ലണ്ടന്‍: യുകെ വിസക്കായി ബ്രിട്ടീഷ് സര്‍ക്കാരിന് ഇമെയില്‍ അയക്കുന്നവര്‍ക്ക് ഇനിമുതല്‍ 5.48 പൗണ്ടിന്റെ ഒരു ബില്‍ കൂടി വരും. യുകെ വിസയ്ക്കായുള്ള ഇ-അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഈ തുക നല്‍കണം. നാളെ മുതലാണ് ഈ പരിഷ്‌കാരം നിലവില്‍ വരുന്നത്. അപേക്ഷകരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു. ഇതാണ് അപേക്ഷകരില്‍ നിന്ന് ഫീസ് വാങ്ങാന്‍ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്.

ഫുള്‍ വിസ ആപ്ലിക്കേഷനുകള്‍ക്ക് പ്രത്യേക ഫീസാണ് ഉള്ളത്. സാധാരണ മട്ടിലുള്ള അന്വേഷണങ്ങള്‍ക്കാണ് ഈ ഫീസ്. ഹോം ഓഫീസിന്റെ ഭാഗമായ യുകെവിഐ തങ്ങളുടെ ഭാഷകളുടെ എണ്ണം 20ല്‍ നിന്ന് എട്ടായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്ന സൂചനയുമുണ്ട്. എന്‍എച്ച്എസ് സൗകര്യം ഉപയോഗിക്കുന്ന വിദേശികളുടെയും വിദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങളുടെയും ഫീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം 1 ലക്ഷമായി പരമിതപ്പെടുത്താനുള്ള ടോറി പദ്ധതിയുടെ ഭാഗമാണ് ഇത്.

ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതികള്‍ ഹോം ഓഫീസിന് ലാഭകരമാകുമെന്നാണ് ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ നീക്കം ടൂറിസത്തെ തകര്‍ക്കുമെന്നും വിദഗ്ദ്ധ മേഖലയില്‍ തൊഴിലാളികള്‍ എത്തുന്നതിനെ തടയുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ പറയുന്നു. തെരേസ മേയ് രാജ്യത്തിന്റെ താല്‍പര്യങ്ങളേക്കാള്‍ പാര്‍ട്ടി താല്‍പര്യങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.