ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒരു നുണച്ചിയാണെന്ന് ആരോപിക്കുന്ന ‘ ലയര്‍ ലയര്‍ ജിഇ 2017’ എന്ന ആല്‍ബം യുകെയില്‍ സൂപ്പര്‍ ഹിറ്റാകുന്നു. അവള്‍ ഒരു നുണച്ചിയാണ്. നിങ്ങള്‍ക്കവളെ വിശ്വസിക്കാന്‍ പറ്റില്ല. തെരേസ മേയെ ആക്രമിക്കുന്ന ഈ പാട്ട് യുകെയിലെ മ്യൂസിക്ക് ചാര്‍ട്ടില്‍ രണ്ടാമതെത്തിയിരിക്കുകയാണിപ്പോള്‍.

പ്രധാനമന്ത്രിയുടെ നുണകള്‍ കോര്‍ത്തിണക്കിയാണ് ഈ ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ എസ്‌കെഎ തയ്യാറാക്കിയിരിക്കുന്ന ആല്‍ബം ആമസോണിന്റെ പട്ടിക പ്രകാരം ബ്രിട്ടനില്‍ മുന്‍നിരയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഗാനമായിരിക്കുന്നു. ഇതിന് പുറമെ ആപ്പിളിന്റെ ഐട്യൂന്‍സ് യുകെ ചാര്‍ട്ടിലാണീ ആല്‍ബം രണ്ടാമതെത്തിയിരിക്കുന്നത്. ഇതുവരെ ഒരു റേഡിയോ സ്റ്റേഷനും ഇത് പ്രക്ഷേപണം ചെയ്യാന്‍ തയ്യാറായിട്ടില്ലെങ്കിലും ആല്‍ബം ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളില്‍ ടോറി പാര്‍ട്ടി പുലര്‍ത്തി വരുന്ന കര്‍ക്കശമായ ചെലവ് ചുരുക്കല്‍ നയത്തെയും ഈ ആല്‍ബത്തില്‍ കണക്കിന് പരിസഹിക്കുന്നുണ്ട്.

എന്നാല്‍ തെരേസ വിവിധയിടങ്ങളില്‍ വിവിധ കാലങ്ങളില്‍ നടത്തിയ പ്രസംഗങ്ങളിലെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും എടുത്ത് കാട്ടി അവര്‍ പറഞ്ഞതിലധികവും കളവാണെന്ന് സമര്‍ത്ഥിക്കുന്നതിനുള്ള ബോധപൂര്‍വമുള്ള ശ്രമം പാട്ടില്‍ കാണാം.

എന്‍എച്ച്എസ്, വിദ്യാഭ്യാസം, സോഷ്യല്‍ കെയര്‍, തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്ക് തെരേസ ഫണ്ട് വെട്ടിക്കുറച്ച് അവയെ പ്രതിസന്ധിയിലാക്കിയതിനെ ആല്‍ബത്തിലൂടെ കടുത്ത വിമര്‍ശനവിധേയമാകുന്നുണ്ട്. ഇതിന് പുറമെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കിക്കില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്ന തെരേസ അവസാനം അതില്‍ നിന്നും മലക്കം മറിഞ്ഞ് പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട് ആല്‍ബത്തില്‍. തെരേസയുടെ പിടിപ്പ് കേട് കാരണം നഴ്‌സുമാര്‍ പട്ടിണി കിടക്കേണ്ടി വന്നുവെന്നും, സ്‌കൂളുകള്‍ നശിച്ച് കൊണ്ടിരിക്കുന്നുവെന്നും ഇതില്‍ മുന്നറിയിപ്പുണ്ട്.

വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഈ പാട്ട് ടോപ്പ് 40 സിംഗിള്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് പ്രവേശനം നേടിയിരിക്കുന്നുവെന്നാണ് ദി ഒഫീഷ്യല്‍ ചാര്‍ട്ട് കമ്പനി വെളിപ്പെടുത്തുന്നത്. ബുധനാഴ്ച ഒഫീഷ്യല്‍ ചാര്‍ട്ട് അപ്‌ഡേറ്റില്‍ ഇത് ഏഴാം സ്ഥാനത്തായിരുന്നു. ആല്‍ബം പുറത്തിറക്കിയ ക്യാപ്റ്റന്‍ എസ്‌കെയെ ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാന്‍ഡാണ്. പ്രൊഡ്യൂസറായ ജാക്കെ പെയിന്ററാണിതിന് നേതൃത്വം നല്‍കുന്നത്. ഒഫീഷ്യല്‍ ചാര്‍ട്ടുകളില്‍ ഈ ആല്‍ബത്തെ നമ്പര്‍ വണ്ണാക്കുകയാണ് ഇവരുടെ ലക്ഷ്യം.