ലണ്ടന്‍: ടെസ്‌കോ എക്‌സ്പ്രസ് സ്റ്റോറുകളില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഷോപ്പിംഗിന് ഉപഭോക്താക്കളില്‍ നിന്ന് വീണ്ടും പണമീടാക്കി ടെസ്‌കോ. അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായതോടെയാണ് ഉപഭോക്താക്കളില്‍ പലരും ഇതേക്കുറിച്ച് അറിയുന്നത്. പലരും ഓവര്‍ഡ്രാഫ്റ്റായെന്ന പരാതിയും ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 300 ടെസ്‌കോ എക്‌സ്പ്രസ് സ്റ്റോറുകളിലെ കാര്‍ഡ് പെയ്‌മെന്റ് സിസ്റ്റത്തിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് ടെസ്‌കോ പിന്നീട് വിശദീകരിച്ചു. ഷോപ്പിംഗ് സമയത്ത് ശരിയായ വിധത്തില്‍ പ്രോസസിംഗ് നടത്താതിരുന്ന കാര്‍ഡുകളില്‍ നിന്നാണ് പണമീടാക്കിയതെന്നാണ് വിശദീകരണം.

നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളില്‍ നടത്തിയ ഷോപ്പിംഗുകളുടെ പണം ഒറ്റയടിക്ക് ഡെബിറ്റ് ടചെയ്യപ്പെട്ടത് കണ്ട് ഉപഭോക്താക്കളുടെ കണ്ണുതള്ളിയെന്ന് മണിസേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്കുണ്ടായ ദുരനുഭവം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയിനിംഗും ആരംഭിച്ചതോടെ ക്ഷമാപണവുമായി ടെസ്‌കോയുടെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ അലെസാന്ദ്ര ബെല്ലിനി എത്തി. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി ബെല്ലിനി എഴുതി.

നേരത്തേ നടത്തിയ ഷോപ്പിംഗില്‍ നടക്കാതെ പോയ പണമിടപാടുകളാണ് ഇപ്പോള്‍ നടന്നതെന്നും അവയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പെന്‍ഡിംഗ് പെയ്‌മെന്റ് എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളില്‍ മൂന്ന് മാസമായി കാണാത്ത തുക പെട്ടെന്ന് പിന്‍വലിക്കപ്പെട്ടത് ഞെട്ടിച്ചെന്ന് ചില ഉപഭോക്താക്കള്‍ പറഞ്ഞു. 9 ട്രാന്‍സാക്ഷനുകള്‍ വരെ ഒറ്റയടിക്ക് നടത്തിയത് കടക്കെണിയിലാക്കിയെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്.