whats app
അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ വാട്‌സാപ്പ് ഉപയോഗിക്കണമെന്ന് ജീവനക്കാര്‍ക്ക് എന്‍എച്ച്എസ് നിര്‍ദേശം. ആദ്യമായാണ് ഇത്തരമൊരു നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016ലെ ക്രോയ്‌ഡോണ്‍ ട്രാം അപകടം, കഴിഞ്ഞ വര്‍ഷമുണ്ടായ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തം, ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം, മാഞ്ചസ്റ്റര്‍ ഭീകരാക്രമണം എന്നിവയുടെ സമയത്ത് മെഡിക്കല്‍ രംഗത്തുള്ളവര്‍ വാട്‌സാപ്പ് കാര്യക്ഷമമായി ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ഉപയോഗിക്കുന്ന വിഷയത്തില്‍ ജീവനക്കാര്‍ക്കുള്ള ആശയക്കുഴപ്പം ഇതോടെ മാറും. പ്രൈവസി റൂളുകളും ഡേറ്റ ഷെയറിംഗ് നിയമങ്ങളും കണക്കിലെടുത്തുകൊണ്ടാണ് എന്‍എച്ച്എസിന്റെ നിര്‍ദേശം. എന്‍എച്ച്എസ് എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡാര്‍ഡുകള്‍ അനുസരിക്കുന്ന ആപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡിവൈസുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്, രോഗികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനായി ഡിവൈസിന്റെ ലോക്ക് സ്‌ക്രീനിലെ മെസേജ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. രോഗികള്‍ക്കായി പ്രത്യേകം ക്ലിനിക്കല്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കണം. മെഡിക്കല്‍ റെക്കോര്‍ഡിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തിലും വെസ്റ്റമിന്‍സ്റ്റര്‍ ഭീകരാക്രമണത്തിലും ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനങ്ങളിലൂടെ മികച്ച ഏകോപനമാണ് സാധ്യമായതെന്ന് ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ അനസ്‌തേഷ്യ കണ്‍സള്‍ട്ടന്റായ ഡോ.ഹെല്‍ജി ജോഹാന്‍സണ്‍ പറയുന്നു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് എന്‍എച്ച്എസ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് ഇനിമുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ അനുമതിയില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വയസിന്റെ കോളത്തില്‍ 16ന് താഴെയാണെന്ന് രേഖപ്പെടുത്തിയാല്‍ ഓട്ടോമാറ്റിക്കായി അനുമതി നിഷേധിക്കപ്പെടും. പുതിയ പ്രൈവസി നിയമം ഒരാഴ്ച്ചയ്ക്കകം നിലവില്‍ വരുമെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയിസ്ബുക്കും തങ്ങളുടെ ഡാറ്റ പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ 13 വയസാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി. ലോകത്തില്‍ തന്നെ ഏറെ പ്രചാരമുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. 2009ല്‍ പുറത്തിറങ്ങിയ ആപ്പിന് കോടിക്കണക്കിന് ഉപഭോക്താക്കള്‍ സ്വന്തമായുണ്ട്. കമ്പനിയുടെ പ്രായപരിധി സംബന്ധിച്ച ഡാറ്റ പോളിസിയിലെ മാറ്റം യൂറോപ്പില്‍ മാത്രമാണ് ബാധകമാവുക. വാട്‌സ്ആപ്പും ഫെയിസ്ബുക്കും ഒരേ കമ്പനിയുടെ കീഴിലാണെങ്കിലും ഇരു കൂട്ടര്‍ക്കും വ്യത്യസ്തമായ ഡാറ്റ പോളിസിയാണ് നിലവിലുള്ളത്. യൂറോപ്പില്‍ ജീവിക്കുന്ന 13 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഫെയിസ്ബുക്കിന് നല്‍കണമെങ്കില്‍ മാതാപിതാക്കളുടെയോ അല്ലെങ്കില്‍ ഗാര്‍ഡിയന്റെയോ നോമിനേഷന്‍ അത്യാവശ്യമാണെന്ന് പുതിയ ഡാറ്റ പോളിസി നിര്‍ദേശിക്കുന്നു. ഇത്തരം നോമിനേഷനുകള്‍ ലഭിക്കാത്ത അക്കൗണ്ടുകള്‍ക്ക് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മുഴുവനായും ഉപയോഗിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ ജനറല്‍ ഡാറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ നിയമത്തിന് വിധേയമായിട്ടാണ് പുതിയ ഡാറ്റ പോളിസിയുമായി ഫേസ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്. ബ്രിട്ടീഷ് പൊളിറ്റിക്കല്‍ അനാലിസിസ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതേസമയം പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത് ഉപഭോക്താക്കളുടെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ മനസിലാക്കുന്നതിനല്ലെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. ഉപഭോക്താക്കള്‍ നല്‍കിയിട്ടുള്ള പരിമിതമായ വിവരങ്ങള്‍ സുരക്ഷിതമായ സൂക്ഷിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് ബ്ലോഗില്‍ കുറിച്ചു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോഗിക്കുന്നതും ഫെയിസ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള വാട്‌സ്ആപ്പിന്റെ തീരുമാനവും നേരത്തെ വിവാദമായിരുന്നു.
ന്യൂയോര്‍ക്ക്: ഫെയിസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വാട്സ് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചു കോടി ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചേര്‍ത്തിയ സാഹചര്യത്തിലാണ് ബ്രയാന്‍ ആക്റ്റന്‍ ഇത്തരമൊരു ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ക്രേംബിജ് അനലിറ്റിക്ക ചോര്‍ത്തിയ വിവരങ്ങള്‍ പല രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യങ്ങളെ തുടര്‍ന്ന് ഫെയിസ്ബുക്ക് ഓഹരി ഗണ്യമായ തകര്‍ച്ച നേരിടുകയാണ്. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെയിസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാന്‍ കൗമിനോട് കൂടെ ചേര്‍ന്ന് ബ്രയാന്‍ ആക്റ്റ് നിര്‍മ്മിച്ച മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് 2014ലിലാണ് ഉടമസ്ഥാവകാശം ഫെയിസ്ബുക്കിന് കൈമാറുന്നത്. ഏതാണ്ട് 1900 കോടി ഡോളറിനാണ് വില്‍പ്പന നടന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ബ്രയാന്‍ ആക്റ്റിന്റെ പുതിയ പ്രസ്താവന ഇവരുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.
RECENT POSTS
Copyright © . All rights reserved