winter
ബ്രിട്ടനില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി താപനില ഈ വിന്ററിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു. മഞ്ഞു നിറഞ്ഞ മോട്ടോര്‍വേകളില്‍ നൂറുകണക്കിന് കാറുകള്‍ യാത്രക്കാര്‍ ഉപേക്ഷിച്ചു. വിമാനത്താവളങ്ങളും അടച്ചിട്ടു. സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ബ്രെയ്മറില്‍ മൈനസ് 15 ഡിഗ്രിയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അതേസമയം, ശനിയാഴ്ച രാത്രി സ്‌കോട്ട്‌ലന്‍ഡിലെ താപനില മൈനസ് 16 ഡിഗ്രി വരെ താഴ്‌ന്നേക്കാമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളിലും മൈനസ് താപനില രണ്ടക്കം കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധന്‍ അലക്‌സ് ബേര്‍ക്കില്‍ പറഞ്ഞു. നോര്‍ത്തിലും വെസ്റ്റിലും ഈസ്റ്റിലും മഞ്ഞുമഴയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ച തണുപ്പേറിയ ദിവസമായിരിക്കും. സൗത്തില്‍ തണുത്ത കാറ്റിന് സാധ്യതയുണ്ട്. എങ്കിലും മിക്കയിടങ്ങളിലും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വ്യാഴാഴ്ചയ്ക്ക് സമാനമായിരിക്കും ശനിയാഴ്ച രാത്രിയെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ താപനില കൂടുതല്‍ താഴുകയും ചെയ്യും. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ച മുതല്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിക്ക പ്രദേശങ്ങളും, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരം, തെക്കന്‍ പ്രദേശങ്ങള്‍, വെയില്‍സിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ വാണിംഗ് ബാധകമാകും. വെള്ളിയാഴ്ച 14 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് സൗത്ത് വെസ്റ്റില്‍ രേഖപ്പെടുത്തിയത്. മഞ്ഞുവീണ റോഡുകളില്‍ ഗതാഗതം നിലച്ചതോടെ കാറുകള്‍ ഉപേക്ഷിച്ച് യാത്രക്കാര്‍ മറ്റിടങ്ങളില്‍ അഭയം തേടി. ഏഴു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഫെബ്രുവരി താപനിലയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സ്‌കൂളുകള്‍ പലതും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ബ്രിസ്റ്റോളിലെ പകുതിയോളം സ്‌കൂളുകളും ബക്കിംഗ്ഹാംഷയറില്‍ 300 ഓളം സ്‌കൂളുകളും കോണ്‍വാളില്‍ 150ലേറെ സ്‌കൂളുകളും അടച്ചിട്ടുവെന്നാണ് വിവരം.
വിന്റര്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് കടക്കുന്നുവെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. യുകെയില്‍ പലയിടങ്ങളിലും താപനില മൈനസ് 9 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും കുറഞ്ഞ താപനിലയും അനുഭവപ്പെടുമെന്നും ശീതക്കാറ്റ് ബ്രിട്ടനില്‍ എത്തിയിരിക്കുകയാണെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. വീക്കെന്‍ഡില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലായിരിക്കും മൈനസ് 9 വരെ താപനില താഴുക. സൗത്തില്‍ കുറച്ചുകൂടി മെച്ചമായിരിക്കുമെങ്കിലും ശൈത്യം തന്നെയായിരിക്കും തുടരുക. ഫെബ്രുവരിയിലേക്കും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് മെറ്റ് ഓഫീസ് ചീഫ് മെറ്റീരിയോളജിസ്റ്റ് ആന്‍ഡി പേജ് പറയുന്നു. നിലവില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരും. മേഘാവൃതമായ അന്തരീക്ഷവും മഴയും ആലിപ്പഴം വീഴ്ചയും വാരാന്ത്യത്തില്‍ തെക്കന്‍ മേഖലകളില്‍ പ്രതീക്ഷിക്കാം. സെന്‍ട്രല്‍ ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ മഴയോ ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയോ ഉണ്ടാകാനിടയുണ്ട്. ഹൈലാന്‍ഡ്‌സിലും സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാംപിയന്‍സിലും മഞ്ഞുവീഴ്ചയുണ്ടാകും. പിന്നീട് ഇത് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പെനൈന്‍സിലേക്കും വെയില്‍സിലെ സ്‌നോഡോണിയയിലേക്കും വ്യാപിക്കും. അടുത്തയാഴ്ചയും ശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. രാജ്യത്തൊട്ടാകെ കനത്ത മഴയും ആലിപ്പഴം വീഴ്ചയും ഉണ്ടാകും. അതായത് ശൈത്യം കുറച്ചു കാലത്തേക്ക് രാജ്യത്ത് തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒട്ടേറെ അനിശ്ചിതത്വം ഇക്കാര്യത്തില്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.
ജനുവരി പകുതി വരെ സാധാരണ വിന്റര്‍ അനുഭവിച്ച ബ്രിട്ടനെ കാത്തിരിക്കുന്നത് അതി ശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുകയെന്ന് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മഞ്ഞുവീഴ്ചയുണ്ടാകുമോയെന്നും ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ അടുത്ത പതിപ്പ് രാജ്യത്ത് ആഞ്ഞടിക്കുമോ എന്നും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. ഇന്നുകൂടി ശരാശരി 9 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും രേഖപ്പെടുത്തുക. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ജനുവരിയില്‍ രേഖപ്പെടുത്തിയ ശരാശരിയേക്കാള്‍ 3.5 ഡിഗ്രി കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിനു ശേഷം കാലാവസ്ഥയില്‍ കാര്യമായ വ്യത്യാസമുണ്ടായേക്കുമെന്നാണ് വിവരം. ഇന്ന് രാത്രിയോടെ താപനില ഗണ്യമായി കുറയും. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് തണുത്ത കാറ്റ് എത്തും. ഈ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. തിങ്കളാഴ്ചയും തണുത്ത കാലാവസ്ഥ തുടരും. എന്നാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. പിന്നീട് തണുത്ത കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യത. ഇടയ്ക്ക് ചില ദിവസങ്ങളില്‍ തണുപ്പിന് ശമനമുണ്ടായേക്കും. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യം എത്തുമെന്നത് ഉറപ്പാണെങ്കിലും അത് എത്ര ദിവസത്തോളം നീണ്ടു നില്‍ക്കും എന്ന് പറയാന്‍ കഴിയില്ലെന്ന് സ്‌കൈ വെതര്‍ പ്രൊഡ്യൂസര്‍ ജോവാന റോബിന്‍സണ്‍ പറഞ്ഞു. അടുത്ത ആഴ്ചയോടെ തണുത്ത കാലാവസ്ഥ എത്തുമെങ്കിലും അത് ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയതായിരിക്കാന്‍ ഇടയില്ലെന്നാണ് മെറ്റ് ഓഫീസ് വക്താവ് പറയുന്നത്. ജനുവരിയുടെ രണ്ടാം പകുതി തണുത്തതായിരിക്കുമെന്നും മഞ്ഞുവീഴ്ചയുണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ലെന്നും വക്താവ് പറഞ്ഞു. 21-ാം തിയതി ആരംഭിക്കുന്ന ആഴ്ചയില്‍ കടുത്ത ശൈത്യമായിരിക്കും ബ്രിട്ടന്‍ അഭിമുഖീകരിക്കുകയെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്‌നോബോംബ് കാലാവസ്ഥാ മുന്നറിയിപ്പിനു മുന്നോടിയയി വിന്ററില്‍ അസുഖങ്ങളുണ്ടാകാതിരിക്കാന്‍ ടിപ്പുകള്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഈ വര്‍ഷവും വരും എന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്. ജനങ്ങള്‍ വ്യായാമം ചെയ്യുകയും വൈറ്റമിന്‍ ഡി കഴിക്കുകയും വേണമെന്ന് എന്‍എച്ച്എസ് നിര്‍ദേശങ്ങളില്‍ പറയുന്നു. അമിത ശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനുവരി അവസാനത്തോടെ താപനില പൂജ്യത്തിലും താഴെയെത്തുമെന്നും 2006ലെ യൂറോപ്യന്‍ കോള്‍ഡ് വേവിന് സമാനമായിരിക്കും അവസ്ഥയെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് നടപടി. കഴിഞ്ഞ വര്‍ഷം ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മ ചുഴലിക്കാറ്റും മൂലം എന്‍എച്ച്എസ് ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു. എന്‍എച്ച്എസ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വീടുകള്‍ക്ക് ഉള്‍വശം 18 ഡിഗ്രി വരെയായി നിലനിര്‍ത്തുക പനി, ജലദോഷം, ന്യുമോണിയ, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയവ വരാതിരിക്കാന്‍ ചൂടുള്ള അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ട്. ഡിപ്രഷന്‍ പോലെയുള്ള മാനസിക പ്രശ്‌നങ്ങളും കടുത്ത ശൈത്യത്തില്‍ ഉടലെടുത്തേക്കാം. അതിനാല്‍ മുറികളിലെ താപനില കുറഞ്ഞത് 18 ഡിഗ്രി വരെയെങ്കിലുമായി നിലനിര്‍ത്തണം. തണുത്ത വായു ശ്വസിക്കുന്നത് ചെസ്റ്റ് ഇന്‍ഫെക്ഷന്‍ വരുത്തിയേക്കാം. അതിനാല്‍ തണുത്ത കാറ്റ് അകത്തു കയറാതെ ജനലുകള്‍ അടച്ചിടണം. പ്രായമായവരെ ശ്രദ്ധിക്കുക അതിശൈത്യം ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രായമായവരെയാണ്. അതുകൊണ്ടു തന്നെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമായ പ്രായമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇവരെ ഇടക്ക് സന്ദര്‍ശിക്കുന്നത് നന്നായിരിക്കുമെന്നും എന്‍എച്ച്എസ് പറയുന്നു. അത്യാവശ്യ മരുന്നുകള്‍ ശേഖരിക്കുക വിന്റര്‍ മാസങ്ങളില്‍ അത്യാവശ്യമായ മരുന്നുകള്‍ ശേഖരിച്ചാല്‍ ഡോക്ടറെയോ നഴ്‌സിനെയോ കാണുന്നത് ഒഴിവാക്കാനാകും. ജലദോഷം, ചുമ, ചെവിയിലെ അണുബാധ, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പാരസെറ്റമോള്‍, ഐബൂപ്രൂഫെന്‍ തുടങ്ങിയവ ധാരാളമാണ്. വൈറ്റമിനുകള്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടും. വെയില്‍ ലഭിക്കാത്ത മാസങ്ങളായതിനാല്‍ വൈറ്റമിന്‍-ഡി സപ്ലിമെന്റുകള്‍ അനിവാര്യമാണ്. വിന്ററില്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപകമായി കാണാറുണ്ട്. ഇത് എന്‍എച്ച്എസിന് സമ്മര്‍ദ്ദമേറ്റുകയും ചെയ്യും. പനി ബാധിച്ചവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് ഇത് പകരുന്നത്. ഇത് ഒഴിവാക്കാന്‍ മൂക്ക് തുടക്കാനും മറ്റും ഉപയോഗിക്കുന്ന ടിഷ്യൂ എത്രയും വേഗം ബിന്നില്‍ നിക്ഷേപിക്കുക. വ്യായാമം വിന്റര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വലിയൊരു പ്രതിവിധിയാണ്. വീടുകള്‍ക്കുള്ളിലാണെങ്കിലും വ്യായാമം മുടക്കാതിരിക്കുക. വ്യായാമം ശരീര താപനില ഉയര്‍ത്തും. ആസ്ത്മ രോഗികള്‍ ഇന്‍ഹേലറുകള്‍ എപ്പോഴും ഒപ്പം കരുതണമെന്നും എന്‍എച്ച്എസ് നിര്‍ദേശിക്കുന്നു.
ബ്രിട്ടീഷ് വിന്ററില്‍ സംരക്ഷണത്തിന് ആവശ്യമായ വസ്ത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ പരിക്കേറ്റുവെന്ന് ആഫ്രിക്കന്‍ വംശജനായ സൈനികന്‍. മൈക്കിള്‍ അസിയാമാ എന്ന സൈനികനാണ് മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തണുത്തു മരവിക്കുന്ന കാലാവസ്ഥയില്‍ തണുപ്പില്‍ നിന്ന് രക്ഷ നല്‍കുന്ന വസ്ത്രങ്ങള്‍ നല്‍കാതെ 18 മണിക്കൂര്‍ നീണ്ടുനിന്ന എക്‌സര്‍സൈസില്‍ പങ്കെടുപ്പിച്ചുവെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ക്ക് കടുത്ത ശൈത്യത്തില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടാകുമെന്ന വസ്തുത അറിയാമായിരുന്നിട്ടും കടുത്ത കാലാവസ്ഥയില്‍ തന്നെ നിയോഗിക്കുകയായിരുന്നുവെന്ന് അസിയാമാ പരാതിപ്പെടുന്നു. സാലിസ്ബറി പ്ലെയിനിലും ലെസ്റ്റര്‍ഷയറിലെ നെയിസ്ബി ബാറ്റില്‍ഫീല്‍ഡിലും നടന്ന എക്‌സര്‍സൈസുകളില്‍ സാധാരണ വേഷത്തില്‍ പങ്കെടുത്ത തനിക്ക് ശരീരത്തിന് മരവിപ്പും കടുത്ത വേദനയും അനുഭവപ്പെട്ടതായി അസിയാമാ ഹൈക്കോടതിയില്‍ പറഞ്ഞു. മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ 150,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍. 2016 മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിന്ററിനെ പ്രതിരോധിക്കുന്ന ഗ്ലൗസ്, വിന്റര്‍ സോക്‌സ്, ബൂട്ട്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് കൊണ്ടു വരണമെന്ന് തന്റെ മേലുദ്യോഗസ്ഥര്‍ പറഞ്ഞിരുന്നില്ലെന്നും ഇത്രയും കടുത്ത തണുപ്പ് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ മുന്നോട്ടു പോകാനാണ് നിര്‍ദേശം ലഭിച്ചതെന്നും അസിയാമാ പറഞ്ഞു. അഡജറ്റന്റ് ജനറല്‍സ് കോറിലായിരുന്നു അസിയാമാ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ എച്ച്ആര്‍, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഐടി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് അഡജറ്റന്റ് ജനറല്‍സ് കോര്‍ ആണ്. 15 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള തണുപ്പില്‍ തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതിയില്‍ ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. നെയിസ്ബിയില്‍ സിവിലിയന്‍ വേഷത്തില്‍ അഞ്ചു മണിക്കൂര്‍ ലെക്ചര്‍ കേള്‍ക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് സാലിസ്ബറി പ്ലെയിനില്‍ നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കേണ്ടി വന്നത്. പുലര്‍ച്ചെ മുതര്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ജോലികളായിരുന്നു ഇവിടെ ചെയ്യേണ്ടി വന്നത്. 2009ല്‍ നടന്ന ഒരു പഠനത്തില്‍ കറുത്തവരായ ബ്രിട്ടീഷ് സൈനികര്‍ക്ക് തണുത്ത കാലാവസ്ഥ താങ്ങാനുള്ള ശേഷി വെളുത്തവരേക്കാള്‍ കുറവാണെന്ന് വ്യക്തമായിരുന്നു. ഈ പഠന റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കിയ റിട്ടില്‍ അസിയാമാ നല്‍കിയിട്ടുണ്ട. തണുത്ത കാലാവസ്ഥയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളവരെ എത്രയും പെട്ടെന്നു തന്നെ സ്ഥലത്തു നിന്ന് മാറ്റണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പറയുന്നത്. എന്നാല്‍ ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നുവെന്നാണ് സൈനികോദ്യോഗസ്ഥര്‍ പ്രതികരിച്ചത്. 36 കാരനായ അസിയാമാ ഘാനയിലാണ് ജനിച്ചത്. 2016 ഒക്ടോബര്‍ വരെ ഇദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. വില്‍റ്റ്ഷയറിലെ റ്റിഡ്വര്‍ത്തില്‍ ഒരു ഇവാഞ്ജലിക്കല്‍ ചര്‍ച്ചിന് നേതൃത്വം നല്‍കുകയാണ് ഇദ്ദേഹം ഇപ്പോള്‍.
Copyright © . All rights reserved