ജൂൺ എട്ട് തിങ്കളാഴ്ചയാണ് ന്യൂസീലൻഡ് കോവിഡ് മുക്തമായ സന്തോഷ വാർത്ത ലോകത്തിനു മുന്നിലെത്തുന്നത്. ഫെബ്രുവരി 28ന് രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷം ജൂണ്‍ 8 വരെ കോവിഡ് ബാധിച്ചത് 1504 പേരെ. 1482 പേർക്ക് രോഗം ഭേദമായി, 22 പേർ മരിച്ചു. 18 ദിവസമായി പുതിയ കേസുകളൊന്നും സ്ഥിരീകരിക്കാതെ വന്നതോടെ രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിച്ചു.

50 ലക്ഷം ജനങ്ങളുള്ള ന്യൂസീലൻഡ് ദ്വീപുരാജ്യമായതിനാലാണ് ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കാനായതെന്ന് ചില കോണുകളിൽനിന്ന് അഭിപ്രായമുയർന്നിരുന്നു. എന്നാൽ രാജ്യം കോവിഡ് മുക്തമായെന്നറിഞ്ഞ ആഹ്ലാദത്തിൽ പ്രധാനമന്ത്രി ജസിൻഡ അർ‍ഡൻ നൃത്തം ചെയ്തപ്പോൾ ലോകം മുഴുവൻ അതിനൊപ്പം മനസ്സു ചേർത്തു. ദക്ഷിണ പസിഫിക് ദ്വീപുരാജ്യമായ ന്യൂസീലൻഡിൽ മാത്രമല്ല, മറ്റു പല ദ്വീപുകളും ചെറു രാജ്യങ്ങളും ഇതിനോടകം കോവിഡ് മുക്തമായിട്ടുണ്ടെന്നതാണു സത്യം.

ചിലയിടത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ കോവിഡ് വീണ്ടും വരാൻ സാധ്യത തുടരുന്ന സാഹചര്യത്തിൽ കരുതലിൽതന്നെയാണ് എല്ലായിടത്തും. കോവിഡ് നമ്പറിനെ പൂജ്യത്തിലെത്തിച്ച അത്തരം രാജ്യങ്ങളെ പരിചയപ്പെടാം (ജൂണ്‍ 15 വരെയുള്ള വിവരങ്ങൾ അനുസരിച്ചാണ് പട്ടിക തയാറാക്കിയത്; ഡേറ്റ: ലോകാരോഗ്യ സംഘടന/വേൾഡോമീറ്റർ)

പാപ്പുവ ന്യൂ ഗ്വിനിയ

ന്യൂസീലൻഡിനേക്കാളും മുൻപേതന്നെ കോവിഡ് പ്രതിരോധത്തിൽ കഴിവ് തെളിയിച്ചതാണ് പസിഫിക് സമുദ്രത്തിലെ സ്വതന്ത്ര ദ്വീപുരാജ്യമായ പാപ്പുവ ന്യൂ ഗ്വിനിയ. ന്യൂസീലൻഡിലെ ജനസംഖ്യ 48.9 ലക്ഷമാണെങ്കിൽ പാപ്പുവ ന്യൂഗിനിയയിൽ 89.35 ലക്ഷമാണ്. ന്യൂസീലൻഡ് വിസ്തൃതി 2.68 ലക്ഷം ചതുരശ്ര കിലോമീറ്റർ ആണെങ്കിൽ പാപ്പുവ ന്യൂഗിനിയയുടേത് 4.63 ലക്ഷം ച.കി.മീയും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപുരാജ്യവുമാണ് പാപ്പുവ ന്യൂഗിനിയ. ഇവിടെ ആകെ കോവിഡ് ബാധിച്ചത് എട്ടു പേർക്കു മാത്രം. ആരും മരിച്ചതുമില്ല. അയൽരാജ്യങ്ങളിൽ കോവിഡ് സൂചന തലപൊക്കിത്തുടങ്ങിയതോടെ ജനുവരി 30നു തന്നെ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയിരുന്നു.

