ലണ്ടന്‍: കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ അവരെ ജിപി സര്‍ജറികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും കാണിക്കുന്നതിന് പകരം ഫാര്‍മസിസ്റ്റുകളെ കാണിക്കാന്‍ നിര്‍ദേശിച്ച് എന്‍എച്ച്എസ്. ചെറിയ അസുഖങ്ങള്‍ക്ക് ലോക്കല്‍ കെമിസ്റ്റുകളെ കാണിച്ച് മരുന്ന് വാങ്ങിയാല്‍ മതിയെന്നും ഇതിലൂടെ നിരവധി പേര്‍ക്ക് വളരെ എളുപ്പത്തില്‍ ചികിത്സ ലഭിക്കുമെന്നും എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം കുറയുമെന്നുമാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വലിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകാന്‍ ഈ രീതി കാരണമാകുമെന്ന ആശങ്കയറിയിച്ച് പ്രമുഖ ചാരിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.

ഹെല്‍ത്ത് സര്‍വീസിനു മേലുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കുട്ടികളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാകരുതെന്നും ചാരിറ്റികള്‍ അഭിപ്രായപ്പെട്ടു. അനാവശ്യമായി എ ആന്‍ഡ് ഇ യൂണിറ്റുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം സ്വീകരിച്ച് വിദഗ്ദ്ധ ചികിത്സ തേടാതിരുന്ന കൗമാരക്കാരന്‍ പനി ബാധിച്ച് മരിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ട സമയത്ത് തന്നെയാണ് പുതിയ ക്യാംപെയിനുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട് രംഗത്തെത്തിയതെന്നതാണ് വിചിത്രം. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളായ 5 ദശലക്ഷം പേരെ ലക്ഷ്യമിട്ടാണ് പുതിയ ക്യാംപെയിന്‍.

18 ദശലക്ഷം ജിപി അപ്പോയിന്റ്‌മെന്റുകളും 2.1 ദശലക്ഷം എ ആന്‍ഡ് ഇ സന്ദര്‍ശനങ്ങളുമാണ് വീട്ടില്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖങ്ങള്‍ക്കു വേണ്ടി നടത്തിയത്. എന്നാല്‍ ചെറിയ അസുഖങ്ങളെന്ന് കരുതുന്ന പലതും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമാകാമെന്നും അവ വളരെ വേഗം തന്നെ കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കാമെന്നും ചാരിറ്റികള്‍ പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ സാധ്യമായ വൈദ്യസഹായം അടിയന്തരമായി ലഭ്യമാക്കുകയാണ് വേണ്ടതെന്ന് യുകെ സെപ്‌സിസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ.റോണ്‍ ഡാനിയേല്‍സ് പറഞ്ഞു.