ന്യൂസ് ഡെസ്ക്

ടെസ്കോ ഫാർമസിയിൽ നിന്ന് വാങ്ങിയ മരുന്നു നല്കിയതിനെത്തുടർന്ന് 23 മാസം മാത്രം പ്രായമുള്ള  കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായി. പെയ്സിലി തോമസ് എന്ന പെൺകുട്ടിയാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടായതിനെ തുടർന്ന് ജിപിയെ കണ്ട പെയ്സിലിന് എറിത്രോമൈസിൻ ആൻറിബയോട്ടിക്സ് പ്രിസ്ക്രിപ്ഷൻ ഡോക്ടർ നല്കി. ടെസ്കോ ഫാർമസിയിൽ നിന്ന് ഫ്രൂട്ടി ഫ്ളേവർ ഉള്ള മെഡിസിൻ വാങ്ങിയ പെയ്സിലിയുടെ അമ്മ 27 കാരിയായ ബെക്കി മരുന്നു നല്കി തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി വന്നു.

പെയ്സിലിക്ക് ഛർദ്ദിലും ഡയറിയയും തുടങ്ങുകയും ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതാവുകയും ചെയ്തു. അതു വരെ മൂന്നു ഡോസ് ബെക്കി, പെയ്സിലിക്ക് നല്കിയിരുന്നു. മരുന്നിൽ സംശയം തോന്നിയതിനെ തുടർന്ന് ബെക്കി ഉടൻ തന്നെ NHS ഡയറക്ടിൽ വിളിച്ച് ഉപദേശം തേടി. ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തുവാൻ നിർദ്ദേശം ലഭിച്ചു. വളരെ ഉയർന്ന ഡോസ് ആൻറിബയോട്ടിക്സ് ആണ് ബോട്ടിലിൽ ഉണ്ടായിരുന്നതെന്ന് മനസിലായതിനെ തുടർന്ന് പെയ്സിലിന് വേറെ മരുന്നുകൾ നല്കി. കടുത്ത ശ്വാസതടസം ഉണ്ടായതു മൂലം നെബുലൈസർ ഉപയോഗിക്കേണ്ടി വന്നു. പനി 39.9 ഡിഗ്രി വരെ എത്തി. ക്രിസ്മസ് ദിനമായിരുന്നതിനാൽ ഫാർമസികൾ തുറക്കാത്തതുമൂലം മരുന്നു വാങ്ങാൻ കഴിഞ്ഞില്ല.

പെയ്സിലിയുടെ ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനാൽ ബെക്കി വീണ്ടും ജിപിയെ കണ്ടെങ്കിലും അവർ പറയുന്നതു കേൾക്കാനുള്ള താത്പര്യം കാണിച്ചില്ല. വീട്ടിലെത്തിയ ബെക്കി 111 ഡയൽ ചെയ്തു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് എത്തി പെയ്സിലിയെ മിൽട്ടൺ കീൻസിലെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. രക്തത്തിലെ സുഗറിന്റെ അളവ് വളരെ കുറഞ്ഞിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് പെയ്സിലി ആരോഗ്യം വീണ്ടെടുത്തു. ടെസ്കോ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.