ബെയ്ജിങ് ∙ കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് കൊറോണ ബാധിച്ചു മരിച്ചു. കൊറോണ ബാധ പടർ‌ന്നുപിടിച്ച വുഹാനിലായിരുന്നു 34 കാരനായ ലീ വെൻലിയാങ്ങിന്റെ അന്ത്യമെന്ന് ചൈനീസ് ദേശീയ മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

2019 ഡിസംബറിൽ വുഹാനിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു നൽകിയത് ലീ വെൻലിയാങ് ആയിരുന്നു. ചൈനയിലെ പ്രമുഖ മെസേജിങ് ആപ്പായ വീചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പിലാണ് ലീ ഈ വിവരം പങ്കുവച്ചത്.

പ്രദേശിക കടൽമത്സ്യ മാർക്കറ്റിലുള്ള ഏഴു പേർ സാർസിനു സമാനമായ രോഗലക്ഷണങ്ങളുമായി തന്റെ ആശുപത്രിയിലെ ക്വാറന്റൈനില്‍ ഉണ്ടെന്നായിരുന്നു സന്ദേശം. കൊറോണ വൈറസാണ് അസുഖത്തിന് കാരണമെന്ന് പരിശോധനാ ഫലത്തിൽ നിന്നു വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രിയപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധ സംബന്ധിച്ച് മുന്നറിയിപ്പു നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ച് പൊലീസ് അദ്ദേഹത്തെ ശാസിച്ചു.