പേസ്‌മേക്കറുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഹൃദയ ചലനത്തെ നിയന്ത്രിക്കുന്നതിനായി പേസ്‌മേക്കറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഏകദേശം 35,000 രോഗികള്‍ യുകെയില്‍ ജീവിക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കുന്നതിനായി ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സ് (ICDs) ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണം 13,000ത്തിലധികം വരും. ജീവന്‍ നിലനിര്‍ത്തുന്നതിനായ ഘടിപ്പിച്ചിട്ടുള്ള ഇത്തരം കുഞ്ഞ് ഉപകരണങ്ങള്‍ രാഷ്ട്രീയ സാമ്പത്തിക ലാഭത്തിനായി ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ കോളെജ് ഓഫ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. നെഞ്ചിലോ ഹൃദയത്തിന് മുകളിലോ ആയി ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ ഹൃദയ ചലനങ്ങള്‍ കൃത്യമല്ലെങ്കില്‍ ചെറു വൈദ്യുത തരംഗങ്ങള്‍ ഉണ്ടാക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കുകയും ചെയ്യും. രോഗികളുടെ നില ഗുരുതരമാണെങ്കില്‍ അവരുടെ ഡോക്ടറെ വിവരമറിയിക്കാനും ഈ ഉപകരണങ്ങള്‍ക്ക് കഴിവുണ്ട്. ഹാക്കര്‍മാര്‍ക്ക് പേസ്‌മേക്കറുകളുടെ സോഫ്റ്റ്‌വെയറുകളില്‍ അനധികൃതമായി ലോഗിന്‍ ചെയ്ത് അകത്തു കടക്കാനും പേസ് മേക്കറുകളുടെ ബാറ്ററി ലെവലിനെ നിയന്ത്രിക്കാനും കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സിന്റെ കാര്യമെടുത്താല്‍ ഹൃദയ ചലനം നിര്‍ത്താനുള്ള വൈദ്യൂത തരംഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങളെ വൈറസ് ഉപയോഗിച്ചോ ഇന്‍അഡ്വെര്‍ട്ടെന്റ് ഹാക്കിംഗ് രീതി ഉപയോഗിച്ചോ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പേസ്‌മേക്കറുകള്‍ക്കും ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സിനും ഹാക്കര്‍മാരുടെ ഭീഷണി നിലനില്‍ക്കുന്നതായി ഇവയുടെ നിര്‍മ്മാതാക്കള്‍ക്കും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ഡിയോവാസ്‌ക്യുലാര്‍ ഇംപ്ലാന്‍ബിള്‍ ഇലക്ട്രോണിക് ഡിവൈസിനെ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം ഹാക്കിംഗിന് സാധ്യതകള്‍ കുറവാണെന്ന് പഠനം നടത്തിയ പ്രൊഫസര്‍ ധനഞ്ജയ ലാക്കിറെഡ്ഡി പറയുന്നു. മാല്‍വെയര്‍ അല്ലെങ്കില്‍ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ആശുപത്രി നെറ്റ്‌വര്‍ക്കുകളുടെ ആശയവിനിമയത്തെ ബാധിക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്യാനാണ് സാധ്യതകളെന്നും ലാക്കിറെഡ്ഡി പറയുന്നു. കാര്‍ഡിയാക് പേസ്‌മേക്കറുമായി ബന്ധിപ്പിക്കുന്ന വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ഹാക്കര്‍മാര്‍ ആക്രമിക്കുമെന്ന ഭീതി മൂലം വിച്ഛേദിച്ചിരിക്കുകയാണെന്ന് 2013ല്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക്ചീനി പ്രഖ്യാപിച്ചിരുന്നു.