ഇസ്‍ലാമബാദ്∙ കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവർത്തന ചെലവ് വെട്ടിക്കുറച്ചു. 2020–21 വർഷത്തെ പ്രവർത്തനത്തിന് 7.2 ബില്യൻ പാക്കിസ്ഥാനി രൂപ (352 കോടി രൂപ) യുടെ ബജറ്റാണ് പിസിബി ബോർഡ് ഓഫ് ഗവര്‍ണേഴ്സ് പ്രഖ്യാപിച്ചത്. 2019–20 ബജറ്റിൽനിന്ന് 10 ശതമാനം ‘കട്ട്’ ചെയ്താണ് പുതിയ പ്രഖ്യാപനം. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രിക്കറ്റിനെ പിടിച്ചു നിർത്താനാണ് ബജറ്റിലെ 71.2 ശതമാനവും ഉപയോഗിക്കുക.

ബജറ്റിലെ ആകെ തുകയിൽ 25.2 ശതമാനം, അതായത് 1.95 ബില്യന്‍ പാക്കിസ്ഥാനി രൂപ (88 കോടി രൂപ) ആഭ്യന്തര ക്രിക്കറ്റിനു വേണ്ടിയാണു മാറ്റിവച്ചിരിക്കുന്നത്. താരങ്ങൾക്കു മികച്ച ശമ്പളം ഉറപ്പാക്കാനാണ് ഇത്. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വർഷങ്ങളിൽ വലിയ പിന്നോട്ടുപോക്കാണ് ഉണ്ടായത്. താരങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. ഇതേ തുടർന്നാണു പുതിയ വര്‍ഷം ഗ്രേഡ് അടിസ്ഥാനമാക്കിയുള്ള മെച്ചപ്പെട്ട മാച്ച് ഫീസ് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

പുതിയ ഘടന പ്രകാരം 192 താരങ്ങളെ അഞ്ച് ഗ്രേഡുകളാക്കിയാണു തരംതിരിക്കുക. കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ പത്തു താരങ്ങളെ ഉൾപ്പെടുത്തി ‘എ പ്ലസ്’ എന്ന ഗ്രേഡ് ഉണ്ടാക്കും. 150,000 പാക്കിസ്ഥാനി രൂപ (67,706 ഇന്ത്യൻ രൂപ) യാണ് ഇവർക്ക് ഒരു മാസം ലഭിക്കുക. രണ്ടാമതുള്ള എ വിഭാഗത്തിൽ 38 താരങ്ങളാണ് ഉണ്ടാകുക. ഇവർക്ക് 85,000 പാക്കിസ്ഥാനി രൂപ (38,366 രൂപ) ലഭിക്കും. ബി വിഭാഗത്തിലെ 48 താരങ്ങൾക്ക് 75,000 പാക്കിസ്ഥാനി രൂപ (33,853 രൂപ) യും സി, ഡി കാറ്റഗറിക്കാർക്ക് 65,000 (29,339 രൂപ), 40,000 (18,055) എന്നിങ്ങനെയുമാണു തുക ലഭിക്കുക. അടുത്ത മാസം അവസാനത്തോടെ വിവിധ ഗ്രേഡ് വിഭാഗങ്ങളിൽപെടുന്നവരുടെ പേരു വിവരങ്ങൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിടും.

ബിസിസിഐ തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയതോടെയാണ് ഇന്ത്യയില്‍ ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തുകയില്‍ വൻ വർധനയുണ്ടായത്. പുതിയ ശമ്പള വർധന പ്രഖ്യാപിച്ചതിനു ശേഷം രഞ്ജി ട്രോഫി പോലെയുള്ള ഇന്ത്യൻ ആഭ്യന്തര മത്സരങ്ങൾ കളിച്ചുതന്നെ താരങ്ങൾക്ക് വർഷം 50–70 ലക്ഷം വരെ രൂപ നേടാൻ സാധിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മില്‍ ശമ്പള സ്കെയിലിന്റെ കാര്യത്തിൽ വലിയ വ്യത്യാസമാണ് ഉള്ളത്. പാക്കിസ്ഥാനി ആഭ്യന്തര താരങ്ങളെ നോക്കിയാൽ ഒരു മാസം പരമാവധി 67,706 രൂപയാണ് ഉണ്ടാക്കാൻ സാധിക്കുക. അതേസമയം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരങ്ങൾ രണ്ട് ദിവസം കൊണ്ടു നേടുന്നത് 70,000 രൂപയാണ്.

ഏറ്റവും താഴെയുള്ള ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾപോലും ഇന്ത്യയിൽ രണ്ട് ദിവസത്തിൽ 20,000 രൂപയും മാസം മൂന്ന് ലക്ഷവും സമ്പാദിക്കുന്നുണ്ട്. രണ്ടു ബോർഡുകളിലും ആഭ്യന്തര താരങ്ങൾക്കു ലഭിക്കുന്ന തുകയിലെ അന്തരം അത്രയേറെയാണ്. ക്രിക്കറ്റിൽ ഇന്ത്യയുടെ നിലവാരത്തിലേക്കെത്താൻ പാക്കിസ്ഥാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. വൻതുക തന്നെ നിക്ഷേപിച്ച് ക്രിക്കറ്റിനെ വീണ്ടെടുക്കാനാണു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പിസിബി ചെയർമാൻ എഹ്സാൻ മാനി എന്നിവരുടെ നിർദേശ പ്രകാരമാണ് ആഭ്യന്തര ക്രിക്കറ്റിൽ മാറ്റങ്ങൾക്ക് പിസിബി മുൻകൈയെടുക്കുന്നത്.