കെന്റക്കി: പതിനേഴു വയസുളള പെണ്‍കുട്ടി മുട്ടുകുത്തി നില്‍ക്കാന്‍ സ്‌കൂളിലെ പ്രഥമാധ്യപകന്‍ നിര്‍ദേശിച്ചതായി പരാതി. കെന്റക്കിയിലെ എഡ്‌മോന്‍സണ്‍ കൗണ്ടി ഹൈസ്‌കൂളിലാണ് സംഭവം. അമാന്‍ഡ ഡര്‍ബിന്‍ എന്ന പെണ്‍കുട്ടിയാണ് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ചുവപ്പും കറുപ്പും നിറത്തിലുളള ഇറക്കം കുറഞ്ഞ പാവാടയാണ് അമാന്‍ഡ ധരിച്ചത്. പാവാട കാല്‍മുട്ടിന് അഞ്ച് ഇഞ്ച് മുകളില്‍ വരെയേ എത്തുന്നുള്ളുവെന്നും ഇത് സ്‌കൂള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പറഞ്ഞായിരുന്നു നടപടി.
ഡ്രസിന് ഇറക്കക്കുറവാണെന്ന കാരണം പറഞ്ഞ് പ്രധാനാദ്ധ്യാപകന്‍ തന്നെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചതായി കുട്ടി പറയുന്നു. പിന്നീടാണ് നിലത്ത് മുട്ടുകുത്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഡ്രസിന്റെ ഇറക്കം അളക്കണമെങ്കില്‍ അങ്ങനെ നിന്നാലേ സാധിക്കൂ എന്നും അധ്യാപകന്‍ കുട്ടിയോട് പറഞ്ഞു. തനിക്ക് പ്രിന്‍സിപ്പാളിന്റെ മുന്നില്‍ അങ്ങനെ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുട്ടി വ്യക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഹാജരാകാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

അവരെത്താന്‍ രണ്ട് മണിക്കൂറെടുത്തു. ഈ സമയമത്രയും ക്ലാസില്‍ പോകാന്‍ അനുവദിച്ചില്ല. മുട്ടിന് താഴെയിറങ്ങിക്കിടക്കുന്ന വസ്ത്രങ്ങള്‍ തനിക്ക് അസൗകര്യമായത് കൊണ്ടാണ് ഇങ്ങനെയുളളവ ധരിക്കുന്നതെന്ന് കുട്ടി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില്‍ കുട്ടിയുടെ വസ്ത്രത്തിന് സ്‌കൂള്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന ഇറക്കം ഉളളതായി കണ്ടെത്തി. പിന്നീട് മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും കൈവീശി നടക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ആ സമയം വീണ്ടും ഇറക്കം പരിശോധിച്ചപ്പോള്‍ അത് സ്‌കൂളിന് അനുവദനീയമായ അളവുണ്ടായിരുന്നില്ല. അധികൃതര്‍ അമാന്‍ഡയോട് വീട്ടില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എല്ലാവര്‍ക്കും സ്‌കൂളിലെ വസ്ത്രധാരണ നിയമങ്ങളെക്കുറിച്ച് അറിവുളളതാണെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം മുട്ടില്‍ നിന്ന് അഞ്ച് ഇഞ്ചില്‍ കൂടുതല്‍ മുകളില്‍ നിന്നാല്‍ അത് അനുവദിക്കാനാകില്ല. സ്‌കൂള്‍ വര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ രക്ഷിതാക്കള്‍ ഇത് സംബന്ധിച്ച ധാരണയില്‍ ഒപ്പിട്ടിരുന്നതായും അധികൃതര്‍ പറയുന്നു. തന്റെ ഈ വസ്ത്ര ധാരണം ഒരു പ്രതിഷേധമാണെന്നാണ് പെണ്‍കുട്ടിയുടെ വാദം. സ്‌കൂളിലേത് മോശം വസ്ത്ര നിയമമാണെന്നും അവള്‍ പറയുന്നു.

തന്റെ അഭിപ്രായത്തോട് സഹപാഠികള്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ തന്റെ പ്രതിഷേധം തനിക്ക് അഭിമാനം പകരുന്നുവെന്ന് അവള്‍ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ ചില വസ്തുക്കളെപ്പോലെയല്ലെന്ന് തിരിച്ചറിയാന്‍ തന്റെ കൂട്ടുകാരികള്‍ക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അമാന്‍ഡ കൂട്ടിച്ചേര്‍ത്തു.