കോവിഡ് രോഗബാധ ലോകത്ത് വലിയ ആഘാതം സ‍ൃഷ്ടിക്കുമ്പോൾ ആഗോള സാമ്പത്തിക രംഗത്തും അതിന്റെ പ്രതിഫലനം വ്യക്തമാണ്. ലോകത്തെ ശതകോടീശ്വരൻമാരെ ആകെ പിടിച്ചുലച്ചിരിക്കുകയാണ് ഈ സാമ്പത്തിക പ്രതിസന്ധി. കൊറോണ വൈറസ് ലോക്ക്‌ ഡൌണ്‍ മൂലം യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഓഫീസുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ എല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്.

ഫോബ്‌സ് മാസികയുടെ വാർഷിക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം യുഎസ് പ്രസിഡന്റിന്റെ സമ്പാദ്യം മാർച്ച് 1 ന് 3.1 ബില്യൺ ഡോളര്‍ ആയിരുന്നു. അത് മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക്മൂലം സ്റ്റോക്ക് മാർക്കറ്റുകള്‍ കുത്തനെ ഇടിഞ്ഞ സമയമാണത്. ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ കോവിഡ് -19 ഉണ്ടാക്കിയ തകർച്ച ലോകത്തെ ഏറ്റവും സമ്പന്നരായ 267 പേർക്ക് ‘മഹാകോടീശ്വര പദവി’ നഷ്ടപ്പെടാൻ കാരണമായി എന്നാണ് ഫോബ്‌സ് മാസിക പറയുന്നത്. ലോകത്ത് ഇപ്പോൾ 2,095 ശതകോടീശ്വരന്മാരുണ്ട്. അവരില്‍ 1,062 പേർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, ശതകോടീശ്വരന്മാരുടെ ക്ലബിൽ പുതുതായി ഇടം കണ്ടെത്തിയവരുടെ കൂട്ടത്തില്‍ സിലിക്കൺ വാലിയില്‍ നിന്നുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്പായ സൂമിന്റെ സ്ഥാപകൻ എറിക് യുവാനും ഉൾപ്പെടുന്നു. സൂമിന്റെ 20% ഓഹരികൾ സ്വന്തമാക്കിയിരിക്കുന്ന യുവാന് 5.5 ബില്യൺ ഡോളർ ആസ്തിയുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് ലോക്ക്‌ ഡൌണ്‍ സമയത്ത് ലോകമെമ്പാടുമുള്ള ആളുകൾ പരസ്പരം സമ്പർക്കം പുലർത്താൻ സൂം ആപ്ലിക്കേഷന്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അത് വളരെ ജനപ്രിയമായി.

ആമസോൺ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജെഫ് ബെസോസ് തുടർച്ചയായ മൂന്നാം വർഷവും 113 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തി. കമ്പനിയുടെ മിക്ക സേവനങ്ങളും ഇപ്പോഴും തുടരുന്നതിനാല്‍ ആമസോണിന്റെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ നിന്ന് കരകയറിയിരുന്നു.