ലണ്ടന്‍: പൊതുമേഖലയിലെ ചെലവുചുരുക്കല്‍ നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. അധ്യാപകരുടെ വേതന വര്‍ദ്ധനവ് 1 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2010ലാണ് വേതന വര്‍ദ്ധനവ് 1 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ നിയന്ത്രണം എടുത്തു കളയാന്‍ സമ്മര്‍ദ്ദം പെരുകിയ സാഹചര്യത്തിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അധ്യാപക ജോലിക്ക് പരിശീലനം നേടി ഈ ജോലി തിരഞ്ഞെടുത്തവരില്‍ 25 ശതമാനത്തോളം പേര്‍ 2011 മുതല്‍ കുറഞ്ഞ വേതനം മൂലം ജോലി ഉപേക്ഷിച്ചു എന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു.

സ്‌കൂള്‍ ടീച്ചേഴ്‌സ് റിവ്യൂ ബോഡി ശുപാര്‍ശ അനുസരിച്ച് വേതന വര്‍ദ്ധനവ് ഒരു ശതമാനത്തില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ശുപാര്‍ശകളെന്നും ഗ്രീനിംഗ് വ്യക്തമാക്കി. അധ്യാപനത്തിന്റെ മൂല്യവും കഠിനാധ്വാനവും തങ്ങള്‍ വിലമതിക്കുന്നുവെന്നും അതുകൊണ്ടാണ് എസ്ടിആര്‍ബിയുടെ നിര്‍ദേശങ്ങള്‍ സ്വീരിച്ചതെന്നുമായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ പ്രതിനിധി പറഞ്ഞത്.

പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനവും നികുതിദായകന്‍ നല്‍കുന്ന പണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ നടപടി ആവശ്യമാണെന്ന സര്‍ക്കാര്‍ വാദം ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അധ്യാപക ക്ഷാമം വര്‍ദ്ധിപ്പിക്കാനേ ഈ നടപടി ഉതകൂ എന്ന് അധ്യാപക യൂണിയനുകള്‍ പ്രതികരിച്ചു.