നിങ്ങള്‍ക്ക് ദൈവത്തിന്റെ മൊബൈല്‍ നമ്പര്‍ കിട്ടി എന്നു കരുതുക. ചുമ്മാ സങ്കല്‍പ്പിക്കുക!.അങ്ങനെ കിട്ടിയാല്‍ എന്തൊക്കെ ആയിരിക്കും നിങ്ങള്‍ ദൈവത്തോട് പറയുക? ഇങ്ങനെ ഒരു വ്യസ്തതമായ ആശയത്തെ, വ്യത്യസ്തമായ ഒരു പാട്ടിലൂടെ അവതരിപ്പിക്കുകയാണ് കൊച്ചി സ്വദേശിയായ ഫെജോ. തന്റെ സ്വപ്നത്തില്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന ഒരുവന്റെ ചിന്തകള്‍, പ്രാര്‍ഥനകള്‍, സ്വപ്നങ്ങള്‍, പിന്നെ അവന്റെ മനസ്സില്‍ തോന്നിയ ചോദ്യങ്ങള്‍. ഇതെല്ലം ആണ് ‘ടോക്ക് ടു ദൈവം’ എന്ന പാട്ടിലൂടെ അവതരിപ്പിക്കുന്നത്.

മലയാളം റാപ്പ് ശൈലിയില്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ വരികള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദൈവത്തോട് ആദ്യം സംസാരിക്കുമ്പോള്‍, അത്ഭുതവും, അകാംഷകളും പ്രകടിപ്പിക്കുന്ന നായകന്‍ പിന്നീട് തന്റെ ജീവിതത്തില്‍ സംഭവിച്ച ഓരോരോ കാര്യങ്ങളെ കുറിച്ചും, അതിലൂടെ ലഭിച്ച നന്മയെക്കുറിച്ചും പറയുന്നു. നല്‍കിയതിനെല്ലാം നന്ദി പറയുന്ന ഇയാള്‍ പിന്നീടു ദൈവം ആരാണ്, ദൈവം എവിടെയാണ് എന്നിങ്ങനെ ഉള്ള സംശയങ്ങള്‍ ചോദിച്ചു തുടങ്ങുന്നു.
അവസാനം ആരാണ്, എവിടെയാണ് ദൈവം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്വയം കണ്ടുപിടിക്കുന്നിടത് ഗാനം സമാപിക്കുന്നു.

ഗായകന്‍ ഈ പാട്ടിലൂടെ പറയാതെ പറയുന്ന ഒരുപാട് സംഗതികള്‍ ഉണ്ട്. ജാതിയുടെ പേരില്‍ തമ്മില്‍ തല്ലുന്നവരെയും, മതത്തിന്റെ പേരില്‍, മനുഷ്യനെ വേര്‍തിരിക്കുനവരെയും, ഓര്‍ത്തുള്ള ഒരുവന്റെ വേദന, യുക്തിവാദം, പട്ടിണി കിടക്കുന്ന മനുഷ്യരുടെ ദുഃഖം, സാമൂഹ്യ മാധ്യമങ്ങള്‍ മറന്നു തുടങ്ങിയ അസിഫാ വിഷയം, അങ്ങനെ പലതിനെപ്പറ്റിയും കുറിക്കു കൊള്ളുന്ന രീതിയില്‍ പരാമര്‍ശിക്കുന്നു.

ഗാനത്തിനായി വരികള്‍ എഴുതിയതും, പാടിയതും, ലിറിക് വീഡിയോ ഒരുക്കിയിരിക്കുന്നതും കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, പ്രൈവറ്റ് അറവുശാല തുടങ്ങിയ മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി യൂട്യുബില്‍ ശ്രദ്ധ നേടിയ ഫെജോയാണ്.

ടോക്ക് ടു ദൈവം കാണാം.