ബ്രിട്ടനില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെയുള്ള പ്രദേശങ്ങളുടെ മാപ്പ് പുറത്ത്. മെറ്റ് ഓഫീസിന്റെ ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് രേഖപ്പെടുത്തിയ പ്രദേശങ്ങളുടെ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഒരു മൈല്‍ വരെ കൃത്യതയോടെ ഇടിമിന്നല്‍ പ്രഹരം കണക്കാക്കാന്‍ കഴിയുന്ന സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഏതാനും മൈലുകള്‍ ചുറ്റളവില്‍ മിന്നലേല്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളെയും ഈ ഉപകരണത്തിന് കണ്ടെത്താനാകും. സമ്മര്‍ മാസങ്ങളിലാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ഇടിമിന്നലുകള്‍ ഉണ്ടാകാറുള്ളത്. ഈസ്റ്റ് ആംഗ്ലിയ, യോര്‍ക്ക്ഷയര്‍, സൗത്ത് വെയില്‍സിലെ ചില പ്രദേശങ്ങള്‍ എന്നിവയാണ് മാപ്പ് അനുസരിച്ച് യുകെയില്‍ മിന്നലേല്‍ക്കാന്‍ സാധ്യത ഏറെയുള്ള പ്രദേശങ്ങള്‍.

2017ല്‍ യുകെയില്‍ മിന്നല്‍ പ്രഹരമേറ്റ പ്രദേശങ്ങള്‍ മൊത്തം കണക്കിലെടുത്താന് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. 48,765 മിന്നലുകള്‍ കരയില്‍ ഏറ്റതായാണ് കണക്ക്. തീരക്കടലിലും ഉള്‍ക്കടലിലുമായി അസംഖ്യം ഇടിമിന്നലുകള്‍ ഏറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗത്ത് വെയില്‍സ്, നോര്‍ഫോക്ക് ആന്‍ഡ് സഫോക്ക് പ്രദേശത്തിന്റെ കിഴക്കന്‍ തീരം, കോണ്‍വാളിന്റെ ചില ഭാഗങ്ങള്‍, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നീ പ്രദേശങ്ങളുടെ ഭൂരിപക്ഷം മേഖലകള്‍ എന്നിവ ഇടിമിന്നല്‍ സാധ്യതാ പ്രദേശങ്ങളായി മാപ്പില്‍ സൂചിപ്പിക്കുന്നു. അതേസമയം സ്‌കോട്ട്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങള്‍ താരതമ്യേന മിന്നല്‍ മുക്ത മേഖലകളാണ്.

മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇടിമിന്നലുണ്ടാകാന്‍ സാധ്യതയേറെയുള്ള സമയം. മെയ് മാസത്തില്‍ 16,584 മിന്നല്‍ പ്രഹരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഒരു ദിവസം ശരാശരി 500 മിന്നലുകള്‍ വീതം ഈ പ്രദേശങ്ങളില്‍ പതിച്ചു. ഹെക്‌സഗണുകളുടെ ഗ്രിഡ് ആയി രാജ്യത്തെ വിഭജിച്ചുകൊണ്ടാണ് ഈ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ തെളിച്ചമുള്ള വലിയ ഡോട്ടുകള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മിന്നലേറ്റ പ്രദേശങ്ങളെ സൂചിപ്പിക്കുന്നുയ എറ്റിഡി നെറ്റ് (അറൈവല്‍ ടൈം ഡിഫറന്‍സ്) എന്ന പേരില്‍ അറിയപ്പെടുന്ന ഉപകരണമാണ് ഇടിമിന്നല്‍ സാധ്യതയുള്ള മേഖലകള്‍ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നത്. 11 സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മിന്നലുകളിലെ ഇലക്ട്രോ മാഗ്നറ്റിക് വികിരണങ്ങളാണ് ഇത് പരിശോധിക്കുന്നത്.