ദുബായ്: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്. ദുബായില്‍ താമസിക്കുന്ന മനോജ്‌ വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 151 കിലോ ഭാരമുള്ള എ വണ്‍ (A1) പേപ്പര്‍ സൈസില്‍ എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1,500 പേജുകളാണുള്ളത്. 85.5 cm നീളവും, 60.7 cm വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാര്‍തോമ ചര്‍ച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും, കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്ത ശേഷം, ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികാരികള്‍ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയായിരുന്നില്ല ബൈബിള്‍ എഴുതിയുണ്ടാക്കിയതിന്റെ പിന്നിലെ ലക്ഷ്യമെന്നു സൂസന്‍ ആവര്‍ത്തിക്കുന്നു.

മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ്‌ വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി. മെയ് 11-ന് എഴുത്ത് ആരംഭിച്ചു. 153 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 10-നാണ് എഴുത്ത് പൂര്‍ത്തിയായത്. ബൈബിളിലെ 60 പുസ്തകങ്ങളും സൂസന്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി.

ഒരു തീര്‍ത്ഥാടനം പോലെയായിരുന്നു ഈ അനുഭവമെന്നാണ് സൂസന്‍ പറയുന്നത്. ദുബായിലെ മാര്‍ തോമാ സഭയുടെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വെച്ച് മാർത്തോമ സഭാ തലവന്‍ റവ. ഡോ. ജോസഫിന്റെ സാന്നിധ്യത്തില്‍ മനോജും കുടുംബവും തങ്ങളുടെ ഇടവക കൂടിയായ ജെബല്‍ അലിയിലെ ദേവാലയത്തിന് ബൈബിള്‍ കൈമാറി. അവിടെ പ്രത്യേക പെട്ടകത്തില്‍ ഈ ബൈബിള്‍ പ്രദര്‍ശിപ്പിക്കുവാനാണ് പദ്ധതി.