ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ യുവ എന്‍ജിയറുടെ ആത്മഹത്യക്ക് പിന്നില്‍ ബ്ലുവെയില്‍ ഗെയിമെന്ന് സൂചന. 22കാരനായ ശേഷാദ്രിയെ ചൊവ്വാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ആത്മഹത്യയ്ക്ക് പ്രേരണയായത് ഇത്തരം പുസ്തകങ്ങളാണെന്നാണ് സൂചന.

ബ്ലുവെയില്‍ ചലഞ്ചിന് സമാനമായ രീതിയിലാണ് ആത്മഹത്യ നടന്നിരിക്കുന്നത്. മരണത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പുകളോ മറ്റു രേഖകളോ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമെ എന്തെങ്കിലും പറയാന്‍ സാധിക്കുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശേഷാദ്രി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനുള്ള ശ്രമങ്ങളിലാണ് പോലീസ്. സൈബര്‍ വിംഗിന്റെ സഹായത്തോടെ ഫോണ്‍ പരിശോധിക്കും. ബ്ലെവെയില്‍ ചലഞ്ചാണ് മരണത്തിന് പിന്നിലെങ്കില്‍ ഫോണ്‍ പരിശോധനയില്‍ ഇത് വ്യക്തമാകുമെന്നാണ് കരുതുന്നത്.

നേരത്തെ മറ്റൊരു കൊലയാളി ഗെയിമായ മൊമോ ചലഞ്ച് ബംഗാളില്‍ പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് യുവാക്കളുടെ ആത്മഹത്യ മൊമോ ചലഞ്ചുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.