കിന്‍സ്ഹാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോ എബോള വൈറസ് ഭീതിയില്‍. കാംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിന് പിന്നാലെ ലോകാരോഗ്യ സംഘടന കോംഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കോംഗോയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1500-ലധികം പേര്‍ എബോള ബാധിച്ച്‌ മരിച്ചുവെന്നാണ് കണക്ക്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റ്വാന്‍ഡ,സൗത്ത് സുഡാന്‍,ഉഗാണ്ട തുടങ്ങിയ അയല്‍രാജ്യങ്ങളിലും ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.

എബോളാവൈറസ് ജീനസിൽ പെടുന്ന 5 വൈറസ്സുകളിൽ 4 എണ്ണമാണ് മനുഷ്യരിൽ എബോളാ രോഗത്തിന് കാരണമാകുന്നത്. Bundibugyo virus(BDBV), എബോള വൈറസ്(EBOV), സുഡാൻ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നീ വൈറസുകൾ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ Reston virus മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി കരുതുന്നില്ല.

രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു.

എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം.ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗാണുക്കൾ പകരാം. ശരീരത്തിലെ മുറിവുകൾ, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.

വൈറസ്‌ ശരീരത്തിൽ എത്തിയാൽ 2 മുതൽ 21 ദിവസത്തിനിടയിൽ രോഗലക്ഷണങ്ങൾ കാണും. പെട്ടെന്നുള്ള ശക്തമായ പനി, തൊണ്ടവേദന, പേശീ വേദന, തളർച്ച, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗബാധിതരിൽ ചിലരിൽ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടൽ, വൃക്ക-കരൾ പ്രവർത്തനങ്ങൾ താറുമാറാകൽ തുടങ്ങിയവയും സംഭവിക്കാം.എബോള വൈറസ്ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു ദിവസം മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആദ്യലക്ഷണം കടുത്ത പനിയാണ്. തുടർന്ന് രോഗികൾ ക്ഷീണിച്ച് അവശരാകും. തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്‌മ, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ ഒപ്പം ഉണ്ടാകും. ഞൊടിയിടയിൽ കരളും വൃക്കയും തകരാറിലാകും. രോഗം ബാധിച്ചാൽ ശരീരത്തിനകത്തും പുറത്തും രക്തസ്രാവം ഉണ്ടാകാം.

ഈ അസുഖത്തിന് നിലവിൽ ചികിത്സകൾ ഒന്നും ഇല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. ശരീരത്തിലെ ധാതുലവണങ്ങൾ നഷ്ടപ്പെടാതിരിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനായി ഓറൽ റീഹൈഡ്രേഷൻ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിക്കാം. ഇതേ രോഗലക്ഷണങ്ങളുള്ള മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങൾ ഇല്ലെന്നു സ്ഥിതീകരിക്കുമ്പോഴാണ് എബോളയാണെന്നു വ്യക്തമാകുക. രോഗബാധ സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാർപ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാർഗം.