തമിഴ്നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ഭരണപക്ഷമായ അണ്ണാ ഡിഎംകെയുമായി തുറന്ന പോരു പ്രഖ്യാപിച്ച് ബി.ജെ.പി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. 100 കോടിയിലധികം രൂപയും സ്വര്‍ണ്ണ ബിസ്കറ്റുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ഊര്‍ജിതമാക്കി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മഴവില്‍ സഖ്യത്തിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു.

അണ്ണാ ഡി.എം.കെയുമായുള്ള സൗഹൃദത്തിന് ആര്‍.എസ്.എസും എച്ച് രാജയടക്കമുള്ള തീവ്ര നിലപാട് വച്ചപുലര്‍ത്തുന്ന ബി.ജെ.പി നേതാക്കളും എതിരാണ്. തമിഴ്നാട്ടിലേത് അഴിമതി സര്‍ക്കാരാണെന്ന് മുദ്രകുത്തിക്കൊണ്ടാണ് ബി.ജെ.പി അണ്ണാ ഡി.എം.കെയെ തള്ളിപ്പറഞ്ഞത്. മന്ത്രി ഡി.ജയകുമാര്‍ ബിജെപിക്ക് താക്കീതുമായി രംഗത്തുവരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അടുത്ത ബന്ധമുള്ള എസ്.പി.കെ കരാര്‍ കമ്പനിയിലടക്കം ആദായനികുതി റെയ്ഡ് നടന്നു. അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമടക്കം പിടിച്ചെടുത്തെന്നാണ് സൂചന.

അടുത്ത മാസം പകുതിയോടെ രജനീകാന്ത് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരുടെ യോഗം വിളിക്കുന്നുണ്ട്. തുടര്‍ന്ന് പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മറ്റ് ചെറുപാര്‍ട്ടികള്‍ക്കായും ബി.ജെ.പി വല വിരിച്ചിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറാകുന്നതിന്‍റെ ഭാഗമായി അണ്ണാഡിഎംകെ പാര്‍ലമെന്‍ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിസികെയുമടക്കമുള്ള സഖ്യകക്ഷികളുമായി ഡിഎംകെ നല്ല ബന്ധത്തിലല്ല എന്നത് പ്രതിപക്ഷഐക്യത്തിന് വിള്ളല്‍ വരും എന്ന സൂചനയും നല്‍കുന്നുണ്ട്.