രാജ്യത്ത് കൊവിഡ് 19 സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടെലിവിഷൻ സീരിയലുകളുടെ സംപ്രേഷണം ഏപ്രിൽ ആദ്യവാരം മുതൽ ഇല്ലാതെയാവും. ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സീരിയലുകൾ, പ്രതിദിന ടെലിവിഷൻ പരിപാടികൾ, റിയാലിറ്റി ഷോകൾ, തുടങ്ങിയവയുടെ ചിത്രീകരണം മുടങ്ങുന്നതിനാൽ സംപ്രേഷണം നടക്കില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

നേരത്തെ മാർച്ച് 31 വരെ സീരിയലുകളുടെ ചിത്രീകരണം നിർത്തിവെക്കാൻ മലയാളം ടെലിവിഷൻ ഫ്രെറ്റേർണിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മാർച്ച് 17 ന് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ വേണ്ട മുൻകരുതലോടെ മാർച്ച് 19 നകം എല്ലാ ടെലിവിഷൻ പരിപാടികളുടെയും ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തിൽ തീർക്കണമെന്ന് തീരുമാനിച്ചിരുന്നു.

ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസും ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയരക്ടേർസും മാർച്ച് 19 മുതൽ 31 വരെ സിനിമകൾ, വെബ്സീരീസ്, സീരിയലുകൾ എന്നിവയുടെ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദ്ദേശിച്ച് സർക്കുലർ ഇറക്കിയിരുന്നു. ഇതിനുപിന്നാലെ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത് സീരിയലുകളുടെയും ഷോകളുടെയുമെല്ലാം ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീളാൻ ഇടയാക്കും. ഷൂട്ട് ചെയ്ത എപ്പിസോഡുകൾ കഴിഞ്ഞാൽ ഏപ്രിൽ ആദ്യ ആഴ്ചയോടെ എല്ലാ സീരിയലുകളുടെയും സംപ്രേഷണം നിലയ്ക്കും.

ഈ സമയത്ത് പഴയ എപ്പിസോഡുകൾ റീ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനമെന്ന് ചാനൽ വക്താക്കൾ പറഞ്ഞതായി ഐ.ഇ മലയാളം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ലോക്ക് ഡൗണിന് പിന്നാലെ രാമായണവും മഹാഭാരതവും ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ഒപ്പം ഷാരൂഖ് ഖാൻ അഭിനയിച്ച സർക്കസ് എന്ന സീരിയലും സംപ്രേഷണം ചെയ്യുന്നുണ്ട്. ലോക്ഡൗണിൽ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാൻ രാമായണം, മഹാഭാരതം സീരിയലുകൾ പുന:സംപ്രക്ഷേപണം ചെയ്യുമെന്നായിരുന്നു പ്രസാർ ഭാരതി സിഇഒ ശശി ശേഖർ അറിയച്ചത്.