ഏപ്രിൽ 16ന് അടിയന്തരാവസ്ഥയോടെ രാജ്യ തലസ്ഥാനത്തും നിയന്ത്രണം വന്നു. രാത്രി എട്ടു മുതൽ രാവിലെ ആറു വരെ രാജ്യത്ത് കർഫ്യൂവും പ്രഖ്യാപിച്ചു. മാർച്ച് 20നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 22നാണ് അവസാന കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 4ന് അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. സ്കൂളുകൾ ആരംഭിച്ചു. പക്ഷേ കൂട്ടംചേരലിന് ഇപ്പോഴും വിലക്കുണ്ട്. കോവിഡിനെ പ്രതിരോധിച്ചെങ്കിലും പ്രധാനമായും ടൂറിസം വരുമാനത്തെ ആശ്രയിക്കുന്ന ദ്വീപിന് ലോക്‌‍ഡൗൺ കാരണം വൻ സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നത്. അതിൽനിന്നു കരകയറാനുള്ള ശ്രമത്തിലാണിപ്പോൾ. രാജ്യാന്തര നാണ്യനിധി ഉൾപ്പെടെ സാമ്പത്തിക സഹായം നൽകാൻ തയാറായി രംഗത്തുണ്ട്.

ലാവോസ്

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും അവസാനം കോവിഡ് സ്ഥിരീകരിച്ചത് ലാവോസിലാണ്– മാർച്ച് 24ന്. 71 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ആകെ രോഗം ബാധിച്ചത് 19 പേർക്ക് മാത്രം. ഒരാളു പോലും മരണപ്പെട്ടില്ല. ജൂൺ 8ന് അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെ രാജ്യത്തെ കോവിഡ് മുക്തമായും പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ 60 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ 12നായിരുന്നു അവസാനത്തെ കേസ്. മേയ് അവസാനത്തോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

പക്ഷേ ചുറ്റിലുമുള്ള രാജ്യങ്ങളിൽ ഇപ്പോഴും കോവിഡ് നിലനിൽക്കുന്നതിനാൽ അതിർത്തി മാത്രം തുറന്നിട്ടില്ല. നാലതിരിലും വിവിധ രാജ്യങ്ങളാൽ ചുറ്റപ്പെട്ട്, തെക്കു കിഴക്കനേഷ്യയിലെ ഒരേയൊരു ‘ലാൻഡ് ലോക്ക്ഡ്’ രാജ്യമാണ് ലാവോസ്. വടക്കു പടിഞ്ഞാറു ഭാഗത്ത് ചൈനയും (നിലവിൽ 129 കേസ്) മ്യാൻമറും (88 കേസ്), കിഴക്ക് വിയറ്റ്നാമും (11), തെക്കുകിഴക്കായി കംബോഡിയയും(3) പടിഞ്ഞാറ്–തെക്കുപടിഞ്ഞാറായി തായ്‌ലൻഡും (90) വളഞ്ഞിരിക്കുകയാണ് ലാവോസിനെ. അതിർത്തിക്കപ്പുറം ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നു ചുരുക്കം.

ഐൽ ഓഫ് മാൻ

ഇംഗ്ലണ്ടിനും അയർലൻഡിനുമിടയിൽ ഐറിഷ് കടലിലാണ് ബ്രിട്ടിഷ് സർക്കാരിനു കീഴിലുള്ള ഈ സ്വയം ഭരണ ദ്വീപിന്റെ സ്ഥാനം. 84,000 ജനസംഖ്യയുള്ള ഇവിടെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മാർച്ച് 19ന്. മാർച്ച് 22ന് സാമൂഹിക വ്യാപനവും സ്ഥിരീകരിച്ചു. ഇതുവരെ ആകെ കോവിഡ് ബാധിച്ചത് 336 പേർക്ക്. 24 പേർ മരിച്ചു, 312 പേർ രോഗമുക്തി നേടിയതോടെ സാമൂഹിക അകലത്തിൽ ഉൾപ്പെടെ ഇളവുകൾ വന്നു.

22 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതായതോടെയാണ് ബ്രിട്ടിഷ് ദ്വീപസമൂഹത്തിൽ സാമൂഹിക അകലം ഒഴിവാക്കുന്ന ആദ്യ ദ്വീപായും ഐൽ ഓഫ് മാൻ മാറിയത്. ന്യൂസീലൻഡ് കോവിഡ് മുക്തമായ ജൂൺ 8നുതന്നെയായിരുന്നു ഈ തീരുമാനവും. നിലവില്‍ പുറത്ത് കൂടിച്ചേരലുകളിൽ പക്ഷേ പരമാവധി 30 അംഗങ്ങളെ മാത്രം അനുവദിക്കുകയുള്ളൂ, വീടുകളിൽ കൂട്ടായ്മകൾക്ക് നിയന്ത്രണമില്ല. ദ്വീപിന്റെ അതിർത്തികളും അടഞ്ഞുകിടക്കുകയാണ്. കൂടുതൽ ഇളവുകൾ ഈയാഴ്ച പ്രഖ്യാപിക്കും.

ഫറോ ഐലന്റ്സ്

ഡെന്മാര്‍ക്കിനു കീഴിലെ സ്വയം ഭരണ പ്രദേശമായ ഈ ദ്വീപിന്റെ സ്ഥാനം നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ്. നോർവെയ്ക്കും ഐ‌സ്‌ലൻഡിനും ഇടയ്ക്കുള്ള ദ്വീപിലെ ജനസംഖ്യ 52,110 മാത്രം. മാർച്ച് 4നാണ് ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗം ബാധിച്ചത് 187 പേരെ. ആരും മരിച്ചില്ല. മേയ് 8ന് ഫറോ ഐലന്റ്സിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. ടൂറിസം പ്രധാന വരുമാന മാർഗമായ ഇവിടേക്ക് ജൂൺ 15 മുതൽ ഡെന്മാർക്കിൽനിന്നും (നിലവിൽ 507 കോവിഡ് കേസ്) ഐസ്‌ലൻഡിൽ (4) നിന്നുമുള്ളവരെ പ്രവേശിപ്പിച്ചു തുടങ്ങും. ജർമനി (കോവിഡ്–6356), നോർവെ (248) എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പരിശോധനയ്ക്കു ശേഷം ഡെന്മാർക്ക് വഴിയും ദ്വീപിലേക്കു പ്രവേശിക്കാം.

അരുബ

നെതർലൻഡ്സിനു കീഴിലായി, കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപുരാജ്യമായ അരുബയിലെ ജനസംഖ്യ 1.12 ലക്ഷം മാത്രമാണ്. ഈ ഡച്ച് കരീബിയൻ ദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത് മാർച്ച് 13ന്. ഇതുവരെ 101 പേർക്ക് രോഗം ബാധിച്ചു. 3 പേർ മരിച്ചു. മേയ് 5നാണ് അവസാനമായി പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 27ന് അവസാനത്തെ കോവിഡ് രോഗിയും രോഗമുക്തനായി. സമീപ ദ്വീപുകളായ ബോനെയർ, കുറാഷാവോ എന്നിവയുമായി അരുബയും ചേർത്ത് എബിസി ഐലന്റ്സ് എന്നും അറിയപ്പെടുന്നു. ബോനെയർ, കുറാഷാവോ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ജൂൺ 15 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു കഴിഞ്ഞു. കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ജൂലൈ ഒന്നു മുതൽ രാജ്യത്തേക്കു സ്വാഗതം. ജൂലൈ 10 മുതൽ യുഎസിൽനിന്നുള്ളവർക്കും വരാം. ടൂറിസം പ്രധാന വരുമാന മാർഗമായ ഈ ദ്വീപുരാജ്യം വരുംനാളുകളിൽ കൂടുതൽ സന്ദർശകർക്കായി അതിർത്തി തുറക്കാനൊരുങ്ങുകയാണ്.

ഫ്രഞ്ച് പോളിനീഷ്യ

ഏകദേശം 2000 കിലോമീറ്റർ ചുറ്റളവിൽ ചെറുതും വലുതുമായി ചിതറിക്കിടക്കുന്ന 118 ദ്വീപുകൾ ചേർന്ന ഫ്രഞ്ച് അധീനതയിലുള്ള പ്രദേശം. തെക്കൻ പസിഫിക് സമുദ്രത്തിലെ ഈ ദ്വീപു രാജ്യത്തിലെ ജനസംഖ്യ 2.75 ലക്ഷം മാത്രം. മാർച്ച് 11ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷം ഇതുവരെ കോവിഡ് ബാധിച്ചത് 60 പേർക്ക്. ആരും മരണപ്പെട്ടില്ല. മേയ് 19ന് അവസാന കോവിഡ് രോഗിയും സുഖപ്പെട്ടതായി സർക്കാർ പ്രഖ്യാപനം.

ടെസ്റ്റുകളൊന്നും നടത്താതെ ജനങ്ങള്‍ക്ക് മറ്റു ദ്വീപുകളിലേക്കു യാത്രയ്ക്കും നിലവിൽ അനുമതിയായി. പക്ഷേ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. ജൂൺ 15 മുതൽ ടൂറിസ്റ്റുകളെയും സ്വാഗതം ചെയ്തു തുടങ്ങുകയാണ് ഫ്രഞ്ച് പോളിനീഷ്യ.വന്നിറങ്ങി നാലു ദിവസത്തിനകം ടെസ്റ്റിനു വിധേയമാകണം. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്നു തെളിയിക്കുകയും വേണം. രാജ്യത്തെത്തി പോസിറ്റിവാണെന്നു തെളിഞ്ഞാൽ ക്വാറന്റീനിലും പോകേണ്ടി വരും.

മക്കാവു

ചൈനയ്ക്കു കീഴിലെ പ്രത്യേക സ്വയംഭരണ പ്രദേശമായ മക്കാവുവില്‍ ജനുവരി 22നാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. സൗത്ത് ചൈന കടലിലെ ഈ ദ്വീപുരാജ്യത്തെ ആകെ ജനസംഖ്യ 6.96 ലക്ഷം വരും. പക്ഷേ ആകെ രോഗം ബാധിച്ചത് 45 പേരെ മാത്രം. ആരും മരണപ്പെട്ടുമില്ല. ഏപ്രിൽ എട്ടിനാണ് അവസാനത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 19ന് മക്കാവു കോവിഡ് മുക്തമായി. യാത്രാ ഇളവുകൾ പ്രഖ്യാപിച്ചാലുടൻ മക്കാവുവുമായി കൂടുതൽ കച്ചവട ഇടപാടുകൾക്ക് ഒരുങ്ങുകയാണ് സമീപ സ്വതന്ത്ര ഭരണ പ്രദേശമായ ഹോങ്കോങ്.

കിഴക്കൻ ടിമോർ

ടിമോർ കടലിലെ സ്വതന്ത്ര ദ്വീപുരാജ്യം. തെക്കുകിഴക്കൻ ഏഷ്യയുടെ ഭാഗമായ കിഴക്കൻ ടിമോറിന്റെ തെക്കു ഭാഗത്തെ അയൽക്കാരൻ ഓസ്ട്രേലിയയാണ്. 13.8 ലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്ത് കോവിഡ് ബാധിച്ചത് 24 പേരെ മാത്രം. ഒരു മരണം പോലും സംഭവിച്ചില്ല. മാർച്ച് 21ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. മേയ് 14ന് അവസാനത്തെ കോവിഡ് രോഗിക്കും അസുഖം ഭേദമായി. ഒരു മാസമായി പുതിയ കേസുകളൊന്നും ഇല്ലെങ്കിലും രാജ്യത്ത് ജൂൺ അവസാനം വരെ അടിയന്തര സാഹചര്യമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫിജി

തെക്കൻ പസിഫിക് സമുദ്രത്തിലെ കുഞ്ഞൻ ദ്വീപ്. ജനസംഖ്യ 9.3 ലക്ഷം. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മാർച്ച് 19ന്. അവസാനത്തെ കേസ് ഏപ്രിൽ 20നും. ആകെ രോഗം ബാധിച്ചതു 18 പേർക്ക് മാത്രം. ആരും മരണപ്പെട്ടില്ല. ചികിത്സയിൽ ബാക്കിയുണ്ടായിരുന്ന മൂന്നു പേരും ജൂൺ 3ന് രോഗമുക്തരായി. പസിഫിക്കിലെ കോവിഡ് ഇന്‍ക്യുബേഷൻ ഹബ് ആയി ഫിജി മാറുമോയെന്നു പോലും ഒരു ഘട്ടത്തിൽ ഭയപ്പെട്ടിരുന്നു. എന്നാൽ കർശന ലോക്ഡൗണും അതിർത്തികൾ അടച്ചതും ഗുണമായി. കോവിഡിന്റെ രണ്ടാം വരവ് സാധ്യതയും ഈ ടൂറിസം രാജ്യം തള്ളിക്കളയുന്നില്ല.

