രാജ്യത്തെ നടുക്കിയ പട്ടാപ്പകൽ ദുരഭിമനക്കൊലപാതകം, അറസ്റ്റിലായ അമൃതയുടെ അച്ഛൻ മാരുതി റാവുവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍….

രാജ്യത്തെ നടുക്കിയ പട്ടാപ്പകൽ ദുരഭിമനക്കൊലപാതകം, അറസ്റ്റിലായ അമൃതയുടെ അച്ഛൻ മാരുതി റാവുവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍….
September 19 14:34 2018 Print This Article

തെലങ്കാന ദുരഭിമാനക്കൊലയിൽ അറസ്റ്റിലായ അമൃതയുടെ അച്ഛൻ മാരുതി റാവുവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൃത്യം നടന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്ന് വരുത്തി തീർക്കാൻ മലയാളത്തിലെ ഏക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിൽ നിന്ന് പ്രചോദനം ലഭിച്ചുവെന്ന് മാരുതി റാവു പോലീസിനോട് പറഞ്ഞു. ദൃശ്യം സിനിമ മോഡലിലാണ് കൊലപാതകം പ്ലാൻ ചെയ്തത്. മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമയുടെ കന്നട റീമേക്കിൽ വെങ്കിടേഷ് ആയിരുന്നു നായകൻ.

കൊലപാതകം നടക്കുന്ന സെപ്റ്റംബർ 14 ന് രണ്ട് മണിക്കൂർ മുന്‍പ് ഇയാൾ നൽ​ഗോണ്ടയിലെ ജോയിന്റ് കലക്ടറുടെ ഓഫീസിൽ എത്തിയിരുന്നു. കൊല നടക്കുന്ന സമയം താൻ അവിടെ ഇല്ലായിരുന്നു എന്ന് തെളിവ് സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു ഈ നാടകം. അതേ ദിവസം തന്നെ ജില്ലാ എസ്പിയെയും ആർഡിഒയെ കാണാനും മാരുതി റാവു പോയിരുന്നു.” നൽഗോണ്ട പൊലീസ് സൂപ്രണ്ട് രം​ഗനാഥ് പറയുന്നു. ദൃശ്യത്തിലെ നായകനെ പോലെ വളരെ നിഷ്കളങ്കമായാണ് ഈ സമയത്തും അയാൾ പെരുമാറിയിരുന്നതെന്നും പോലീസ് പറഞ്ഞു.

കൊലപാതകം നടത്തിയ സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായ അഞ്ചുപേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുഭാഷ് ശർമയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളെ കൃത്യത്തിനായി ബിഹാറിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. ഈ വർഷം ജൂണിലാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ചർച്ചകൾക്ക് ശേഷം ഒരു കോടി രൂപയുടെ ക്വട്ടേഷൻ നല്‍കാൻ തീരുമാനിച്ചു. 16 ലക്ഷം അ‍ഡ്വാൻസ് നൽകി. സംഭവം നടന്ന് നാല് ദിവസങ്ങൾക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ(21) വിവാഹം ചെയ്ത പ്രണയ് കുമാറിനെ(23) പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് പ്രണയ് കൊല്ലപ്പെട്ടത്. തന്റെ അച്ഛനും ബന്ധുക്കളുമാണ് പ്രണയിയെ കൊലപ്പെടുത്തിയതെന്ന് അമൃത ആരോപിച്ചിരുന്നു.ജനുവരിയിലാണ് അമൃതയും പ്രണയിയും വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.
അമൃത പറയുന്നു: കുഞ്ഞിനെ ജാതിയില്ലാതെ വളര്‍ത്തും: ഉറച്ച വാക്ക്

ഒരു കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി മകളുടെ ഭർത്താവിന്റെ ജീവനെടുക്കാൻ അയാൾക്കായി. പക്ഷേ ആ കണ്ണീർ തോരുന്നതിന് മുൻപ് തന്നെ ജീവിതത്തോടും തന്നെ തനിച്ചാക്കിയ വീട്ടുകാരോടും അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. മകൾ താഴ്ന്ന ജാതിയിൽപ്പെട്ടൊരാളെ വിവാഹം കഴിച്ചതിനാണ് ക്വട്ടേഷൻ നൽകി അമൃതയുടെ പിതാവ് പ്രണയ്​യെ വകവരുത്തിയത്. തെലങ്കാനയിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഗര്‍ഭിണിയായിരുന്ന അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു പിന്നിലൂടെ എത്തിയ ആക്രമി പ്രണയ്​യെ വെട്ടിക്കൊന്നത്.

സംഭവത്തിൽ അമൃതയുടെ പിതാവ് ടി. മാരുതി റാവു അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ അവന്റെ ഒാർമകൾ മുറുകെപിടിച്ച് അമൃത പറഞ്ഞ വാക്കുകൾ രാജ്യം ഏറ്റെടുക്കുകയാണ്. ‘ജാതിയില്ലാതെ മക്കളെ വളര്‍ത്തണമെന്നായിരുന്നു ഞങ്ങളുടെ സ്വപ്‌നം. പ്രണയ് നല്‍കിയ സമ്മാനമാണ് എന്റെയുള്ളില്‍ വളരുന്നത്. ജാതീയതയ്‌ക്കെതിരെ പോരാടാന്‍ ഞാനെന്റെ കുഞ്ഞിനെ പഠിപ്പിക്കും. എനിക്ക് 21 വയസേയുള്ളൂ. പ്രണയ്ക്ക് 24ഉം. പരസ്പരം ആഴത്തിലുള്ള സ്നേഹമല്ലാതെ ഈ ലോകത്ത് മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. മനോഹരമായൊരു ജീവിതമാണ് അവർ ക്രൂരമായി അറുത്തെറിഞ്ഞത്. ’ അമൃത പറയുന്നു.

പ്രണയ്‌യുടെ വീട്ടിലാണ് അമൃത ഇപ്പോൾ താമസിക്കുന്നത് കൂട്ടായി പ്രണയ്‌യുടെ അച്ഛൻ ഒപ്പമുണ്ട്. മരുമകളെ കാണാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോടും മറ്റുള്ളവരോടും അദ്ദേഹത്തിനു പറഞ്ഞതിങ്ങനെ. ‘കുറച്ചു സമയം തരൂ, ഞാനവള്‍ക്ക് ഭക്ഷണം കൊടുത്തോട്ടെ. അമൃതയുടെ രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണ്. മുഴുവന്‍ സമയ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവള്‍ക്ക് സ്വന്തം രക്ഷിതാക്കളെ പേടിയാണ്. അവളിവിടെ തന്നെ ജീവിക്കും. ജനിക്കാന്‍ പോകുന്ന കുഞ്ഞിനേയും ഞങ്ങള്‍ വളർത്തും.. പ്രണയ്ക്ക് നേരെ ഉപദ്രവം ഉണ്ടാകുമെന്ന് വിചാരിച്ച് ഞാന്‍ നേരത്തേ ഇവരോട് പറഞ്ഞിരുന്നു പ്രണയം അവസാനിപ്പിക്കാന്‍. പക്ഷെ അവരുടെ സ്‌നേഹം അത്രയും ദൃഢമായിരുന്നു. പ്രണയ്​യുടെ പിതാവ് ബാലസ്വാമി പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles