ച്യൂയിംങ്ഗം ചവയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അധ്യാപികയ്ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള ഒരു അക്കാദമിയിലാണ് സംഭവം. അക്രമത്തില്‍ അധ്യാപികയുടെ വയറിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍ വിദ്യാര്‍ത്ഥിനി ചവച്ചുകൊണ്ടിരിക്കുകയായിരുന്ന ച്യൂയിംങ്ഗം കളയാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് അധ്യാപിക തടയുകയും ചെയ്തു.

ക്ലാസില്‍ നിന്ന് പുറത്താക്കിയതാണ് വിദ്യാര്‍ത്ഥിനിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ സഹായത്തിന് എത്തിയെങ്കിലും അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അക്രമം നടന്ന വിവരം പോലീസില്‍ അറിയിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ ശ്രദ്ധ കാണിച്ചില്ലെന്നും അധ്യാപിക സ്വമേധയാ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്നും നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ് വ്യക്തമാക്കുന്നു. അക്രമത്തിലുണ്ടായ പരിക്കുകളെ തുടര്‍ന്ന് അധ്യാപികയ്ക്ക് ഏതാണ്ട് 50,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സ്‌കൂളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അധ്യാപകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ക്ലാസ്മുറിയിലെ ഡിസ്‌പ്ലേ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ ഒരു അധ്യാപികയ്ക്ക് 25,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. സ്‌കൂള്‍ വെച്ച് ബ്ലാക്ക് ഐസില്‍ തെന്നിവീണ മറ്റൊരു അധ്യാപകന് 85,000 പൗണ്ട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് ഈസ്റ്റേണ്‍ റീജിയണ്‍ ഓഫ് ഇംഗ്ലണ്ടിലെ ഒരു അധ്യാപകനാണ്. ക്ലാസിലെ ഡിസ്‌പ്ലേ ഒരുക്കുന്നതിനടയില്‍ താഴെ വീണ അധ്യാപികയ്ക്ക് 2,50,0000 പൗണ്ടാണ് ലഭിച്ചത്. അപകടത്തിന് ശേഷം സ്‌കൂളില്‍ തുടരാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.