Women
ലണ്ടന്‍: സ്ത്രീകള്‍ ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ലിവര്‍ സിറോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. മദ്യം ഭക്ഷണത്തിനൊപ്പമല്ലാതെ കഴിക്കുന്നത് ലിവര്‍ സിറോസിസ് വരാനുള്ള കാരണമായേക്കും. ഇത്തരക്കാരില്‍ സിറോസിസ് വരാന്‍ 66 ശതമാനം സാധ്യതകളേറെയാണെന്ന് മെഡിക്കല്‍ വിദഗ്ദ്ധരടങ്ങിയ പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 16 വര്‍ഷത്തിനിടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ വളര്‍ച്ചയാണെന്നും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്ഥിര മദ്യപാനം ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും പഠനം പറയുന്നു. അതേസമയം ഭക്ഷണത്തിനൊപ്പം മദ്യം കഴിക്കുന്നത് കരള്‍ രോഗത്തില്‍ നിന്ന് സ്ത്രീകളെ അകറ്റുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് പോപുലേഷന്‍ ഹെല്‍ത്ത്, ഒാക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റേച്ചല്‍ സിംപ്‌സണ്‍ നേതൃത്വത്തിലാണ് പഠനം നടന്നിരിക്കുന്നത്. യുവതികളില്‍ സമീപകാലത്ത് ആല്‍ക്കഹോള്‍ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുലകളിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗത്തില്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഏതാണ്ട് 55 ശതമാനം വര്‍ദ്ധനവാണ് സ്ത്രീ രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നും ഇന്‍സ്റ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിലെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സെവറി പറഞ്ഞു. സമീപകാലത്ത് സ്ത്രീകളെ ലക്ഷ്യമാക്കി വിപണിയിലെ മാറ്റങ്ങള്‍ നമുക്ക് മനസിലാക്കാവുന്നതേയുള്ളുവെന്നും രോഗശതമാനത്തിലെ വര്‍ദ്ധനവ് ഒട്ടും അദ്ഭുതം ഉളവാക്കുന്നതല്ലെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജസ് അഡ്മിഷന്‍ ബോഡിയായ യുകാസ് പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളിലെ ഒട്ടുമിക്ക കോഴ്‌സുകളിലേക്കും മെഡിക്കല്‍ കോഴ്‌സുകളിലേക്കും മുമ്പില്ലാത്ത വിധത്തിലാണ് അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. ഇവയില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഈ വിധത്തില്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്കും മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്ററിനറി പോലെയുള്ള കോഴ്‌സുകളിലേക്കും റെക്കോര്‍ഡ് അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിനേക്കാള്‍ 7 ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 15 ആയിരുന്നു ഇവയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി ഗവണ്‍മെന്റ് മെഡിക്കല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചു വര്‍ഷത്തിനിടെ മെഡിസിന്‍ കോഴ്‌സുകള്‍ക്ക് ലഭിച്ച റെക്കോര്‍ഡ് ആപ്ലിക്കേഷനുകളാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 22,340 പേര്‍ ഈ വര്‍ഷം മെഡിസിന് അപേക്ഷിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2020 ഓടെ 1500 അധികം ഡോക്ടര്‍മാരെ പരിശീലിപ്പിക്കുമെന്ന് മുന്‍ ഹെല്‍ത്ത് മിനിസ്റ്ററായിരുന്ന ജെറമി ഹണ്ട് 2016ല്‍ പ്രഖ്യാപിച്ചിരുന്നു. ബ്രെക്‌സിറ്റിനു ശേഷം ഡോക്ടര്‍മാരുടെ കാര്യത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടുന്നതിനായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 500 അധിക സീറ്റുകള്‍ ഈ വര്‍ഷം അനുവദിച്ചു. ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മേഖലകളായ സന്‍ഡര്‍ലാന്‍ഡ്, ലങ്കാഷയര്‍, കാന്റര്‍ബറി, ലിങ്കണ്‍, ചെംസ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ സ്‌കൂളുകളും ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളാണ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷം. 25,670 പെണ്‍കുട്ടികള്‍ ആകെ അപേക്ഷകരായുണ്ട്. 12 ശതമാനം വര്‍ദ്ധനയാണ് ഇതില്‍ മുന്‍ വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയത്. 19,980 ആണ്‍കുട്ടികളും കോഴ്‌സുകള്‍ക്കായി അപേക്ഷ നല്‍കി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 6 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യുകെയിലെ പെണ്‍കുട്ടികളിലെയും യുവതികളിലെയും സന്തുഷ്ടിയുടെ നിരക്ക് സാരമായി കുറഞ്ഞതായി പഠനം. 25 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തിയത്. 2009ല്‍ ഈ നിരക്ക് 41 ശതമാനമായിരുന്നു. പരീക്ഷകളും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് ഈ അസന്തുഷ്ടിക്ക് കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നു. ഗേള്‍ഗൈഡിംഗ് ഓര്‍ഗനൈസേഷനു വേണ്ടി ഏഴ് മുതല്‍ 21 വയസു വരെയുള്ളവരില്‍ നടത്തിയ ആറ്റിറ്റിയൂഡ് സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പ്രായമേറിയവരിലാണ് അസന്തുഷ്ടിയുടെ നിരക്ക് ഏറെയെന്നും പഠനം പറയുന്നു. 17 മുതല്‍ 21 വയസു വരെ പ്രായമുള്ളവരില്‍ 27 ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് പറഞ്ഞു. 2009ല്‍ ഇത് വെറും 11 ശതമാനം മാത്രമായിരുന്നു. ഈ അസന്തുഷ്ടി ഇവരുടെ ആത്മവിശ്വാസത്തെ 61 ശതമാനവും ആരോഗ്യത്തെ 50 ശതമാനവും ബന്ധങ്ങളെ 49 ശതമാനവും പഠനത്തെ 39 ശതമാനവും ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. 69 ശതമാനം പേരില്‍ സ്‌കൂള്‍ പരീക്ഷകളാണ് അവരുടെ മാനസിക സമ്മര്‍ദ്ദത്തിന് പ്രധാന കാരണം. 59 ശതമാനം പേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും അസന്തുഷ്ടിക്ക് കാരണമാകുന്നുണ്ട്. അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ദയാരഹിതമായി പെരുമാറ്റങ്ങളും ഭീഷണികളും മോശം പെരുമാറ്റങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളി. 1900 പെണ്‍കുട്ടികളിലാണ് സര്‍വേ നടത്തിയത്. പെണ്‍കുട്ടികള്‍ ഓണ്‍ലൈനില്‍ ഏറെ സമയം ചെലവഴിക്കുന്നതായും അവരുടെ സാമൂഹ്യ ജീവിതം കുറഞ്ഞു വരുന്നതായും സര്‍വേ ആശങ്കപ്പെടുന്നു. വ്യക്തിബന്ധങ്ങളാണ് സാമൂഹിക സന്തുഷ്ടിയുടെ പ്രധാന ഘടകം. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ പെണ്‍കുട്ടികളുടെ സോഷ്യലൈസേഷനില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
RECENT POSTS
Copyright © . All rights reserved