ഹരിപ്പാടിനടുത്തുള്ള ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്കാണ് സമീക്ഷ യുകെ നടത്തിയ ടെലിവിഷൻ ചലഞ്ച് തുണയായത്.

സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടെലിവിഷൻ ചലഞ്ചിലൂടെ സ്വരൂപിച്ച ടെലിവിഷനുകളിൽ നിന്നാണ് 10 ടെലിവിഷനുകൾ ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ കുട്ടികൾക്ക് കൈമാറിയത് . സ്കൂൾ ചെയർമാൻ ടി കെ ദേവകുമാർ Ex MLA യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DYFI ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദഘാടനം നടത്തി. പൊതു സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ കുട്ടികൾ പഠനം നടത്തിയിരുന്നത്. ഇന്ന് മുതൽ തങ്ങളുടെ വീട്ടിലും ഈ സൗകര്യം ഉണ്ടാവും എന്നത് കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ളാദിപ്പിച്ചത് .

സമീക്ഷയുടെയും DYFI യുടെയും സഹായം നിർധന കുടുംബങ്ങളിൽ നിന്നുള്ള ഈ കുട്ടികൾക്ക് ഒരു അനുഗ്രഹമായെന്നു സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഇതുപോലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികൾ നടത്തുന്നതിൽ സമീക്ഷ യുകെ യും DYFI യും നാടിനു മാതൃകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .