world cup
2030 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ നീക്കങ്ങള്‍ സജീവമാക്കി ഫുട്‌ബോള്‍ അസോസിയേഷന്‍. ഗവണ്‍മെന്റ് ബോഡിയായ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിനായുള്ള അവകാശവാദം ഉന്നയിക്കുമെന്ന് വ്യക്തമാക്കി. ഈ നീക്കം വിജയിച്ചാല്‍ 64 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നത്. 34 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന പ്രമുഖ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. യൂറോ 2020ന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെംബ്ലിയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനായി ഒരു സംയുക്ത ബിഡ് നല്‍കേണ്ടി വരും. ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ ഒരു സംയുക്ത നീക്കം നടത്തിയാല്‍ അതിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള നീക്കങ്ങള്‍ക്കും യുവേഫയുടെ നാമനിര്‍ദേശവും ഫിഫയില്‍ അംഗങ്ങളായ 211 രാജ്യങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഈ നീക്കം നടത്താനുള്ള അന്തിമ തീരുമാനം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വരും. മൊറോക്കോയും 2030 ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായി അപേക്ഷിക്കാനാണ് പദ്ധതി. 2018 ലോകകപ്പിനായി ഇംഗ്ലണ്ട് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഒടുവില്‍ അത് റഷ്യക്ക് ലഭിക്കുകയായിരുന്നു. 2026ല്‍ അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നിവര്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് സമാനമായ ഫോര്‍മാറ്റ് ആയിരിക്കും 2030ലും. 48 ടീമുകളും 80 മത്സരങ്ങളും നടക്കും.
മോസ്‌ക്കോ: കളത്തിലും പുറത്തും കാഴ്ചക്കാരായി രണ്ട് ദൈവങ്ങള്‍. ലയണല്‍ മെസ്സിയും ഡീഗോ മാറഡോണയും. നിസ്സഹായരായ ഈ രണ്ട് കാഴ്ചക്കാരെയും സാക്ഷികളാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഒരു ദുരന്തമായി മാറി. ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം അടിയറവ് പറഞ്ഞത്. ക്രൊയേഷ്യയോട് തോറ്റത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീന ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കി. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേത് ഗോളി വില്ലി കബല്ലെറോയുടെ സമ്മാനം. അതില്‍ താളം തെറ്റിയവരുടെ പോസ്റ്റിലേയ്ക്ക് പിന്നീട് സൂപ്പര്‍താരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റുകയും ചെയ്തു. ഈ ജയത്തോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു  പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്. അര്‍ജന്റജീന ഒരു ഗോളിന്റെ വക്കിലായിരുന്നു. അവിടെ നിന്നും മധ്യനിരയിലേയ്ക്ക് പന്ത് പറന്നുവരുമ്പോള്‍ രണ്ട് അര്‍ജന്റൈ്ന്‍ ഗോള്‍ ഏരിയയില്‍ ഉണ്ടായിരുന്നത് രണ്ട് ഡിഫന്‍ഡര്‍മാര്‍. എങ്കിലും അത്ര വലിയ അപകടമൊന്നും ഉണ്ടായിരുന്നില്ല ഗോളി മെര്‍ക്കാഡോ കബല്ലാരോയ്ക്ക് പന്ത് തട്ടിക്കൊടുക്കുമ്പോള്‍. എന്നാല്‍, വീണ്ടും മെര്‍ക്കാഡോയ്ക്ക് തന്നെ കൊടുക്കാനുള്ള കബല്ലാരോയുടെ ശ്രമമാണ് ആത്മഹത്യാപരമായത്. കാലിലേയ്ക്ക് ഇട്ടുകൊടുത്ത പന്ത് ഒന്നാന്തരമൊരു വോളിയിലൂടെ റെബിച്ച് വലയിലെത്തിച്ചു. അര്‍ജന്റീന ഞെട്ടിയ നിമിഷം. 1-0. രണ്ടാം ഗോള്‍ വന്നത് 80-ാം മിനിറ്റിലാണ്. ഓട്ടമന്‍ഡിയെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് വാര അകലെ നിന്ന് മോഡ്രിച്ച് ഒരു വെടിയുണ്ട പായിക്കുകയായിരുന്നു. വീണ്ടും ക്രൊയേഷ്യക്ക് ലീഡ് 2-0. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു മൂന്നാം ഗോള്‍. അവിടേയും ്അര്‍ജന്റീനയുടെ പ്രതിരോധത്തിന് പിഴച്ചു. റാക്കിറ്റിച്ചടിച്ച ആദ്യ ഷോട്ട് കാബല്ലെറൊ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിന് അടുത്തെത്തി. കൊവാസിച്ച് അത് റാക്കിറ്റിച്ചിന് വീണ്ടും പാസ്സ് ചെയ്തു. പന്തിലൊന്ന് തൊട്ടു നിയന്ത്രിച്ച് വലയിലെത്തിക്കേണ്ട ജോലിയേ റാക്കിറ്റിച്ചിനുണ്ടായുള്ളു. അര്‍ജന്റീനയുടെ പ്രതിരോധ താരങ്ങള്‍ ഓഫ്‌സൈഡിന് കൈയുയര്‍ത്തിപ്പോഴേക്കും ക്രൊയേഷ്യ മൂന്നു ഗോളിന്റെ ലീഡിലെത്തിയിരുന്നു. 3-0
ബിനോയ്‌ ജോസഫ്‌, സ്പോര്‍ട്സ് ഡെസ്ക് ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ  ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്  ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ  കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു. ടുണീഷ്യയുടെ പോസ്റ്റിലേയ്ക്ക് നിരന്തരം റെയ്ഡ് നടത്തിയ ഇംഗ്ലണ്ട് ടീം ഫുൾടൈം കഴിഞ്ഞുള്ള എക്ട്രാ ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ വീണ്ടും ടുണീഷ്യൻ വലയിൽ പന്തെത്തിച്ചു. കോർണർ കിക്കാണ് വീണ്ടും ഗോളിനു വഴിയൊരുക്കിയത്.  3-5-2 ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പനാമ, ടുണീഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.
ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന് പോലീസ്. രാജ്യത്തൊട്ടാകെയുള്ള പോലീസ് സേനകള്‍ ഇതിനെതിരെയുള്ള തയ്യാറെടുപ്പിലാണ്. ഗിവ് ഡൊമസ്റ്റിക് അബ്യൂസ് ദി റെഡ് കാര്‍ഡ് എന്ന ക്യാംപെയിനിനാണ് തുടക്കമിട്ടിരിക്കുന്നത്. മുന്‍ ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീം മത്സരിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 2014 ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റ മത്സരത്തിന്റെ സമയത്ത് ലങ്കാഷയറിലെ ഗാര്‍ഹിക പീഡനങ്ങളില്‍ 38 ശതമാനം വര്‍ദ്ധനയുണ്ടായതായി ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ വ്യക്തമായിരുന്നു. ഇംഗ്ലണ്ട് ജയിച്ച മത്സരത്തിന്റെ സമയത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ 26 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇംഗ്ലണ്ടിന് മത്സരങ്ങളിലാത്ത ദിവസങ്ങളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ്. ഇംഗ്ലണ്ടിന്റെ മത്സരത്തിനു ശേഷമുള്ള ദിവസം കുറ്റകൃത്യങ്ങളില്‍ 11 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2014ല്‍ മത്സരമുള്ള ദിവസങ്ങളില്‍ ശരാശരി 79.3 സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സരമില്ലാത്ത ദിവസങ്ങളില്‍ ഇത് 58.2 സംഭവങ്ങള്‍ മാത്രമാണ്. ഓരോ ലോകകപ്പിലും ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. 2002ല്‍ ശരാശരി 64 ആയിരുന്നത് 2010ല്‍ 99 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏറ്റവും കുറവ് ഡൊമസ്റ്റിക് വയലന്‍സ് അറസ്റ്റ് റേറ്റുള്ള ഹാംപ്ഷയറില്‍ ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുന്ന ദിവസങ്ങളില്‍ അഞ്ച് പ്രത്യേക ഡൊമസ്റ്റിക് അബ്യൂസ് റെസ്‌പോണ്‍സ് കാറുകള്‍ ഏര്‍പ്പെടുത്താനാണ് പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ട്-ടുണീഷ്യ മത്സരം നടക്കുന്ന സമയത്ത് ഇതിന് തുടക്കമിടും. ഇരകളെ സഹായിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിനുമായി 10 ഓഫീസര്‍മാരെ അധികമായി നിയോഗിക്കാനും തീരുമാനമുണ്ട്.
ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് താരങ്ങള്‍ക്കെതിരെ റഷ്യ വിഷായുധ പ്രയോഗം നടത്തിയേക്കാമെന്ന് സുരക്ഷാ വിദഗ്ദ്ധന്‍. മുന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനും റഷ്യയുമായി ഉരസലുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വിദഗ്ദ്ധനായ പ്രൊഫ. ആന്തണി ഗ്ലീസ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ഡയറക്ടറാണ് ഇദ്ദേഹം. ക്രെംലിന്‍ അനുവാദത്തോടെ നടത്താന്‍ സാധ്യതയുള്ള ആക്രമണത്തില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരങ്ങള്‍ ലക്ഷ്യമായേക്കാമെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇംഗ്ലീഷ് ടീമിനെ അപമാനിക്കുന്നതിനായി ഭക്ഷണം കേടുവരുത്തുന്നതുള്‍പ്പെടെ തരംതാണ നടപടികളിലേക്ക് റഷ്യ പോകുമെന്ന് ഇദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന് ലോകകപ്പ് നേടാനുള്ള സാധ്യതകള്‍ വളരെ കുറവാണ്, എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള സാധ്യതയുണ്ടെങ്കില്‍ അതില്ലാതാക്കാന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണെങ്കില്‍ അപ്രകാരം പോലും ചെയ്യാന്‍ റഷ്യ മടിക്കില്ല. ലോകകപ്പിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ആയുധമാക്കി മാറ്റാന്‍ റഷ്യ ശ്രമിക്കുമെന്നത് സാധ്യത മാത്രമായി തള്ളിക്കളയരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സ് അന്താരാഷ്ട്ര രംഗത്ത് ഹിറ്റ്‌ലര്‍ ഉപയോഗിച്ചത് ഏതു വിധത്തിലാണെന്നത് ഏവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലൂടെ താരങ്ങളെ ആക്രമിച്ചെന്ന ആരോപണം 1990ലെ ഇറ്റാലിയ ലോകകപ്പില്‍ ഉയര്‍ന്നതാണ്. അര്‍ജന്റീനയുടെ സ്റ്റാഫ് തനിക്ക് നല്‍കിയ കുടിവെള്ളത്തില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നുവെന്നും കളിക്കിടെ തനിക്ക് ഇതുമൂലം കടുത്ത മന്ദതയുണ്ടായെന്ന് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ബ്രാങ്കോ ആരോപിച്ചിരുന്നു. ഇക്കാര്യം അര്‍ജന്റീന നിഷേധിച്ചിരുന്നെങ്കിലും കോച്ചായിരുന്ന കാര്‍ലോസ് ബിലാര്‍ഡോ അപ്രകാരം സംഭവിച്ചിരിക്കാമെന്ന സൂചന വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയിരുന്നു.
RECENT POSTS
Copyright © . All rights reserved