Work
സ്റ്റേറ്റ് പെന്‍ഷന്‍ പ്രായത്തിനു മേലും ജോലി ചെയ്യുന്നവരില്‍ നിന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. 12 ശതമാനം കെയര്‍ ടാക്‌സ് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ പ്രതിവര്‍ഷം 2 ബില്യന്‍ പൗണ്ട് സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രായമായവര്‍ക്ക് കൂടുതല്‍ പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതിക്കായാണ് ഈ നികുതിയേര്‍പ്പെടുത്തുന്നതെന്നാണ് വിവരം. എന്നാല്‍ സോഷ്യല്‍ കെയറിനു വേണ്ടി പെന്‍ഷന്‍ പ്രായത്തിനു ശേഷവും ജോലി ചെയ്യുന്നവരില്‍ നിന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് ഈടാക്കാനുള്ള നീക്കം ശരിയല്ലെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്ററും ടോറി പിയറുമായ ബാരോണസ് ആള്‍ട്ട്മാന്‍ പറഞ്ഞു. തങ്ങളുടെ പെന്‍ഷന്‍ തുകകൊണ്ടു മാത്രം ജീവിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് പലരും മറ്റു ജോലികള്‍ ചെയ്യുന്നത്. ഇത്തരക്കാരില്‍ നിന്ന് സോഷ്യല്‍ കെയറിനായി പണമീടാക്കുന്നത് ശരിയായ നടപടിയല്ലെന്ന് അവര്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെയര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ കെയര്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ കെയര്‍ ഒരു ദേശീയ വിഷയമാണ്. നികുതി വ്യവസ്ഥയില്‍ നിന്ന് ദേശീയ തലത്തില്‍ത്തന്നെ ഇതിന് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. ജീവിതമാര്‍ഗ്ഗത്തിനായി പെന്‍ഷന് ശേഷവും ജോലികള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരെ അതില്‍ നിന്ന് ഈ പദ്ധതി പിന്തിരിപ്പിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് നാഷണല്‍ പെന്‍ഷനേഴ്‌സ് കണ്‍വെന്‍ഷനിലെ നീല്‍ ഡങ്കന്‍ ജോര്‍ദാന്‍ പ്രകടിപ്പിച്ചത്. പ്രായം 18 ആയാലും 88 ആയാലും ഒരു പരിധിക്കുമേല്‍ വരുമാനമുണ്ടെങ്കില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇതുകൊണ്ടു മാത്രം സോഷ്യല്‍ കെയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലിടങ്ങളില്‍ ബ്രിട്ടീഷുകാരേക്കാള്‍ മികവ് പ്രകടിപ്പിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ മൈഗ്രേഷന്‍ അഡ്വൈസര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് കുടിയേറ്റത്തില്‍ വരുത്താനിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ബ്രിട്ടീഷ് തൊഴിലുടമകള്‍ക്ക് ആശങ്കയുണ്ടെന്ന് ഹോംഓഫീസിന്റെ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ബിസിനസുകളില്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതം ഏതുവിധത്തിലായിരിക്കുമെന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തൊഴിലിടങ്ങളില്‍ വിദഗ്ദ്ധരായ തൊഴിലാളികളുടെ കുറവ് നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുമെന്നും മികച്ച തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കാതെ വരുമെന്നും ബിസിനസ് ഉടമകള്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ തൊഴിലുടമകളുടെ അവകാശവാദം സാഹചര്യങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും നല്ല ശമ്പളം നല്‍കിയാല്‍ ഇത്തരം ഒഴിവുകളിലേക്ക് ബ്രിട്ടീഷുകാരെത്തന്നെ നിയമിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് വിലിയിരുത്തുന്നുണ്ട്. തൊഴിലുടമകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും കുടിയേറ്റത്തില്‍ വരുത്താനിരിക്കുന്ന നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന വ്യവസായികളുടെ ആവശ്യത്തിന് ഈ റിപ്പോര്‍ട്ട് ശക്തി പകരുമെന്നാണ് കരുതുന്നത്. ബ്രിട്ടീഷുകാരേക്കാള്‍ യൂറോപ്യന്‍ പൗരന്‍മാര്‍ കഠിനാദ്ധ്വാനികളാണെന്നാണ് തൊഴിലുടമകള്‍ പറയുന്നത്. ഈ വാദത്തിനും റിപ്പോര്‍ട്ട് പിന്തുണ നല്‍കും. ജോലിക്ക് ഹാജരാകാതിരിക്കുന്നതിന്റെ നിരക്കും യൂറോപ്യന്‍ ജീവനക്കാര്‍ക്കിടയില്‍ കുറവാണ്. ലോ-സ്‌കില്‍ ജോലികളില്‍ പോലും ബ്രിട്ടീഷ് ജീവനക്കാര്‍ എടുക്കുന്നതിന്റെ 40 ശതമാനം അവധി മാത്രമേ ഈസ്റ്റ് യൂറോപ്പില്‍ നിന്നുള്ള ജീവനക്കാര്‍ എടുക്കാറുള്ളുവെന്നും പഠനം പറയുന്നു.
RECENT POSTS
Copyright © . All rights reserved