അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് യുകെയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷയെ പരിഗണിച്ചും ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത പുലർത്തുന്നതിനായിട്ടും സീറോ മലബാർ സഭ യുകെയിലെ എല്ലാ സർവീസുകളും വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിർത്തിവയ്ക്കാൻ തീരുമാനമെടുത്തു. വിവരങ്ങൾ പിന്നീട് വിശ്വാസികളെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

ലോകത്താകമാനം 2 ലക്ഷത്തിൽ അധികമായി കൊറോണാ വൈറസ് കേസുകൾ സ്ഥിരീകരിച്ചതായുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 2, 01,530 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം പ്രതിദിനം കൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 676 ആയി ഉയർന്നു. ഈ കണക്ക്‌ പ്രകാരം ആകമാനം 2, 626 രോഗബാധിതരാണ് ഇപ്പോൾ യുകെയിൽ ഉള്ളത്. യുകെയുടെ മൊത്തം മരണസംഖ്യ104 ആയി കൂടി. കൊറോണ വൈറസ് പകർച്ചയെ തുടർന്ന് യുകെയിലെയും സ്കോട്ട്ലാൻഡിലെയും വെയിൽസിലെയും എല്ലാ സ്കൂളുകളും വെള്ളിയാഴ്ചയോടെ അടച്ചിടും.

കോവിഡ് – 19 ബാധിച്ചവരിൽ ഇതുവരെ 8, 007 ആളുകളാണ് മരിച്ചിരിക്കുന്നത്. എന്നാൽ 82,030 പേർ രോഗ മുക്തരായി എന്നുള്ള വാർത്ത ആശ്വാസ ജനകമാണ്. നിലവിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൈന, ഇറ്റലി ഇറാൻ, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇവയിൽ ഫ്രാൻസ്, ചൈന, ഇറ്റലി, ഇറാൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലായാണ് വൈറസ് ബാധ മൂലമുണ്ടായ മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ ചെയ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്പ് രാത്രിയിൽ അതിർത്തികൾ അടച്ചതിന്റെ ഫലമായി ഏകദേശം 17 മൈലോളം നീളുന്ന ഗതാഗത കുരുക്കാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ സമ്മർദ്ദങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനായി ഹംഗറി തങ്ങളുടെ അതിർത്തികൾ തുറന്നു.

യൂറോപ്യൻ യൂണിയൻ ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, മറ്റു ആവശ്യ വസ്തുക്കൾ എന്നിവ ആവശ്യക്കാരിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ചൈനയ്ക്ക്‌ ശേഷം ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധയുടെ അളവ് 27, 980 ആയി. ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച നാലാമത്തെ രാജ്യമായ സ്പെയിനിൽ ഉണ്ടായ മരിച്ചവരുടെ എണ്ണം 491 ആയി ഉയർന്നു. എന്നാൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ച ചൈനീസ് നഗരമായ വുഹാനിൽ ഒരു പുതിയ കേസ് മാത്രമാണ് സ്ഥിരീകരിച്ചത് എന്നുള്ള വാർത്ത ഏവരിലും പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്