സ്വന്തം ലേഖകൻ

ഹൾലെ ഷോപ്പിൽ നിന്ന് കുട വാങ്ങാൻ കയറിയ 23കാരനായ കാസി ആണ് ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നത്.

ഫേസ്മാസ്ക് ധരിച്ചതിന്റെ പേരിൽ ‘ദയവായി താങ്കൾ എന്റെ അടുത്തേക്ക് വരരുത് ‘എന്ന് ഭീഷണിപ്പെടുത്തി ടെസ്‌കോയിലെ ജീവനക്കാരി തന്നെ അകറ്റി നിർത്തി.തെക്കു കിഴക്കൻ ഏഷ്യയിൽ താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിച്ച ശേഷം, കഴിഞ്ഞ 3വർഷമായി അക്കൗണ്ടിങ് പഠിക്കുന്നിടത്തേക്ക് തിരിച്ചെത്തിയതാണ് കാസി. യാത്രയിൽ ഉടനീളം കൊറോണ വൈറസ് ഭീതി നില നിൽക്കുന്നതിനാൽ മാസ്ക് ധരിച്ചിരുന്നു. ഹള്ളിൽ എത്തും വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.

“24മണിക്കൂർ നീണ്ട സൗത്ത് ഈസ്റ്റ്‌ ഏഷ്യ യാത്രക്ക് ശേഷം, ടെസ്‌കോയിൽ ഒരു കുട വാങ്ങാൻ കയറിയതാണ് ഞാൻ. ദൈവത്തെ ഓർത്തു അടുത്തുവരരുത് എന്ന് നിലവിളിച്ചു ഒരു പത്തു പതിനഞ്ച് അടി അകലത്തിൽ നിന്നാണ് എനിക്ക് സാധനം എടുത്തു തന്നത്. കടയിൽ മറ്റ് ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ഞാൻ നാണം കെട്ട് വല്ലാതായി”.

ഇതിനെ പറ്റി ഞാൻ ഡ്യൂട്ടി മാനേജരോട് സംസാരിച്ചു. അപ്പോൾ അവർ ക്ഷമ പറഞ്ഞെങ്കിലും ഈ അനുഭവം ലോകത്തിനു മുന്നിൽ എത്തണം. എനിക്ക് അലര്ജി ഉള്ളതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം കൂടിയാണ് മാസ്ക് ധരിക്കുന്നത്. ഹള്ളിൽ ആരും മാസ്ക് ധരിക്കുന്നത് കണ്ടില്ലെങ്കിലും മാതാപിതാക്കളുടെ സ്ഥലത്തും ദോഹ എയർപോർട്ടിലുമെല്ലാം 50%ൽ അധികം പേർ മാസ്ക് ധരിച്ചിരുന്നു. എന്നാൽ അവർക്ക് നേരെ ആരും വിവേചനം കാണിക്കുന്നില്ല. ഭയമല്ല കരുതലും ജാഗ്രതയുമാണ് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.