തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ് ക്യാംപസിനകത്തെ ഹൈമാവതിക്കുളം. ഹൈമാവതിയെന്ന യക്ഷി ഉള്ള സ്ഥലമാണ് ആ പ്രദേശമെന്നാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ രാത്രി കാലത്ത് ആ ഭാഗത്തേക്ക് പോകാന്‍ തന്നെ ഭയന്നിരുന്നു. യക്ഷിയെന്ന അന്ധവിശ്വാസത്തെ തുരത്തുകയാണ് എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. ഹൈമാവതി സത്യമോ മിഥ്യയോ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷം ഹൈമാവതിക്കുളത്തിന് സമീപം വിദ്യാര്‍ഥികള്‍ ഒത്തുകൂടിയായിരുന്നു ചര്‍ച്ച. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച്‌ ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്‌, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്‌, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.

ഹൈമാവതിയെക്കുറിച്ച്‌ നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. അതിലൊന്ന് ഇതാണ്. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ ഹൈമാവതി കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി അവള്‍ പ്രണയത്തിലായി. പ്രണയം അറിഞ്ഞ വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നതോടെ വാശിയേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. ഇതില്‍ ദുഃഖിതയായി ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി മാറുകയായിരുന്നു.