പ്രണയാഭ്യർഥ നിരസിച്ച അധ്യാപികയെ പട്ടാപ്പകൽ ക്ളാസ് മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. ചെന്നൈ കടലൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കടലൂരിലെ കുറിഞ്ഞിപ്പടിയിൽ രമ്യ (23) രാജശേഖർ എന്നയാളുടെ കുത്തേറ്റ് മരിക്കുന്നത്. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു ഇവർ. സംഭവത്തിനു ശേഷം പ്രതിയെ കാണാനില്ലായിരുന്നു. ഇന്നലെ രാവിലെ ഇയാളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച സ്കൂളിലെ ക്ളാസ് മുറിയിൽ ഇരിക്കുകയായിരുന്ന രമ്യയെ പ്രതി കുത്തിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്കൂളിൽ രമ്യ നേരത്തെ എത്തിയിരുന്നു. സഹപ്രവർത്തകരും വിദ്യാർഥികളും എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പ്രതി ബൈക്കിൽ കടന്നുകളഞ്ഞു. ഇയാൾക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

രണ്ടു വർഷം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെയുള്ള പരിചയം വളർന്ന് ഇവർ സുഹൃത്തുക്കളായി. പിന്നീട് രമ്യ കടലൂരിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ചുമതലയേറ്റു. രാജശേഖരൻ ഇതിനിടെ പ്രണയാഭ്യർഥന നടത്തി. എന്നാൽ രമ്യ താൽപര്യം പ്രകടിപ്പിച്ചില്ല. രാജശേഖരന്റെ കുടുംബവും വിവാഹത്തിനു അനുകൂലനിലപാടെത്തു. എന്നാൽ രമ്യയ്ക്കു താൽപര്യമുണ്ടായിരുന്നില്ലെന്നു പിതാവ് പറഞ്ഞു.

തുടർന്ന് വീട്ടുകാരുടെ ഇടപെടലിൽ രമ്യ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ രാജശേഖരന് രമ്യയോടു തോന്നിയ ദേഷ്യമാണ് കൊലയിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.