സെന്റ് കിറ്റ്സ് ആൻഡ് നീവിസ്

വെസ്റ്റ് ഇൻഡീസിലെ ദ്വീപുരാജ്യം. ജനസംഖ്യ 52,441 മാത്രം. സെന്റ് കിറ്റിസ് ആണ് ദ്വീപുകളിൽ വലുത്, നിവീസ് ചെറുതും. മാർച്ച് 25ന് ആദ്യ കോവിഡ് കേസ്. ഏപ്രിൽ 20ന് അവസാനത്തെ കേസ്. ഇതുവരെ രോഗം ബാധിച്ചത് 15 പേരെ മാത്രം. ആരും മരണപ്പെട്ടില്ല. മേയ് 19ന് അവസാന രോഗിയും സുഖപ്പെട്ടതോടെ നിലവിൽ കോവിഡ് മുക്തം. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അതിർത്തികൾ തുറന്നിട്ടില്ല.

ഫോക്‌ലൻഡ് ഐലന്റ്സ്

തെക്കേ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കുഞ്ഞൻ ദ്വീപ്. ബ്രിട്ടനു കീഴിൽ സ്വയം ഭരണം. പ്രതിരോധ–വിദേശ കാര്യങ്ങളിൽ അധികാരം യുകെയ്ക്ക്. ജനസംഖ്യ 3398 മാത്രം. ഏപ്രിൽ മൂന്നിന് ദ്വീപിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു. സൈനിക താവളത്തിലായിരുന്നു പ്രധാനമായും കോവിഡ് പകർന്നത്. ആകെ ബാധിച്ചത് 13 പേർക്ക്. ഏപ്രിൽ 25നായിരുന്നു അവസാന കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 1ന് രാജ്യം കോവിഡ് മുക്തമായി.

ഗ്രീൻലൻഡ്

ഡെന്മാർക്കിനു കീഴിലെ സ്വതന്ത്ര ഭരണ പ്രദേശമായ ഗ്രീൻലൻഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് കൂടിയാണ്. 21.66 ലക്ഷം ച.കി.മീ വിസ്തൃതിയുണ്ടെങ്കിലും ജനസംഖ്യ 56,081 മാത്രം. മാർച്ച് 16നായിരുന്നു ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ആകെ രോഗം ബാധിച്ചത് 13 പേർക്ക്; മരണമില്ല. ആശുപത്രിയിലല്ലാതെ വീട്ടിലിരുന്ന് കോവി‍ഡ് ചികിത്സ സ്വീകരിച്ചവരാണ് എല്ലാവരുമെന്ന പ്രത്യേകതയുമുണ്ട്. മേയ് 27നാണ് അവസാനത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ജൂൺ 4ന് കോവിഡ് മുക്തമായി. അതിർത്തിയിൽ ഇപ്പോഴും കർശന നിരീക്ഷണം തുടരുന്നു.

ടർക്ക്‌സ് ആൻഡ് കേയ്ക്കസ്

ബ്രിട്ടനു കീഴിലെ ദ്വീപുരാജ്യം– കേയ്ക്കസ് ആണ് വലുത്, ടർക്ക്സ് കൂട്ടത്തിൽ ചെറിയ ദ്വീപും. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ ദ്വീപിൽ ജനസംഖ്യ 42,953 മാത്രം. കോവിഡ് ആകെ ബാധിച്ചത് 12 പേരെ. ഒരാൾ മരിച്ചു. മാർച്ച് 23ന് ആദ്യത്തെ കേസ്, ഏപ്രിൽ 27ന് അവസാനത്തെയും. ജൂൺ 1ന് കോവിഡ് മുക്തമായി. ടൂറിസം രാജ്യമായതിനാൽത്തന്നെ ജൂലൈ 22 മുതൽ രാജ്യത്തേക്കു പ്രവേശനം അനുവദിക്കാനാണു തീരുമാനം.

മോണ്ട്സെരാത്ത്

കരീബിയൻ സമുദ്രത്തിലെ ബ്രിട്ടിഷ് ദ്വീപുകളിലൊന്നായ മോണ്ട്സെരാത്തിൽ ജനസംഖ്യ 4649 മാത്രം. മാർച്ച് 18നാണ് ദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ആകെ 11 പേര്‍ക്ക് രോഗം ബാധിച്ചു. ഒരു മരണം സംഭവിച്ചു. ഏപ്രിൽ 13നാണ് അവസാനത്തെ കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 13നാണ് രാജ്യത്തിനു സ്വന്തമായി ഒരു ടെസ്റ്റിങ് യന്ത്രം ലഭിക്കുന്നത്. അതുവരെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ കരീബിയൻ പബ്ലിക് ഹെൽത്ത് ഏജൻസി വഴിയായിരുന്നു പരിശോധന.

മേയ് 16ന് രാജ്യം കോവിഡ് മുക്തമായി. ഐസിയു പോലുമില്ലാത്ത ഒരൊറ്റ ആശുപത്രിയേ ഈ ദ്വീപുരാജ്യത്തിലുള്ളൂ. അതിനാൽത്തന്നെ ഇപ്പോഴും രാജ്യത്ത് രാത്രി 10 മുതൽ രാവിലെ 5 വരെ കർഫ്യൂ ആണ്. നിലവിൽ മോണ്ട്സെരാത്തിലേക്കു വരണമെങ്കില്‍ യാത്രയ്ക്ക് 72 മണിക്കൂർ മുൻപുതന്നെ സർക്കാര്‍ വെബ്സൈറ്റിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം. രാജ്യാന്തര അതിർത്തി ഘട്ടംഘട്ടമായേ തുറക്കൂ.

സീഷെൽസ്

ഇന്ത്യൻ മഹാസമുദ്രത്തിൽ 115 ദ്വീപുകൾ ചേർന്ന രാജ്യം. ആഫ്രിക്കൻ സ്വതന്ത്ര രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സീഷെൽസിലാണ്– 94,367 പേർ. മാർച്ച് 14നാണ് ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ രോഗം ബാധിച്ചത് 11 പേർക്ക്. ആരും മരിച്ചില്ല. ഏപ്രിൽ ആറിനാണ് അവസാന കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 18ന് രാജ്യം കോവിഡ് മുക്തമായി. ടൂറിസം പ്രധാന വരുമാന മാര്‍ഗമാണെങ്കിലും ഈ വർഷം ഇനി സീഷെൽസ് തീരത്ത് ആഡംബര കപ്പലുകളൊന്നും അനുവദിക്കേണ്ടെന്നാണു തീരുമാനം. ജൂൺ 1 മുതൽ പക്ഷേ രാജ്യാന്തര വിമാനങ്ങൾ അനുവദിക്കുന്നുണ്ട്. ആഭ്യന്തര വിമാന സർവീസുകളും തുടങ്ങി. രാജ്യത്തേക്കെത്തുന്നവർക്ക് നിർബന്ധിത കോവിഡ് പരിശോധനയുമുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കയിലെ മരുപ്രദേശം നിറഞ്ഞ രാജ്യമായ വെസ്റ്റേൺ സഹാറ, കരീബിയൻ കടലിലെ ബ്രിട്ടിഷ് ഭരണ പ്രദേശമായ വിർജിൻ ഐലന്റ്സ്, നെതർലൻഡ്സിനു കീഴിലായി കരീബിയൻ കടലിലുള്ള പ്രദേശമായ കരീബിയൻ നെതർലൻഡ്സ്, ഫ്രാൻസിനു കീഴിലുള്ള കരീബിയൻ ദ്വീപുരാജ്യം സെന്റ് ബർത്‌ലെമി, ബ്രിട്ടനു കീഴിലെ കരീബിയൻ ദ്വീപായ ആൻഗ്വില, അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഫ്രാൻസിനു കീഴിലായുള്ള ദ്വീപുരാജ്യം സെന്റ് പിയർ ആൻഡ് മിക്കലോൺ എന്നിവിടങ്ങളിൽ ഇതുവരെ 10ൽ താഴെ മാത്രമായിരുന്നു കോവിഡ് റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഈ പ്രദേശങ്ങളെല്ലാം ഒരു സജീവ കേസ് പോലുമില്ലാതെ സമ്പൂർണ കോവിഡ് മുക്തവുമാണ്. മാർപാപ്പയ്ക്കു കീഴിലുള്ള വത്തിക്കാനിൽ മാർച്ച് ആറിനാണ് ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ രോഗം ബാധിച്ചത് 12 പേർക്ക്. ആരും മരണപ്പെട്ടിട്ടില്ല. ജൂൺ ആറിന് അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. പുതിയ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഇവ കൂടാതെ മറ്റു പല രാജ്യങ്ങളിലും നിലവിൽ ഒറ്റ അക്കത്തിലാണ് കോവിഡ് രോഗികളുടെ എണ്ണം. അതിന്മേൽ പക്ഷേ ആരും അമിതമായി ആഹ്ലാദിക്കുന്നില്ല.

ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെയും മോണ്ടെനെഗ്രോയുടെയും ഉദാഹരണം തന്നെയെടുക്കാം. കരീബിയൻ ദ്വീപസമൂഹങ്ങളിലെ തെക്കേ അറ്റത്തെ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കരീബിയൻ രാജ്യമെന്ന ഖ്യാതിയിലായിരുന്നു ഇത്രയും നാളും. ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മാർച്ച് 12ന്. ആകെ 117 പേർക്ക് രോഗം ബാധിച്ചു, 8 പേർ മരിച്ചു. മേയ് 31നു ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. ജൂൺ 7ന് അവസാനത്തെ കോവിഡ് രോഗിയും സുഖപ്പെട്ടു. കോവിഡ് മുക്തമായതിനാൽത്തന്നെ, കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) ക്രിക്കറ്റ് രാജ്യത്തു നടത്താനിരിക്കുകയായിരുന്നു. എന്നാൽ ജൂൺ 14ന് ഇവിടെ ഒറ്റയടിക്ക് പുതിയ 6 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

യൂറോപ്പിൽ ഏറ്റവും അവസാനം കോവിഡ് റിപ്പോർട്ട് ചെയ്തന്ന രാജ്യമായിരുന്നു മോണ്ടെനെഗ്രോ– മാർച്ച് 17ന്. 68 ദിവസങ്ങൾക്കിപ്പുറം മേയ് 24ന് യൂറോപ്പിൽ കോവിഡ് മുക്തമാകുന്ന ആദ്യ രാജ്യമായും മോണ്ടെനെഗ്രോ മാറി. 6.2 ലക്ഷം ജനസംഖ്യയുള്ള ഇവിടെ ആകെ രോഗം ബാധിച്ചത് 324 പേർക്ക്, മരണം 9. മേയ് 23ന് അവസാന രോഗിയും കോവിഡ് മുക്തമായതിനു ശേഷം 22 ദിവസത്തേക്ക് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. തുടർന്ന് 131 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇവിടേക്ക് സന്ദർശന അനുമതിയും നൽകി. ലക്ഷത്തിൽ 25 പേർക്ക് എന്ന കണക്കിൽ മാത്രം നിലവിൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളായിരുന്നു അനുമതി പട്ടികയിൽ. എന്നാൽ ജൂൺ 14ന് രാജ്യത്തു വീണ്ടും ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചു.

വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ ബോസ്‌നിയ–ഹെർസഗൊവീന (നിലവിൽ 611 കോവിഡ് കേസ്), വടക്കു കിഴക്ക് സെർബിയ (650 കേസ്), കിഴക്ക് കൊസോവ (477), തെക്കുകിഴക്ക് അൽബേനിയ (389), പടിഞ്ഞാറ് ക്രൊയേഷ്യ (10) എന്നിങ്ങനെ അതിർത്തി പങ്കിടുന്ന രാജ്യമാണ് മോണ്ടെനെഗ്രോ. തെക്കുകിഴക്കൻ അതിർത്തിയിൽ അഡ്രിയാട്ടിക് കടലുമാണ്. കോവിഡ് ഒഴിഞ്ഞാലും ചുറ്റിലും വെല്ലുവിളികൾ ഏറെയുണ്ടെന്നു ചുരുക്കം; അതിപ്പോൾ യാഥാർഥ്യമാവുകയും ചെയ്തു. ഇത്തരത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ കോവിഡിന്റെ രണ്ടാം വരവ് എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ രാജ്യങ്ങളെല്ലാം ജാഗ്രത തുടരുകയാണ്.