Youth
ജനസംഖ്യയില്‍ 26 ശതമാനം യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴും കഴിയുന്നതെന്ന് സര്‍വേ. 3.4 മില്യനിലേറെ യുവജനങ്ങള്‍ക്ക് ഇപ്പോഴും മാതാപിതാക്കളുടെ വീടുകള്‍ തന്നെയാണ് ആശ്രയം. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി വിലയാണ് ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 20നും 34നുമിടയില്‍ പ്രായമുള്ളവരാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. ഉയര്‍ന്ന വാടകയും മോര്‍ട്ട്‌ഗേജ് ഡിപ്പോസിറ്റുകളും പെയ്‌മെന്റുകളും സൃഷ്ടിക്കുന്ന അധൈര്യവും യുവാക്കള്‍ക്ക് സ്വന്തം കൂര തേടാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍. യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാഭ്യാസ വായ്പകളുടെ ഭാരം, പ്രതിഫലമില്ലാത്ത ഇന്റേണ്‍ഷിപ്പുകള്‍, ജോലികളിലെ അനിശ്ചിതത്വം, ഉയരാത്ത ശമ്പള നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്. ഇവ സ്വന്തമായി പാര്‍പ്പിടം എന്ന സ്വപ്‌നത്തെത്തന്നെയാണ ഇല്ലാതാക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫെയര്‍നസ് എന്ന പ്രഷര്‍ ഗ്രൂപ്പ് കോ ഫൗണ്ടര്‍ ആന്‍ഗസ് ഹാന്റണ്‍ പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായത്. പത്തു വര്‍ഷത്തിനിടെ 28 ശതമാനവും 15 വര്‍ഷത്തിനിടെ 41 ശതമാനവുമാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ്. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമാണ് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത്. അനുപാതത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് മുന്നില്‍. മൂന്നിലൊന്നിലേറെപ്പേര്‍ ഇവിടെ ഇത്തരത്തില്‍ കഴിയുന്നുണ്ട്. ഗാര്‍ഹിക പ്രതിസന്ധി ഒരു തമുറയെത്തന്നെ ബാധിക്കുന്ന കാഴ്ചയക്കാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത്.
16 മുതല്‍ 24 വരെ പ്രായമുള്ള യുവാക്കളില്‍ പകുതിയോളം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലെന്ന് പഠനം. ഏഴു മണിക്കൂറിലേറെ ഇവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുവെന്നാണ് ഓഫ്‌കോം ഡേറ്റ വ്യക്തമാക്കുന്നത്. 65 വയസുള്ളവരില്‍ ഒരു ശതമാനവും 55-64 പ്രായപരിധിയിലുള്ളവരില്‍ 6 ശതമാനവും ആഴ്ചയില്‍ 50 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം 16-24 പ്രായപരിധിയിലുള്ളവരില്‍ 18 ശതമാനവും മിക്ക സമയങ്ങളിലും ഓണ്‍ലൈനിലായിരിക്കും. ബ്രിട്ടീഷുകാര്‍ ഓരോ 12 മിനിറ്റിലും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിക്കുന്നുണ്ടെന്നാണ് ഓഫ്‌കോം പറയുന്നത്. ഇത്തരത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തിബന്ധങ്ങളെയും ഉദ്പാദനക്ഷമതയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഓണ്‍ലൈന്‍ വിദഗ്ദ്ധര്‍ പറയുന്നു. നാലു മണിക്കൂറോളം സ്‌ക്രീനില്‍ ചെലവഴിക്കുന്ന 15 വയസുകാരുടെ മാനസികാരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ ഗുരുതരമാകാനേ സഹായിക്കൂ എന്ന് ടൈം ടു ലോഗ് ഓഫ് എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സി വിദഗ്ദ്ധ താനിയ ഗുഡിന്‍ പറയുന്നു. 16-24 പ്രായ ഗ്രൂപ്പിലുള്ള 95 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രധാനമായും സ്മാര്‍ട്ട്‌ഫോണുകളെയാണ് ആശ്രയിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ 25 ശതമാനം അധികമാണ് ഇത്. എങ്കിലും ഇന്റര്‍നെറ്റ് ഉപയോഗം സൃഷ്ടിക്കുന്ന മോശം ഫലങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് അറിവുണ്ടെന്നതും വസ്തുതയാണ്. ഫോണില്‍ നിന്ന് അകലം പാലിച്ചാല്‍ റിവാര്‍ഡുകള്‍ നല്‍കുന്ന ആപ്പ് ഒരു ലക്ഷത്തോളം ബ്രിട്ടീഷ് യുവാക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് പുറത്തിറക്കിയ ഹോള്‍ഡ് എന്ന നോര്‍വീജിയന്‍ കമ്പനി അവകാശപ്പെടുന്നു.
RECENT POSTS
Copyright © . All rights reserved