ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ നാലാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ എതിരാളികളെ കൂച്ചുവിലങ്ങിട്ട് കോട്ടയം അഞ്ഞൂറാന്‍സ് ലീഗില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. കളിച്ച നാലുമത്സരങ്ങളില്‍ നാലിലും വിജയിച്ചാണ് 8 പോയിന്റുകളുമായി ശ്രീ സജിമോന്‍ ജോസ് ക്യാപ്റ്റനും ശ്രീ ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാന്‍സ് TCL ലീഗില്‍ ഒന്നാം സ്ഥാനത്തു എത്തിയത്. നാലാം റൌണ്ട് മത്സരങ്ങളില്‍ പല അട്ടിമറി വിജയങ്ങള്‍ക്കും TCL സാക്ഷ്യം വഹിച്ചു. നാലില്‍ മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു വെല്‍സ് ഗുലാന്‍സും സ്റ്റാര്‍ ചലഞ്ചേഴ്‌സും രണ്ടും മൂന്നും സ്ഥാനത്തു നിലയുറപ്പിച്ചു. അഞ്ചില്‍ മൂന്നു മത്സരങ്ങള്‍ വിജയിച്ച ടെര്മിനേറ്റര്‍സ് നാലാം സ്ഥാനത്തും നാലില്‍ രണ്ടു മത്സരങ്ങള്‍ വീതം ജയിച്ചു സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, എവര്‍ഗ്രീന്‍ തൊടുപുഴ, തുറുപ്പുഗുലാല്‍ എന്നീ ടീമുകള്‍ അഞ്ചു ആറു ഏഴു സ്ഥാനങ്ങള്‍ കയ്യാളിയത് പോയിന്റ് ഡിഫറെന്‍സില്‍ ആണ്. മത്സരം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ റെലിഗെഷന്‍ സോണില്‍ നിന്നും കരകയറാനുള്ള തയ്യാറെടുപ്പിലാണ് തരികിടതോം തിരുവല്ല, പുണ്ണ്യാളന്‍സ് റോയല്‍സ് കോട്ടയം എന്നീ ടീമുകള്‍.

TCL – ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ – ടെര്മിനേറ്റര്‍സ് കുതിക്കുന്നു.
നാലാം റൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ശ്രീ. ബിജു ചെറിയാന്‍ ക്യാപ്റ്റനും ശ്രീ ജോജോ വര്‍ഗീസ് കൂട്ടാളിയുമായ ടെര്മിനേറ്റര്‍സ് നാലിനെതിരെ പതിനാറു പോയിന്റുകള്‍ക്കാണ് ശ്രീ സാജു മാത്യു ക്യാപ്റ്റനും ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം കൂട്ടാളിയുമായ കണ്ണൂര്‍ ടൈഗേര്‍സിനെ തറപറ്റിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ടെര്മിനേറ്റര്‍സ് കണ്ണൂര്‍ ടൈഗേഴ്സിന് തിരിച്ചു വരവിനുള്ള അവസരം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ആദ്യ അഞ്ചു ലേലത്തോടെ 2 – 7 എന്ന നിലയില്‍ മുന്നിലായിരുന്ന ടെര്മിനേറ്റര്‍സിന് 12 -2 എന്ന നിലയില്‍ എത്താന്‍ അധികം നേരം വേണ്ടിവന്നില്ല. കണ്ണൂര്‍ ടൈഗേഴ്സ് രണ്ടു പോയിന്റുള്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോളെക്കും 16 – 4 എന്ന നിലയില്‍ ടെര്‍മിനറ്റ്‌സ് വിജയം ഉറപ്പിച്ചിരുന്നു.. ഈ ജയത്തോടെ ടെര്മിനേറ്റര്‍സ് TCL ടേബ്ലിയില്‍ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയിരിക്കുന്നു. വിളിച്ച എല്ലാ ലേലവും വിജയിച്ച ശ്രീ ബിജു ചെറിയാനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

നാലാം റൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ എവര്‍ഗ്രീന്‍ തൊടുപുഴയുടെ ചക്രവ്യൂഹം ഭേദിക്കാനാവാതെ കണ്ണൂര്‍ ടൈഗേഴ്സ് കീഴടങ്ങുന്ന കാഴ്ച്ചക്കാണ് TCL സാക്ഷ്യം വഹിച്ചത്.

ശ്രീ അനീഷ് കുരിയന്‍ ക്യാപ്റ്റനും ശ്രീമതി സിനിയാ ജേക്കബ് കൂട്ടാളിയുമായ എവര്‍ഗ്രീന്‍ തൊടുപുഴ ശക്തരായ കണ്ണൂര്‍ ടൈഗേര്‍സിനെ കീഴ്‌പെടുത്തിയത് പത്തിനെതിരെ പതിനാറു പോയിന്റുകള്‍ക്. കളിയുടെ തുടക്കം മുതല്‍ തന്നെ 3-9 എന്ന നിലയില്‍ മുന്നിലായിരുന്ന എവര്‍ഗ്രീന്‍ തൊടുപുഴയെ 10 -12 എന്ന നിലയില്‍ സമ്മര്‍ദ്ദത്തില്‍ താഴ്ത്താന്‍ കണ്ണൂര്‍ ടൈഗേഴ്സിന് സാധിച്ചു. പിന്നീട് തുടര്‍ച്ചയായ 3 ലേലങ്ങള്‍ വിജയിച്ചു എവര്‍ഗ്രീന്‍ തൊടുപുഴ വിജയം കരസ്ഥമാക്കി. വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച ശ്രീ അനീഷ് കുരിയനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

TCL – സ്റ്റാര്‍ ചലഞ്ചേഴ്‌സിന്റെ മാസ്മരിക പ്രകടനത്തില്‍ തകര്‍ന്നടിഞ്ഞത് തരികിടതോം തിരുവല്ലയുടെ വിജയപ്രതീക്ഷ.

ഇന്ന് നടന്ന മറ്റൊരു വാശിയേറിയ മത്സരത്തില്‍ ശ്രീമതി സുജ ജോഷി ക്യാപ്റ്റനും ശ്രീ ദീപു പണിക്കര്‍ കൂട്ടാളിയുമായ സ്റ്റാര്‍ ചലഞ്ചേഴ്സ് ഒന്‍പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ് ശ്രീമതി ട്രീസ എമി ക്യാപ്റ്റനും ശ്രീ ജുബിന്‍ ജേക്കബ് കൂട്ടാളിയുമായ തരികിട തോം തിരുവല്ലയെ മുട്ടുകുത്തിച്ചത്. കളിയുടെ തുടക്കത്തില്‍ 4 – 4 എന്ന ഒപ്പത്തിനൊപ്പ പോരാട്ടത്തില്‍ നിന്നും തുടര്‍ച്ചയായ ആറു ലേലങ്ങള്‍ വിജയിച്ചു 11 – 4 എന്ന ഉറച്ച സ്‌കോറില്‍ എത്തിക്കാന്‍ സ്റ്റാര്‍ ചലഞ്ചേഴ്‌സിന് സാധിച്ചു. പിന്നീട് തരികിട തോം ശക്തമായ ഒരു തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചങ്കിലും സ്റ്റാര്‍ ചലഞ്ചേഴ്‌സിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തറപറ്റുകയായിരുന്നു. ടീം തരികിട തോം ക്യാപ്റ്റന്‍ ശ്രീമതി ട്രീസ എമിയുടെ ഒരു കോര്‍ട്ട് വിജയമടക്കം 5 പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്തപ്പോളെക്കും സ്റ്റാര്‍ ചലഞ്ചേഴ്സ് 14 – 9 എന്ന സുദൃഢമായ നിലയില്‍ എത്തിയിരുന്നു. ശ്രീമതി സുജാ ജോഷിയുടെ അവസാന ലേലം വിജയിച്ചു സ്റ്റാര്‍ ചലഞ്ചേഴ്സ് 15 – 9 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച ശ്രീ ദീപു പണിക്കരെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

TCL – പുണ്യാളന്‍സിനൊരു പൊന്‍തൂവല്‍

പോയ ഞായറാഴ്ച്ച നടന്ന മറ്റൊരു വാശിയേറിയ മത്സരത്തില്‍ ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനും ശ്രീ ആല്‍ബര്‍ട്ട് കൂട്ടാളിയുമായ പുണ്യാളന്‍സ് പ്രബലരായ ഹണിബീസ് യുകെയെ തകര്‍ത്തത് പതിനൊന്നിനെത്തിരെ പതിനഞ്ചു പോയിന്റുകള്‍ക്ക്. മത്സരത്തിന്റെ തുടക്കത്തില്‍ 5 – 0 എന്ന നിലയില്‍ മുന്നിലായിരുന്ന ശ്രീ സുജിത് മുരളി ക്യാപ്റ്റനും ശ്രീ ബിബിന്‍ എബ്രഹാം കൂട്ടാളിയുമായ ഹണിബീസ് യുകെ യുടെ മുന്നേറ്റത്തെ തടഞ്ഞത് പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസ് വിജയിച്ച ഒരു സീനിയര്‍ അടക്കം തുടര്‍ച്ചയായ മൂന്ന് ലേലങ്ങളാണ്. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ 9 -7 എന്ന ലീഡില്‍ പുണ്യാളന്‍സ് എത്തി. പിന്നീട് ശ്രീ ആല്‍ബര്‍ട്ട് ജോര്‍ജിന്റെ ഒരു ഹോണേഴ്സ് തോല്‍പ്പിച്ച് ഹണിബീസ് യുകെ 10 – 13 എന്ന ഭേദപ്പെട്ട നിലയില്‍ എത്തിയെങ്കിലും, മറ്റൊരു പോയിന്റ് കൂട്ടിച്ചേര്‍ത്തപ്പോളെക്കും 11 – 15 എന്ന നിലയില്‍ പുണ്യാളന്‍സ് വിജയം ഉറപ്പിച്ചു. ഒരു ഹോണേഴ്‌സും ഒരു സീനിയറും അടക്കം വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

TCL – അഞ്ഞൂറാനു സമം അഞ്ഞൂറാന്‍സ് മാത്രം

അട്ടിമറിയുടെ അരങ്ങുവാഴുന്ന TCL -ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷനിലെ നാലാം റൌണ്ട് മത്സരത്തില്‍ ആതിഥേയരായ ടെര്മിനേറ്റര്‍സിനെ എട്ടിന് എതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു പരാജയപ്പെടുത്തി കോട്ടയം അഞ്ഞൂറാന്‍സ് ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചു. ഇഞ്ചോടിച്ചു പോരാടിയ മത്സരത്തില്‍ 5 – 4 എന്ന നിലയില്‍ മുന്നിലായിരുന്ന അഞ്ഞൂറാന്‍സിനെ 5 – 6 എന്ന നിലയില്‍ ഒരു നിമിഷം പുറകിലാക്കിയത് ശ്രീ ജോജോ വര്‍ഗ്ഗീസിന്റെ ഒരു സീനിയര്‍ ലേലമാണ് . പിന്നീട് തുടര്‍ച്ചയായി നാലു ലേലങ്ങള്‍ വിജയിച്ചു കോട്ടയം അഞ്ഞൂറാന്‍സ് 12 – 6 എന്ന സുസ്ഥിരമായ നിലയില്‍ എത്തി. ഒരു തിരിച്ചുവരവിനുള്ള ശ്രമം ടെര്മിനേറ്റര്‍സ് നടത്തിയെങ്കിലും അതിവേഗം 15 – 8 എന്ന നിലയില്‍ അഞ്ഞൂറാന്‍സ് വിജയക്കൊടി പാറിച്ചു. വിളിച്ച എല്ലാ ലേലങ്ങളൂം വിജയിച്ച കോട്ടയം അഞ്ഞൂറാന്‍സിന്റെ ശ്രീ ജോമി ജോസഫിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

വെല്‍സ് ഗുലന്‍സിന്റെ പടയോട്ടത്തിനു എവര്‍ഗ്രീന്‍ തൊടുപുഴയുടെ കടിഞ്ഞാണ്‍!

TCL – ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്ന വെല്‍സ് ഗുലന്‍സിന് അപ്രതീക്ഷിതമായാണ് എവര്‍ഗ്രീന്‍ തൊടുപുഴയുടെ കടിഞ്ഞാണ്‍ വീണത്. കളിയുടെ തുടക്കം മുതല്‍ എവര്‍ഗ്രീന്‍ തൊടുപുഴയുടെ ആക്രമണത്തില്‍ പകച്ചുപോയ വെല്‍സ് ഗുലാണ് അല്പം സമയം വേണ്ടിവന്നു കളിയിലേക്ക് തിരിച്ചു വരാന്‍. 8 – 1 എന്ന നിലിയയില്‍ മുന്നിലായിരുന്ന ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനും ശ്രീമതി സിനിയ ജേക്കബ് കൂട്ടാളിയുമായ എവര്‍ഗ്രീന്‍ തൊടുപുഴ വീണ്ടും മുന്നേറ്റം തുടര്‍ന്ന് 12 – 3 എന്ന നിലയില്‍ എത്തിയപ്പോഴേക്കും ശ്രീ മനോഷ് ചക്കാല ക്യാപ്റ്റനും ശ്രീ തോമസ് വറീത് കൂട്ടാളിയുമായ വെല്‍സ് ഗുലാന്‌സ് മനോധൈര്യം വീണ്ടെടുത്തിരുന്നു. വെറും രണ്ടു പോയിന്റുകള്‍ മാത്രം കൂട്ടിച്ചേര്‍ക്കാന്‍ എവര്‍ഗ്രീന്‍ തൊടുപുഴയെ അനുവദിച്ചു വെല്‍സ് ഗുലന്‍സ് 14 -13 എന്ന തകര്‍പ്പന്‍ നിലയിലെത്തി എവര്‍ഗ്രീന്‍ തൊടുപുഴയെ സമ്മര്‍ദ്ദത്തിലാക്കി. സമ്മര്‍ദ്ദത്തില്‍ വഴങ്ങാതെ വെല്‍സ് ഗുലാന്‌സ് ക്യാപ്റ്റന്‍ ശ്രീ മനോഷിന്റെ അവസാന ലേലം പിടിച്ചടക്കി എവര്‍ഗ്രീന്‍ തൊടുപുഴ 16 -13 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. വിളിച്ച 8 ലേലങ്ങളില്‍ 6 ലേലങ്ങള്‍ വിജയിച്ചു 75% സ്‌ട്രൈക്ക് റേറ്റോടു കൂടി എവര്‍ഗ്രീന്‍ തൊടുപുഴയുടെ ശ്രിമതി സിനിയാ ജേക്കബ് മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി.

2019 ജനുവരി 26 തിയതി കെന്റിലെ ടോണ്‍ബ്രിഡ്ജ് ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് മുന്‍ പ്രസിഡന്റ് ശ്രീ സണ്ണി ചാക്കോ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്ത TCL ( ടണ്‍ ബ്രിഡ്ജ് വെല്‍സ് കാര്‍ഡ് ലീഗ്)- പ്രീമിയര്‍ ഡിവിഷന്‍ കാര്‍ഡ് മത്സരത്തില്‍ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ലീഗ് മത്സരത്തില്‍ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്. ലീഗില്‍ ഏറ്റവും കൂടുത്തല്‍ പോയിന്റ് എടുക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കും.

2019 ലെ പ്രീമിയര്‍ ഡിവിഷനില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇപ്രകാരമാണ്. ശ്രീ ജോഷി സിറിയക് ക്യാപറ്റനായ റോയല്‍സ് കോട്ടയം, ശ്രീ സാജു മാത്യു ക്യാപ്റ്റനായ കണ്ണൂര്‍ ടൈഗേഴ്സ്, ശ്രീ മനോഷ് ചക്കാല ക്യാപറ്റനായ വെല്‍സ് ഗുലാന്‍സ്, ശ്രീ സജിമോന്‍ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാന്‍സ്, ശ്രീ ട്രീസ ജുബിന്‍ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ശ്രീ ബിജു ചെറിയാന്‍ ക്യാപറ്റനായ ടെര്‍മിനേറ്റ്‌സ്, ശ്രീ ടോമി വര്‍ക്കി ക്യാപ്റ്റനായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനായ എവര്‍ഗ്രീന്‍ തൊടുപുഴ, ശ്രീ സുരേഷ് ജോണ്‍ ക്യാപ്റ്റന്‍ ആയ തുറുപ്പുഗുലാന്‍, ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളന്‍സ്, ശ്രീ സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ, ശ്രീ സുജ ജോഷി ക്യാപ്റ്റനായ സ്റ്റാര്‍ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷമായ ക്യാഷ് പ്രൈസും എവര്‍ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകള്‍ അടുത്തവര്‍ഷത്തെ പ്രീമിയര്‍ ഡിവിഷനില്‍ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി TCL കോര്‍ഡിനേറ്റര്‍ ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം അറിയിച്ചു.