തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ രണ്ടാം ഘട്ടം ആരംഭിച്ചു. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നലെ നാല് കുട്ടികളെ ഗുഹയ്ക്ക് വെളിയില്‍ എത്തിച്ചിരുന്നു. ബഡ്ഡി ഡൈവിംഗ് രീതിയിലാണ് കുട്ടികളെ പുറത്തെത്തിച്ചത്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന ആശങ്കയുണ്ട്. ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ടാണ് ഭീഷണി.

മഴ തുടരുകയും ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തതിനാലാണ് കുട്ടികളെ പുറത്തെത്തിക്കാന്‍ ആരംഭിച്ചത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലൂടെ നാലുപേരെ പുറത്തെത്തിച്ചു. ബാക്കിയുള്ള 9 പേരും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നു തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് പദ്ധതി. ഇതിനായി കുറഞ്ഞത് 20 മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.

മഴ ശക്തമാകുന്നതിനു മുമ്പായി ഇവരെ എല്ലാവരെയും പുറത്തെത്തിക്കാനായില്ലെങ്കില്‍ വലിയ ദുരന്തത്തിനായിരിക്കും ലോകം സാക്ഷിയാകേണ്ടി വരിക. മഴ ശക്തമായാല്‍ ഗുഹയക്കുള്ളില്‍ 16 അടി വരെയെങ്കിലും ജലനിരപ്പ് ഉയരും. ബാക്കിയുള്ളവരെ രണ്ട് സംഘങ്ങളായി പുറത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 18 വിദഗ്ദ്ധരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.