ഉയരം കൂടിയവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഏറെയെന്ന് പഠനം. ശരാശരിയേക്കാള്‍ 10 സെന്റീമീറ്റര്‍ ഉയരക്കൂടുതലുണ്ടെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉയരം കൂടിയവരുടെ ശരീരത്തില്‍ കൂടുതല്‍ കോശങ്ങളുളളതാണ് ഇവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഉയരക്കുറവ് ഈ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശരീരം വളരാന്‍ സഹായിക്കുന്ന ഐജിഎഫ്-1 എന്ന ഹോര്‍മോണ്‍ ക്യാന്‍സറിന് കാരണക്കാരനാകുന്നതായും പഠനം വ്യക്തമാക്കുന്നു. കോശവിഭജനത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുന്നത്. ഇത് കോശങ്ങളെ ട്യൂമറാക്കി മാറ്റുകയും ചെയ്യും. പുരുഷന്‍മാരുടെ ശരാശരി ഉയരം 5 അടി 9 ഇഞ്ചായും സ്ത്രീകളുടേത് 5 അടി 4 ഇഞ്ചായുമാണ് പഠനത്തില്‍ പരിഗണിച്ചത്.

ഉയരക്കൂടുതല്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സറിന് കാരണമാകുന്നത്. 12 ശതമാനം സാധ്യതയാണ് സ്ത്രീകളിലുള്ളത്. അതേസമയം പുരുഷന്‍മാരില്‍ ഇത് 9 ശതമാനം മാത്രമാണ്. ഉയരവുമായി ബന്ധപ്പെട്ട് 23 ക്യാന്‍സറുകള്‍ കാണപ്പെടുന്നതായാണ് പഠനത്തില്‍ സ്ഥിരീകരിച്ചത്. തൈറോയ്ഡ്, ത്വക്ക്, ലിംഫോമ, അണ്ഠാശയം, ഗര്‍ഭപാത്രം, സ്തനങ്ങള്‍, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് സ്ത്രീകള്‍ക്ക് വരാന്‍ സാധ്യതയുള്ളത്. പുരുഷന്‍മാരില്‍ തൈറോയ്ഡ്, ത്വക്ക്, ലിംഫോമ, വന്‍കുടല്‍, വൃക്കകള്‍, പിത്തനാളി, കേന്ദ്ര നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കും സാധ്യതയുണ്ട്.

സ്ത്രീകളില്‍ ഉയരക്കൂടുതല്‍ അന്നനാളം, ഉദരം, വായ, കണ്ഠം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറിന് കാരണമാകാറില്ല. പുരുഷന്‍മാരില്‍ ഉദര ക്യാന്‍സറാണ് ഈ ഗണത്തിലുള്ളത്. ഐജിഎഫ്-1 ഹോര്‍മോണ്‍ അധികമായി ഉദ്പാദിപ്പിക്കപ്പെടുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.ലിയോനാര്‍ഡ് നന്നി പറഞ്ഞു. ലാരോണ്‍ സിന്‍ഡ്രോം എന്ന വളര്‍ച്ചാ മുരടിപ്പ് ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കുറയുന്നതിന് കാരണവും ഈ ഹോര്‍മോണിന്റെ കുറവാണെന്നും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.