ലണ്ടന്‍: ശമ്പളത്തില്‍ അസമത്വം കാണിച്ച ടെസ്‌കോ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് 4 ബില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന സ്റ്റോര്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്റ്റോര്‍ ജീവനക്കാര്‍ക്ക് വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ 5000 പൗണ്ട് കുറവാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. നൂറോളം ജീവനക്കാര്‍ക്കു വേണ്ടി ലെയ് ഡേ എന്ന നിയമ സ്ഥാപനം നല്‍കിയിരിക്കുന്ന പരാതിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരുണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരാണ് ഇവര്‍ ഭൂരിപക്ഷവും.

ടെസ്‌കോ വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് മണിക്കൂറിന് 8.50 പൗണ്ട് മുതല്‍ 11 പൗണ്ട് വരെയാണ് ശമ്പളം. എന്നാല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് മണിക്കൂറില്‍ 8 പൗണ്ട് മാത്രമാണ്. ബ്രിട്ടനിലെ തന്നെ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്‌കോ കഴിഞ്ഞ ആറ് വര്‍ഷത്തെ ശമ്പള കുടിശ്ശികയായി 20,000 പൗണ്ട് വീതം ഓരോ ജീവനക്കാരിക്കും നല്‍കേണ്ടി വരുമെന്നാണ് വിവരം. ആസ്ഡ, സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കെറ്റുകള്‍ക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏതാണ്ട് 20,000ത്തോളം ജീവനക്കാര്‍ ആസ്ഡയില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ആസ്ഡയിലെ വെയര്‍ ഹൗസ് ജീവനക്കാരുടെയും ഷോപ്പ് വര്‍ക്കേഴ്‌സിന്റെയും ശമ്പളത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏതാണ്ട് 1,000 ത്തോളം ജീവനക്കാര്‍ സമാന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.