‘നട്ട്’ അലര്‍ജിയുള്ള 15 കാരി മരിച്ച സംഭവം; ടേക്ക് എവേ നടത്തിപ്പുകാര്‍ക്ക് ജയില്‍ ശിക്ഷ

‘നട്ട്’ അലര്‍ജിയുള്ള 15 കാരി മരിച്ച സംഭവം; ടേക്ക് എവേ നടത്തിപ്പുകാര്‍ക്ക് ജയില്‍ ശിക്ഷ
November 08 05:27 2018 Print This Article

ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജി മൂലം നട്ട് അലര്‍ജിയുണ്ടായിരുന്ന പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്ക് തടവുശിക്ഷ. ടേക്ക് എവേ ഉടമസ്ഥനായ മുഹമ്മദ് അബ്ദുള്‍ കുദ്ദൂസ്, മാനേജര്‍ ഹാരൂണ്‍ റഷീദ് എന്നിവര്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. ലങ്കാഷയറില്‍ ഇവര്‍ നടത്തിയിരുന്ന റോയല്‍ സ്‌പൈസ് ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം ആസ്ത്മ കലശലായ മേഗന്‍ ലീ എന്ന 15 കാരി പിന്നീട് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. ഭക്ഷണം തയ്യാറാക്കുന്നതും ശുചിത്വം പുലര്‍ത്തുന്നതും സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തവര്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങുമെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റിസ് യിപ് പറഞ്ഞു.

ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുന്നയാള്‍ക്ക് അലര്‍ജിയെക്കുറിച്ച് പറയാന്‍ ബാധ്യതയുണ്ടെന്നും ജഡ്ജ് വ്യക്തമാക്കി. റോയല്‍ സ്‌പൈസിന് അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്ന് കോടതി കണ്ടെത്തി. അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന വിവരം മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഭക്ഷണത്തിലെ ചേരുവകളുടെ വിവരങ്ങളും സൂക്ഷിച്ചിരുന്നില്ല. തങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കള്‍ ഉണ്ടോ എന്ന കാര്യം ടേക്ക് എവേയില്‍ ആര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് വസ്തുതയെന്ന് കോടതി വ്യക്തമാക്കി.

ഈ സംഭവം ഒരു സന്ദേശമാണെന്നും ശ്രദ്ധയില്ലാതെ പൊതുജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും ജഡ്ജ് പറഞ്ഞു. ജസ്റ്റ് ഈറ്റ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാണ് കുട്ടിയുടെ ജീവനെടുത്തത്. ഓര്‍ഡറിന്റെ കമന്റ് സെക്ഷനില്‍ പ്രോണ്‍സ്, നട്ട്‌സ് എന്ന് രേഖപ്പെടുത്തിയിരുന്നു. പെഷവാരി നാന്‍, സീഖ് കബാബ്, ഒനിയന്‍ ഭാജി എന്നിവയാണ് ഓര്‍ഡര്‍ ചെയ്തത്. ഇവയില്‍ പീനട്ട് പ്രോട്ടീന്‍ അടങ്ങിയിരുന്നതായി പിന്നീട് കണ്ടെത്തി. ാ

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles