കുറ്റകൃത്യങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുന്നത് പരാജയപ്പെടുന്നതില്‍ അധ്യാപകരും നഴ്‌സുമാരും പോലീസ് ഉദ്യോഗസ്ഥരും ഉത്തരവാദിത്തം പറയേണ്ടി വരുമെന്ന് സൂചന. നോര്‍ത്ത് ലണ്ടനില്‍ കഴിഞ്ഞ ദിവസം നാലുപേര്‍ക്ക് കത്തിക്കുത്തേറ്റിരുന്നു. പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ എല്ലാവര്‍ക്കും പുറത്താണ് കുത്തേറ്റിരിക്കുന്നത്. യുവാക്കള്‍ കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നത് തടയാനായി അവതരിപ്പിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഡ്യൂട്ടി ഇന്ന് ഹോം സെക്രട്ടറി സാജിദ് ജാവീദ് അവതരിപ്പിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ സംവിധാനങ്ങളും യുവാക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന വിധത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരാള്‍ കുറ്റകൃത്യത്തിന് ഇരയാകാന്‍ പോകുകയാണെന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സമൂഹത്തെ പ്രാപ്തമാക്കുകയാണ് ഈ പദ്ധതി ചെയ്യുന്നത്.

ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ സംശയകരമായ പരിക്കുകളോടെ ഒരാളെ കൊണ്ടു വരുന്നതു മുതല്‍ സ്‌കൂളുകളിലും വീട്ടിലും അപകടകരമായി പെരുമാറുന്നവരെ നിരീക്ഷിക്കുന്നതു വരെ ഇതില്‍ ഉ ള്‍പ്പെടുന്നു. ഇതിലൂടെ യുവജനത കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വഴുതി വീഴുന്നുണ്ടോ എന്ന് മനസിലാക്കാനുള്ള വിശകലനം നടത്താന്‍ കഴിയുമെന്ന് ഹോം ഓഫീസ് വക്താവ് അറിയിച്ചു. 2019ല്‍ ലണ്ടനില്‍ കത്തിയുപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസിന് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് അധികാരം ഹോം സെക്രട്ടറി കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചിരുന്നു. കുറ്റകൃതങ്ങള്‍ സമൂഹത്തില്‍ ഒരു രോഗമായി ചീഞ്ഞുനാറുകയാണെന്നും അതിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ജാവീദ് പറഞ്ഞിരുന്നു.

കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്വയം ജാഗ്രത പാലിക്കാന്‍ പബ്ലിക് ഹെല്‍ത്ത്, മള്‍ട്ടി ഏജന്‍സി സമീപനം ഫലപ്രദമാണെന്നാണ് നിഗമനം. കുറ്റകൃത്യങ്ങളെന്ന വിപത്ത് ഇല്ലാതാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോഗിക്കുമെന്നും ജാവീദ് വ്യക്തമാക്കി. പുതിയ പദ്ധതിയെക്കുറിച്ച് വിലയിരുത്താന്‍ നൂറിലേറെ വിദഗ്ദ്ധരുടെ യോഗം ഈയാഴ്ച ചേരും.