ഷിജു ചാക്കോ 

ജൂലൈ നാലാം തീയതി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങിയ ടീന പോളിന്റെ മൃതദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായും, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കായും തിങ്കളാഴ്ച (ജൂലൈ 17) കാര്‍ഡിഫ് സെന്റ് ഫിലിപ്പ് ഇവാന്‍സ് ചര്‍ച്ചില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പൊതുദര്‍ശനത്തിന് വക്കും. കാലത്ത് 11.30 നു തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ യു കെ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

2010 ല്‍ സ്റ്റുഡന്റ് വിസയില്‍  യുകെയില്‍ എത്തിയ ടീനയ്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം ഉണ്ടെന്ന് അറിയുന്നത്. എങ്കിലും മനോധൈര്യം കൈവിടാതെ നടത്തിയ ചികിത്സകള്‍ക്ക് ഒടുവില്‍ 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായി എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ ടീന വിവാഹം ചെയ്യുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയുമായിരുന്നു.

എല്ലാവരോടും സൗമ്യമായും സന്തോഷമായും പെരുമാറുന്ന സ്വഭാവമായിരുന്നു ടീനയുടേത് എന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു. അസുഖം പൂര്‍ണ്ണമായും ഭേദമായി എന്ന് ആശ്വസിച്ച് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഈ വര്‍ഷം വീണ്ടും രോഗം ടീനയെ കടന്നാക്രമിച്ചത്.

ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരനും നാളെ രാവിലെ യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്. കാര്‍ഡിഫില്‍ ഉള്ള ടീനയുടെ സുഹൃത്തുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St PHILIP EVANS PARISH CHURCH
LLANEDYM Dr, LLANEDEYM
CARDIFF, CF23 9UL