ലിങ്കണ്‍ഷയര്‍: കടുത്ത ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിനായി അമ്മക്ക് കാത്തിരിക്കേണ്ടി വന്നത് നീണ്ട 7 മണിക്കൂര്‍. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കടുത്ത ശ്വാസംമുട്ടലും ചുമയും മൂലം അവശയായ സ്‌കാര്‍ലറ്റ് സില്‍ക്‌സ് എന്ന കുട്ടിയുമായി താന്‍ മണിക്കൂറുകളോളം കാത്തിരുന്നതിന്റെ കഥ വിവരിച്ചുകൊണ്ട ഹന്ന മേരി എന്ന മാതാവാണ് രംഗത്തെത്തിയത്. നോണ്‍ എമര്‍ജന്‍സി നമ്പറായ 101ലാണ് ഹന്ന മേരി വിളിച്ചത്. കുട്ടിയുടെ ശരീരതാപം, ശ്വാസോച്ഛാസത്തിന്റെ നിരക്ക് തുടങ്ങിയവയേക്കുറിച്ച് അവര്‍ ചോദിച്ചറിയുകയും ആംബുലന്‍സ് വിളിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

പുലര്‍ച്ചെ 2 മണിയോടെ ആംബുലന്‍സ് സര്‍വീസില്‍ വിളിച്ചു. പക്ഷേ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ആംബുലന്‍സ് സര്‍വീസില്‍ നിന്ന് തിരികെ വിളിക്കുകയും ഏറ്റവും അടുത്തുള്ള ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഒരു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്താല്‍ മാത്രമേ അടുത്തുള്ള എ ആന്‍ഡ് ഇ യൂണിറ്റില്‍ എത്താനാകൂ. അതിനിടയില്‍ കുട്ടിക്കെന്തെങ്കിലും സംഭവിച്ചാല്‍ താന്‍ എന്തു ചെയ്യും എന്ന ചോദ്യമാണ് ഹന്ന മേരി ഉന്നയിക്കുന്നത്.

തങ്ങള്‍ തിരക്കിലാണെന്ന മറുപടിയാണ് ആംബുലന്‍സ് സര്‍വീസ് നല്‍കിയത്. കുട്ടിക്ക് രണ്ടാമത്തെ തവണയാണ് ഇങ്ങനെയുണ്ടാകുന്നതെന്നും എമര്‍ജന്‍സി സര്‍വീസില്‍ നിന്ന് രണ്ടാമത്തെ തവണയാണ് ഈ ദുരവനുഭവം നേരിടുന്നതെന്നും അവര്‍ പറഞ്ഞു. 42.5നു മേല്‍ ശരീരതാപം ഉയര്‍ന്നാല്‍ മസ്തിഷ്‌കത്തിന് തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സുകള്‍ വിളിക്കാനാണ് നിര്‍ദേശിക്കപ്പെടാറുള്ളത്. പക്ഷേ തനിക്കുണ്ടായ ദുരനുഭവം താരതമ്യമില്ലാത്തതാണെന്നും ഹന്ന മേരി പറയുന്നു.