കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ തന്നെ വീണ്ടും മല്‍സരിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനവിധി തേടും. ആദ്യ പട്ടികയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ ഉള്‍പ്പെടുത്തിയില്ല. പത്തനംതിട്ട ഒഴികെ കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മല്‍സരിക്കും.

ബി.ജെ.പി ഏറെ പ്രതീക്ഷവയ്‍ക്കുന്ന പത്തനംതിട്ട ഒഴിച്ചിട്ട്, കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നരേന്ദ്രമോദി വാരാണസിയില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ നിലവില്‍ രാജ്യസഭാംഗമായ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ സ്ഥാനാര്‍ഥിയാകും.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലക്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും വീണ്ടും ജനവിധി തേടുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനിക്ക് വീണ്ടും അവസരം നല്‍കി. കേന്ദ്രമന്ത്രി വി.കെ.സിങ്ങ് ഗാസിയാബാദിലും ഹേമമാലിനി മുഥരയിലും സാക്ഷിമഹാരാജ് ഉന്നാവയിലും വീണ്ടും ജനവിധി തേടും.

കേരളത്തില്‍ ബി.ജെ.പി മല്‍സരിക്കുന്ന പതിനാല് സീറ്റുകളില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരില്‍ സി.കെ.പത്മനാഭനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും കൊല്ലത്ത് സാബു വര്‍ഗീസും പാലക്കാട് സി.കൃഷ്ണകുമാറും ചാലക്കുടിയില്‍ എ.എന്‍.രാധാകൃഷ്ണും കോഴിക്കോട് പ്രകാശ് ബാബുവും മലപ്പുറത്ത് വി.ഉണ്ണികൃഷ്ണനും പൊന്നാനിയില്‍ വി.ടി.രമയും വടകരയില്‍ വി.കെ.സജീവനും കാസര്‍കോട്ട് രവീശതന്ത്രിയും മല്‍സരിക്കും.

പത്തനംതിട്ട ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് എറണാകുളം നല്‍കിയപ്പോള്‍ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന് ആലപ്പുഴ നല്‍കി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും അവകാശവാദം ഉന്നയിച്ച പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വം മാറ്റിവച്ചു.

മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി.മുരളീധരനും പി.കെ.കൃഷ്ണദാസും മുതിര്‍ന്ന നേതാവ് എം.ടി.രമേശും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനും പട്ടികയില്‍ ഇടംപിടിച്ചില്ല.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസ് പാളയത്തിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ടോ വടക്കന് അവിടെയും സീറ്റില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കൻറെ പേരില്ല. ഇനി പ്രഖ്യാപിക്കാനുള്ളത് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ മാത്രം. ഇവിടെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വം ഏറെക്കുറേ ഉറപ്പിച്ചും കഴിഞ്ഞു. ഇതോടെ ഇത്തവണയെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച സീറ്റ് വടക്കന് നഷ്ടമായി.

ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കൻ ഇല്ലെന്നും വടക്കന്റ കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുകയെന്നുമാണ് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കൻ പ്രതീക്ഷിച്ചിരുന്നതും. എന്നാൽ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തി. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വർഗീസീനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി.