കൊവിഡ് തീവ്രബാധിത മേഖലയായ കർണാടകത്തിലെ കലബുറഗിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് രഥോത്സവം. ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച് ഉത്സവാഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം ചത്ത ജെല്ലിക്കെട്ട്‌ കാളയെ അന്ത്യയാത്ര അയക്കാന്‍ മധുരയ്‌ക്ക്‌ അടുത്തുള്ള അളങ്കാനല്ലൂരില്‍ തടിച്ചു കൂടിയത്‌ ആയിരങ്ങളാണ്. ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന്‌ 3000 പേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. മുതുവര്‍പ്പട്ടി ഗ്രാമത്തിലാണ്‌ സംഭവം. നിരവധി ജെല്ലിക്കെട്ട്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ നേടിയിട്ടുള്ള മൂളി എന്ന കാള ബുധനാഴ്‌ചയാണ്‌ ചത്തത്‌. മൂളിയുടെ ജഡം അലങ്കരിച്ച്‌ പൊതുദര്‍ശനത്തിന്‌ വെച്ചു.

ഇവിടുത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്റെ കാള കൂടിയാണ്‌ മൂളി. കോവിഡ്‌ റെഡ്‌ സോണ്‍ ആണ്‌ മധുര. 41 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. കോവിഡ്‌ 19ന്റെ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെയാണ്‌ ആയിരക്കണക്കിന്‌ ആളുകള്‍ ഒത്തുകൂടിയതും വിലാപ യാത്രയില്‍ പങ്കെടുത്തതും.