടങ്ങളില്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ തന്നെ താപനില താഴുമെന്നാണ് കരുതുന്നത്. ഈ ശനിയു ഞായറും യുകെയില്‍ സൂര്യപ്രകാശമുള്ള ദിനങ്ങളായിരിക്കുമെന്നാണ മെറ്റ് ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തും. നോര്‍ത്തിലും സ്‌കോട്ട്‌ലന്‍ഡിലുമാണ് മഞ്ഞുവീഴ്ചയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഈയാഴ്ചയില്‍ യുകെയിലെ താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ 5 ഡിഗ്രി വരെ താപനിലയെത്തുന്നത് വിരളമായിരിക്കും. വിന്ററിനുശേഷം സ്പ്രിംഗിലും തുടരുന്ന മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും സൗത്ത് വെസ്റ്റ്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, കെന്റ് ഉള്‍പ്പെടെയുള്ള ഈസ്‌റ്റേണ്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈസ്റ്ററിന് ശേഷം കാലാവസ്ഥ മെച്ചപ്പെടുമെങ്കിലും ഏപ്രില്‍ പകുതിയോടെ വീണ്ടും കടുത്ത ശൈത്യത്തിന് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.
അടുത്ത ആഴ്ച്ചകളില്‍ യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന ശീതക്കാറ്റ് റഷ്യയില്‍ നിന്നും യുകെയുടെ പ്രദേശങ്ങളിലേക്ക് വരും ദിവസങ്ങളില്‍ എത്തിച്ചേരും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ മഞ്ഞു വീഴ്ച്ചയായിരിക്കും അടുത്ത ആഴ്ച്ചകളില്‍ വരാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികൂല കാലാസ്ഥമൂലം വൈദ്യൂതി തടസ്സവും ഗതാഗത തടസ്സവും നേരിടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇഗ്ലണ്ടിലും സ്‌കോട്‌ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ശക്തമായ മഞ്ഞു വീഴ്ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതി ശക്തമായ ശീതക്കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പുകളുണ്ട്. ഞാറാഴ്ച്ച രാത്രി മൈനസ് 5 ഡിഗ്രി താപനിലയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ താപനില ഈ ആഴ്ച്ച മുഴുവന്‍ തുടരാനാണ് സാധ്യത. മാര്‍ച്ച് മധ്യത്തോടെ കാലാവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലവസ്ഥമൂലം റോഡില്‍ ഗതാഗതം തടസ്സമുണ്ടാകുമെന്നും റെയില്‍വേ വിമാന സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു. ഗ്രാമീണ മേഖലകളില്‍ വൈദ്യതി മുടങ്ങാനും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ തകരാറ് സംഭവിക്കാനും സാധ്യതയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈസ്റ്റേണ്‍, സെന്‍ഡ്രല്‍ ഇഗ്ലണ്ടിലും കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. ചെവ്വാഴ്ച്ചയോടെ മഞ്ഞ് വീഴ്ച്ച സ്‌കോട്‌ലണ്ടിലേക്കും വെയില്‍സിലെ ചില പ്രദേശങ്ങളിലേക്കും നോര്‍ത്തേണ്‍ സൗത്തേണ്‍ ഇഗ്ലണ്ടിലേക്കും വ്യാപിക്കും. കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും യുകെ മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുള്ളത് കാരണം യെല്ലോ വാണിംഗ് (yellow warning) നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും 10സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ബുധനാഴ്ച്ച 15 സെന്റീമീറ്ററായി ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ നിരീക്ഷകന്‍ മാര്‍കോ മുന്നറിയിപ്പ് നല്‍കി. മഞ്ഞു വീഴ്ച്ച കനത്തതോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തു വന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ നിരത്തില്‍ കൂടുതല്‍ കരുതലോടെ വേണം വാഹനമോടിക്കാനെന്ന് അധികൃതര്‍ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved