സ്വന്തം ലേഖകൻ

28കാരിയായ മേരി ആഗൈവാ ആഗ്യപോംഗ് ആണ് സിസേറിയനെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് ആരോഗ്യപ്രവർത്തകർ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ച എൻ എച്ച് എസ് ഹെൽത്ത് വർക്കേഴ്സിന്റെ എണ്ണം 45 ആയി. ഡ്യൂട്ടൺ ആൻഡ് ഡൺസ്ടേബിൾ ആശുപത്രിയിലെ നഴ്സായിരുന്നു മേരി. എന്നാൽ മേരിക്ക് പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നും, ഡ്യൂട്ടി സമയത്ത് നല്ല ചുറുചുറുക്കുള്ള മിടുക്കിയായ ഒരു നേഴ്സ് ആയിരുന്നു അവരെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഈ ഇരുണ്ട കാലഘട്ടത്തിൽ ജനിച്ച കുഞ്ഞിന്റെ അതിജീവനം പ്രതീക്ഷയുടെ വെളിച്ചമാണെന്ന് എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ആയ ഡേവിഡ് കാറ്റർ പറഞ്ഞു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് മേരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു, ആദ്യമൊക്കെ ആരോഗ്യം മെച്ചപ്പെട്ട മേരിയുടെ അവസ്ഥ വഷളായതിനെ തുടർന്ന് സിസേറിയൻ നടത്തുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിനെ ആദ്യം നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് പരിപാലിച്ചത്. കുഞ്ഞിനും മേരിയുടെ ഭർത്താവിനും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ ഇപ്പോൾ സെൽഫ്ഐസൊലേഷനിലാണ്.

മേരി ആശുപത്രിയുടെ പന്ത്രണ്ടാം വാർഡിൽ ആണ് ജോലി ചെയ്തിരുന്നത്, പിന്നീട് ഇത് കോവിഡ് വാർഡ് ആക്കി മാറ്റുകയായിരുന്നു. എന്നാൽ മേരി ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വൈറസ് ബാധിതരായ രോഗികൾ ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ദുർബല വിഭാഗമായ ഗർഭിണികളെ മുൻനിരയിൽ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നാണ് ചട്ടം. മൂന്നാം ട്രെമസ്റ്ററിലും ജോലിചെയ്ത് മേരിയോട് ആശുപത്രി അധികൃതർ തുടരാൻ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ആശുപത്രിയിൽ സുരക്ഷാ ഗൗണുകൾക്ക് ക്ഷാമം ഉണ്ടായിരുന്നതായും, മാസ്ക്കുകൾ റേഷൻ നൽകുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇത് നിഷേധിച്ചു. മേരി അഞ്ചുവർഷമായി ഈ ആശുപത്രിയിൽ നഴ്സായി തുടരുന്നു എന്നും, അവരുടെ മരണം ട്രസ്റ്റിന്റെ സേവനത്തിന്റെ മുഖം ആണെന്നും എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കാർട്ടർ പറഞ്ഞു.