കുവൈറ്റിൽ വാക്കുതർക്കത്തിനൊടുവിൽ സഹപ്രവർത്തകനായ പ്രവാസിയെ കൊലപ്പെടുത്തിയ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്നാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തത്.

കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് മുനവ്വറലി തങ്ങള്‍ക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം സ്വരൂപിക്കാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കിയത്.

മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്‍ജുനന് വധശിക്ഷ വിധിച്ചത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബറിലായിരുന്നു സംഭവം. വധശിക്ഷ കാത്തിരിക്കുന്ന അര്‍ജുനന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷായിളവ് ലഭിക്കുമായിരുന്നു.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. ബന്ധുക്കള്‍ നഷ്ടപരിഹാരമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിത്യച്ചെലവിനു പോലും വകയില്ലാത്ത ഇവര്‍ക്ക് മറ്റുവഴിയില്ലായിരുന്നു. എന്നാല്‍, ഉള്ളതെല്ലാം വിറ്റിട്ടും അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിക്ക് അഞ്ചുലക്ഷം രൂപയിലധികം കണ്ടെത്താനായില്ല.

ഈ നിസ്സഹായത മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടിയിരുന്നു. സാധ്യമായതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും തങ്ങള്‍ ഇടപെട്ട് 25 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. ഈ തുക മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖേന മാലതിക്ക് കൈമാറുകയും ചെയ്തു